

തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. എന്തൊക്കെ ശ്രദ്ധിക്കണം എന്നതടക്കം വിശദമായ കുറിപ്പാണ് മുഖ്യമന്ത്രി പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്ത് പലയിടങ്ങളിലായി പാമ്പുകടിയേറ്റ് മൂന്ന് വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടത് അങ്ങേയറ്റം ദുഃഖകരമാണ്. ഇതില്‍ രണ്ടുപേര്‍ കുഞ്ഞുങ്ങളാണെന്നത് ആ ദുഃഖത്തിന്റെ ആഴം കൂട്ടുന്നു. ചൂട് വളരെ രൂക്ഷമായ ഈ കാലാവസ്ഥയില്‍ പാമ്പുകടി ഏല്‍ക്കാനുള്ള സാധ്യത സാധാരണയുള്ളതിനേക്കാള്‍ കൂടുതലാണ്. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കടുത്ത ചൂട് സഹിക്കാന്‍ കഴിയാതെ പാമ്പുകളും നവജാതരായ പാമ്പിന്‍ കുഞ്ഞുങ്ങളും മാളങ്ങള്‍ വിട്ട് പുറത്തിറങ്ങാന്‍ സാധ്യത കൂടുതലാണ്. വീടുകള്‍ക്ക് സമീപമുള്ള മാളങ്ങള്‍, വിള്ളലുകള്‍, പൊത്തുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ ആകര്‍ഷിക്കപ്പെടും.
എന്തൊക്കെ ശ്രദ്ധിക്കണം?
പരിസര ശുചീകരണം: വീടിനും ചുറ്റുമുള്ള കുറ്റിക്കാടുകള്‍, ചപ്പുചവറുകള്‍, പൊത്തുകള്‍, മാളങ്ങള്‍, വലിയ കല്ലുകള്‍ എന്നിവ നീക്കം ചെയ്യുക.
ഇരകളെ ആകര്‍ഷിക്കാതിരിക്കുക: ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് എലികള്‍ എത്തുന്നതും, വീടുകളില്‍ പക്ഷികളെ വളര്‍ത്തുന്നതും പാമ്പുകളെ ആകര്‍ഷിക്കാന്‍ കാരണമാകും. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക.
കുട്ടികളുടെ സുരക്ഷ: അവധിക്കാലമായതിനാല്‍ കുട്ടികള്‍ പറമ്പുകളിലും മൈതാനങ്ങളിലും കളിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. കളിയിടങ്ങളിലെ കുറ്റിക്കാടുകളും മറ്റും ഒഴിവാക്കണം.
വീടിനുള്ളിലെ ജാഗ്രത: വേനല്‍ക്കാലത്ത് ജനലുകളും വാതിലുകളും തുറന്നിടുമ്പോള്‍ പാമ്പുകള്‍ ഉള്ളില്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വീടിനുള്ളിലേക്ക് പാമ്പുകള്‍ എത്താന്‍ സാധ്യതയുള്ള വിടവുകള്‍, പൈപ്പുകള്‍ എന്നിവ അടക്കുകയും വള്ളിച്ചെടികള്‍, മരച്ചില്ലകള്‍ എന്നിവ നീക്കം ചെയ്യുകയും വേണം.
പാമ്പുകടിയേറ്റാല്‍ എന്ത് ചെയ്യണം?
ഒട്ടും വൈകാതെ, ആന്റിവെനം (Anti-venom) ചികിത്സാ സൗകര്യമുള്ള ഏറ്റവും അടുത്ത ആശുപത്രിയില്‍ രോഗിയെ എത്തിക്കുക.
രോഗിയെ പരിഭ്രാന്തരാക്കാതെ സമാധാനിപ്പിക്കുകയും, ശാരീരികായാസം ഒഴിവാക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.
സഹായത്തിന് വനം വകുപ്പ് സജ്ജം:
സര്‍പ്പ വോളന്റീയര്‍മാര്‍: പാമ്പുകളെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് വിടുന്നതിനായി വനം വകുപ്പ് പരിശീലിപ്പിച്ച 3600-ഓളം 'സര്‍പ്പ' വോളന്റീയര്‍മാര്‍ സംസ്ഥാനത്ത് 24 മണിക്കൂറും സജ്ജമാണ്.
സര്‍പ്പ ആപ്പ് (SARPA App): ഈ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വനം വകുപ്പിന്റെ 'SARPA' മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുക.
വിദ്യാര്‍ത്ഥികള്‍ക്കായി 'സര്‍പ്പപാഠം' എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികളും, വിദ്യാലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ 'സര്‍പ്പസുരക്ഷ' പദ്ധതിയും വനം വകുപ്പ് നടപ്പിലാക്കി വരുന്നു.
2020-ല്‍ ആരംഭിച്ച 'സര്‍പ്പ' പദ്ധതിയിലൂടെ പാമ്പുകടി മൂലമുള്ള മരണനിരക്ക് ഗണ്യമായി കുറയ്ക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഇത്തരം മരണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇതിനായി എല്ലാവരുടെയും പൂര്‍ണ്ണ സഹകരണവും ജാഗ്രതയും അഭ്യര്‍ത്ഥിക്കുന്നു.
Content Highlights- The Chief Minister expressed deep sorrow over the loss of three valuable lives due to snake bites and urged people to stay alert