

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത് മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ. പൊലീസിന്റെ കയ്യിൽ പെടാതിരിക്കാൻ അതീവ ജാഗ്രതയോടെയാണ് വിനീഷ് നീങ്ങിയിരുന്നത് എന്ന് പൊലീസിന്റെ അന്വേഷണം വ്യക്തമാക്കുന്നുണ്ട്.
മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് നേരത്തെയും ചാടിയിട്ടുള്ള വിനീഷ് 2025 ഡിസംബർ 28നാണ് കുതിരവട്ടത്ത് നിന്നും രക്ഷപ്പെടുന്നത്. മുംബൈയിലേക്ക് കടന്ന ഇയാൾ ഇവിടെ പലവിധ ജോലികൾ ചെയ്ത് ഒളിച്ചു കഴിയുകയായിരുന്നു.
പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. നാല് ഭാഷകളിൽ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. വിനീഷ് മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും ആരെയും ബന്ധപ്പെടാൻ ശ്രമിക്കാത്തതും പൊലീസിന് വലിയ വെല്ലുവിളിയായിരുന്നു. ഇയാൾ എവിടേക്കാണ് പോയത് എന്നറിയാതെ പൊലീസ് കുഴുങ്ങിനിൽക്കേ മുംബൈയിലുള്ള ഒരു ബന്ധുവിനെ ബന്ധപ്പെടാൻ വിനീഷ് ശ്രമിച്ചു. അങ്ങനെയാണ് പ്രതിയുടെ ടവർ ലൊക്കേഷൻ പൊലീസിന് ലഭിക്കുന്നത്.
ഉടൻ മുംബൈയിൽ എത്തിയെങ്കിലും വിനീഷിനെ കണ്ടെത്താൻ പൊലീസിനായില്ല. പല രീതിയിൽ പൊലീസ് മുംബൈയിലെല്ലാം അന്വേഷിച്ചു. പക്ഷെ വിനീഷ് കയ്യിൽ പെട്ടില്ല. രണ്ട് മാസത്തോളമായി പ്രത്യേക അന്വേഷണ സംഘം മുംബെയിൽ വിനീഷിനായി അന്വേഷണം നടത്തി വരികയായിരുന്നു. ഇതിനിടെ പ്രതി മറ്റൊരാളുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ചതാണ് ഇയാളെ കണ്ടെത്താൻ സഹായിച്ചത്. പൊലീസ് പിടികൂടാനെത്തുമ്പോൾ ഇയാൾ ബോട്ടിൽ മത്സ്യത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു.
ഇന്ന് വിനീഷിനെ കോഴിക്കോട്ട് എത്തിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനം നടത്തി വിശദമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
2021ലാണ് പെരിന്തൽമണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. പ്രണയം നിരസച്ചതിലുള്ള വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം. ദൃശ്യയുടെ അച്ഛന്റെ കടക്ക് തീയിട്ട് ശ്രദ്ധ തിരിച്ചതിന് ശേഷം ആയിരുന്നു വിനീഷ് ക്രൂരമായ കൊലപാതകം നടത്തിയത്. തടയാനെത്തിയ സഹോദരിക്കും പരിക്കേറ്റിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയതിനു പിറകെ കുടുംബത്തെയാകെ ഇല്ലാതാക്കുമെന്ന് വിനീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വിനീഷ് മാനസികാരോഗ്യകേന്ദ്രത്തിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ജീവനിൽ ഭയമുണ്ടെന്ന് ദൃശ്യയുടെ അമ്മയടക്കം പ്രതികരിച്ചിരുന്നു.
ദൃശ്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ തന്നെ വിനീഷിനെ പൊലീസ് പിടികൂടിയിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന പ്രതിയെ മാനസിക അസ്വസ്ഥ പ്രകടിപ്പിച്ചതോടെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. 2022ലാണ് ഇയാൾ ആദ്യം രക്ഷപ്പെട്ടത്. തനിച്ചാണ് ഇയാൾ ശുചിമുറിയുടെ ചുമര് തുരന്ന് ചുറ്റുമതിൽ ചാടികടന്ന് പുറത്തെത്തിയത്. അന്ന് കർണാടകയിൽ നിന്നായിരുന്നു ഇയാളെ പിടികൂടിയത്.
പിന്നീടാണ് 2025 ഡിസംബറിൽ വിനീഷ് വീണ്ടും ചാടുന്നത്. ഒരു തവണ കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ട പ്രതിയായിട്ടും വേണ്ടത്ര സുരക്ഷയില്ലാതെ പ്രതിയെ പാർപ്പിച്ചതിൽ വിമർശനം ശക്തമായിരുന്നു. ചായ കുടിക്കാൻ നൽകിയ ഗ്ലാസ് ഉപയോഗിച്ച് ടൈൽ ഇളക്കി അതിന് ശേഷം ഭിത്തി തുരന്നാണ് അന്ന് വിനീഷ് രക്ഷപ്പെട്ടത്.
Content Highlights: Drishya murder case cuprit vineesh escaped from mental hospital caught by police from Mumbai