നെടുങ്കണ്ടം കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു, അമ്മയെയും സഹോദരനെയും കൊന്നത് 3 കാരണങ്ങൾ കൊണ്ടെന്ന് പൊലീസ്

എങ്ങനെ കൊലപ്പെടുത്തി എന്ന് നിലവില്‍ പറയാന്‍ ആകില്ലെന്ന് ഇടുക്കി എസ്പി

നെടുങ്കണ്ടം കൊലപാതകം: പ്രതി സജി കുറ്റം സമ്മതിച്ചു, അമ്മയെയും സഹോദരനെയും കൊന്നത് 3 കാരണങ്ങൾ കൊണ്ടെന്ന് പൊലീസ്
dot image

ഇടുക്കി: നെടുങ്കണ്ടം ഇരട്ട കൊലപാതകത്തില്‍ പ്രതി സജി കുറ്റം സമ്മതിച്ചെന്ന് ഇടുക്കി എസ്പി കെ എം സാബു. മൂന്ന് കാരണത്താലാണ് അമ്മയെയും സഹോദരനെയും ഇയാള്‍ കൊലപ്പെടുത്തിയതെന്ന് എസ്പി മാധ്യമങ്ങളോട് പറഞ്ഞു. സ്വത്ത് തര്‍ക്കവും വിവാഹത്തിന് തടസ്സം നിന്നതും സജിയുടെ പിതാവിനെ ചൊല്ലിയുള്ള തര്‍ക്കവുമാണ് കൊലപാതക കാരണമെന്ന് കെ എം സാബു പറഞ്ഞു.

'കൃത്യം നടത്തിയത് നിലവില്‍ സജി മാത്രം എന്നാണ് നിഗമനം. എങ്ങനെ കൊലപ്പെടുത്തി എന്ന് നിലവില്‍ പറയാന്‍ ആകില്ല. പിതാവ് മാത്യുവിന്റെ തിരോധാനത്തില്‍ ആവശ്യമെങ്കില്‍ കേസ് പുനരന്വേഷിക്കും', അദ്ദേഹം പറഞ്ഞു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് കെ എം സാബു കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും വിശദമായ തെളിവെടുപ്പും ചോദ്യം ചെയ്യലും ആവശ്യമാണെന്നും എസ്പി വ്യക്തമാക്കി.

ഇന്നാണ് ഇരട്ടക്കൊല കേസില്‍ സജിയെ പൊലീസ് പിടി കൂടിയത്. മലമുകളില്‍ ഒളിച്ചിരുന്ന പ്രതി താഴേയുള്ള കടയ്ക്ക് സമീപത്തേക്ക് ഇറങ്ങി വരുന്നതിനിടയില്‍ നാട്ടുകാരാണ് ഇയാളെ ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പിടികൂടുകയായിരുന്നു. പിടികൂടിയ ഉടന്‍ തന്നെ എന്തുവേണമെങ്കിലും ചെയ്‌തോളുവെന്ന് സജി പൊലീസിനോട് പറഞ്ഞിരുന്നു. തനിക്ക് ഒരു തെറ്റുപറ്റിപ്പോയെന്നും കീഴടങ്ങുകയാണെന്നും ഇയാള്‍ നാട്ടുകാരോട് പറഞ്ഞു.

നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ ആദ്യം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാള്‍ മുന്നേ തയ്യാറാക്കി വച്ച ബാഗുമായി ഇറങ്ങി ഓടുകയായിരുന്നു. സജിയുടെ അമ്മ മേരിക്കുട്ടി, സഹോദരന്‍ റെജി എന്നിവരുടെ തിരോധാനത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിങ്കളാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് നാട്ടുകാരാണ് കണ്ടത്. ഉടനെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Content Highlights: Nedunkandam double murder case SP says sccused pleaded guilty

dot image
To advertise here,contact us
dot image