

പത്തനംതിട്ട: ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കണ്ട് കരുനാഗപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ സി ആര്‍ മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തിയാണ് സി ആര്‍ മഹേഷ് കൂടിക്കാഴ്ച നടത്തിയത്. ഇക്കാര്യം സി ആര്‍ മഹേഷ് തന്നെയാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഇരിക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. 'ഏറെ കാലത്തിന് ശേഷം പ്രിയപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ കണ്ടുമുട്ടി' എന്നാണ് ചിത്രത്തോടൊപ്പം സി ആര്‍ മഹേഷ് കുറിച്ചത്. ഈ ചിത്രത്തിന് കമന്റുമായി രാഹുല്‍ മാങ്കൂട്ടത്തിലും രംഗത്തെത്തി. 'അത്രമേല്‍ പ്രിയപ്പെട്ടവന്‍, ചേര്‍ത്തുനിര്‍ത്തുന്നൊരുത്തന്‍' എന്നാണ് രാഹുല്‍, സി ആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കുറിച്ചത്.
പാലക്കാട് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. മൂന്ന് ലൈംഗികപീഡന പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിയെന്നുമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആദ്യത്തെ പരാതി. വധഭീഷണി മുഴക്കിയെന്നും തിരുവനന്തപുരം സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. രാഹുല്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖയും വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഉള്‍പ്പെടെ പുറത്തുവന്നിരുന്നു. ബെംഗളുരുവില്‍ താമസിക്കുന്ന ഇരുപത്തിമൂന്നുകാരിയാണ് രാഹുലിനെതിരെ രണ്ടാമത് പരാതി നല്‍കിയത്. തന്നെ പത്തനംതിട്ടയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാനും കേസില്‍ പ്രതിയാണ്.
കാനഡയില്‍ ജോലി ചെയ്യുന്ന യുവതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത് പരാതി നല്‍കിയത്. ക്രൂരമായി പീഡിപ്പിച്ചെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഈ പരാതിയില്‍ പൊലീസ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് മൂന്ന് കേസുകളിലും ഇയാള്‍ക്ക് മുൻകൂർ ജാമ്യം ലഭിച്ചു. രാഹുല്‍ മോശം സന്ദേശങ്ങള്‍ അയച്ചുവെന്ന് വെളിപ്പെടുത്തലുമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയും എഴുത്തുകാരിയും നടിയുമുള്‍പ്പെടെ നേരത്തെ രംഗത്തെത്തിയിരുന്നു.
Content Highlights: CR Mahesh MLA meets Rahul Mamkootathil, who is facing sexual harassment charges