

ചെന്നൈ: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ നീതി തേടി നടത്തിയ ഹര്‍ത്താലിന് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്ത്. ഇന്ന് കേരളത്തില്‍ ദളിത്-ആദിവാസി സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ ജാതി അനീതിക്കെതിരെയുള്ള ശക്തവും അവശ്യവുമായ സമരമാണെന്ന് പാ രഞ്ജിത്ത് എക്‌സില്‍ കുറിച്ചു.
'നിതിന്‍ രാജിന്റെ സ്ഥാപനവല്‍കൃത മരണത്തില്‍ ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് ശിക്ഷിക്കണം. കേരളത്തിലും രാജ്യത്തെല്ലായിടത്തും രോഹിത് വെമുല നിയമം നടപ്പാക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവുമായ ഉന്നത വിദ്യാഭ്യാസ ഇടങ്ങള്‍ ഉണ്ടാകണം. നമ്മുടെ വിദ്യാഭ്യാസ അവകാശങ്ങളും ജീവിതവും നാം അന്തസോടെ സംരക്ഷിക്കണം. വിദ്യാഭ്യാസം നേടുക, സംഘടിപ്പിക്കുക, പ്രക്ഷോഭം നടത്തുക എന്ന ബാബാസാഹേബിന്റെ ആഹ്വാനം നമ്മുടെ പോരാട്ടത്തെ നയിക്കട്ടെ', പാ രഞ്ജിത്ത് പറഞ്ഞു.
നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സിലാണ് ഇന്ന് ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താല്‍ നടത്തിയത്. മരണത്തിന് ഉത്തരവാദികളായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുക, പ്രതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക, കുറ്റക്കാരനായ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് മോനിയെ പ്രതി ചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ചത്.
നിരവധി ജാതി അധിക്ഷേപ പരാതികള്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് നിന്ന് വന്നിട്ടും കോളേജില്‍ അത്തരം വിവേചന സമീപനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രതികള്‍ കുറ്റക്കാരല്ലെന്നുമുള്ള കണ്ണൂര്‍ ഡെന്റല്‍ കോളേജ് മാനേജ്‌മെന്റിന്റെ നിരുത്തരവാദപരമായ നിലപാടിനെതിരെ കൂടിയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞിരുന്നു.
Content Highlights: Nithin Raj Death director Pa Ranjith supports Hartal