'നാലുപേർ വീട്ടിലേക്ക് ഓടിവന്നു, തൊലി അടർന്ന് രക്തം നിലയ്ക്കാത്ത അവസ്ഥയായിരുന്നു'; മുണ്ടത്തിക്കോട്ടെ ദൃക്സാക്ഷി

രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു വീട്ടിലേക്ക് ഓടിക്കയറിയവരുടെ ശരീരങ്ങള്‍

'നാലുപേർ വീട്ടിലേക്ക് ഓടിവന്നു, തൊലി അടർന്ന് രക്തം നിലയ്ക്കാത്ത അവസ്ഥയായിരുന്നു'; മുണ്ടത്തിക്കോട്ടെ ദൃക്സാക്ഷി
dot image

തൃശൂര്‍: കണ്‍മുന്നില്‍ വലിയൊരു ദുരന്തം നടന്നതിന്റെ ഞെട്ടലില്‍ നിന്ന് മുണ്ടത്തിക്കോട് നിവാസികള്‍ ഇനിയും മുക്തരായിട്ടില്ല. അപകടത്തില്‍പ്പെട്ട നാലുപേര്‍ ഓടിയെത്തിയത് അപകടം നടന്ന വെടിക്കെട്ട് പുരയുടെ തൊട്ടടുത്തുളള അനീഷ് എന്നയാളുടെ വീട്ടിലേക്കായിരുന്നു. രക്തം വാര്‍ന്നൊഴുകുന്ന നിലയിലായിരുന്നു വീട്ടിലേക്ക് ഓടിക്കയറിയവരുടെ ശരീരങ്ങള്‍. ശരീരം പൊളളലേറ്റ് തൊലി അടര്‍ന്ന നിലയിലും. സാരമായി പരിക്കേറ്റ ഇവരെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തിന്റെ വ്യാപ്തി വിശദീകരിക്കുകയാണ് അനീഷിന്റെ അമ്മയുടെ സഹോദരി.

'മൂന്നുമണി കഴിഞ്ഞപ്പോഴാണ് സ്‌ഫോടനം നടന്നതുപോലെ ശബ്ദവും കുലുക്കവുമുണ്ടായത്. വീടിന്റെ ജനല്‍ എന്റെ പുറത്തേക്ക് വന്ന് ഇടിച്ചു. ഞങ്ങള്‍ പുറത്തേക്ക് ഓടിയപ്പോഴാണ് പടക്കപ്പുരയാണ് കത്തുന്നതെന്ന് മനസിലായത്. അപ്പോഴാണ് അവിടെനിന്ന് മൂന്ന് ചേട്ടന്മാര്‍ പറമ്പില്‍ നിന്ന് ഓടിവന്നത്. അവരുടെ ശരീരം മുഴുവന്‍ കത്തിയ നിലയിലായിരുന്നു. മുടിയൊന്നുമില്ലായിരുന്നു. ഇവിടെ നഴ്‌സുമാരുണ്ടോ എന്ന് ചോദിച്ചായിരുന്നു ഓടിയെത്തിയത്. എന്റെ മകളും ചേച്ചിയുടെ മരുമകളും നഴ്‌സുമാരാണ്. അവര്‍ രണ്ടുപേരും ചേര്‍ന്ന് വീട്ടിലെത്തിയവരെ കസേരയിലിരുത്തി വെളളമൊക്കെ കൊടുത്തു. പ്രാഥമിക ചികിത്സ കൊടുക്കാന്‍ ശ്രമിച്ചു. അവരുടെ ശരീരത്തില്‍ നിന്ന് രക്തം നില്‍ക്കുന്നുണ്ടായിരുന്നില്ല. അതിനിടെ ഒരു പയ്യന്‍ കൂടി ഓടിവന്നു. അവന്റെ തല മുഴുവന്‍ കരിഞ്ഞ നിലയിലായിരുന്നു. ചെവി കേള്‍ക്കുന്നില്ല എന്ന് പറഞ്ഞു. അവന്‍ ധരിച്ചിരുന്ന ടീ ഷര്‍ട്ട് ഊരുമോ എന്ന് ചോദിച്ചു. ഊരാന്‍ ശ്രമിച്ചപ്പോഴേക്കും തൊലി അടര്‍ന്ന് കയ്യിലേക്ക് വരുന്ന സ്ഥിതിയായിരുന്നു'- എന്നാണ് അവർ പറഞ്ഞത്.

അതേസമയം, തൃശൂർ മുണ്ടത്തിക്കോട്ടെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ലെന്നാണ് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) വിലയിരുത്തല്‍. ചൂടുമൂലം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിതെറിക്കാന്‍ സാധ്യത കുറവാണെന്ന് പെസോയുടെ നിഗമനം. ഷോട്ട് സര്‍ക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ് പരിശോധന നടത്തുമെന്നും പെസോ വ്യക്തമാക്കി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ ശേഷമാണ് പെസോ ഉദ്യോഗസ്ഥര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ വൈകുന്നേരം (ഏപ്രിൽ 21) മൂന്നുമണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി  സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. 

Content Highlights:Victims skin was burnt and peeling,'; Eyewitness from Mundathikkode Firework tragedy

dot image
To advertise here,contact us
dot image