

ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ശനിയാഴ്ചയാണ് പ്രവേശിപ്പിച്ചത്. 92 വയസാണ് താരത്തിന്. നിലവില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ് ആശാ ഭോസ്ലെ എന്നാണ് റിപ്പോര്‍ട്ട്. താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നിലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് യൂണിറ്റില്‍ ചികിത്സയിലാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗായികയുടെ ചെറുമകള്‍ സനായി ഭോസ്ലെ ഇന്‍സ്റ്റാഗ്രാമില്‍ താരത്തിന്റെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെച്ചു. 'എന്റെ മുത്തശ്ശി ആശാ ഭോസ്ലെയെ അമിത ക്ഷീണവും നെഞ്ചിലെ അണുബാധയും കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ചികിത്സ തുടരുകയാണ്, എല്ലാം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു, പോസിറ്റീവായിട്ടുള്ള വാര്‍ത്ത ഉടനെ അറിയിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- സനാ ഭോസ്‌ലെ.
1933 സെപ്റ്റംബര്‍ 8 ന് ജനിച്ച ആശാ ഭോസ്ലെ, ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യന്‍ സിനിമാ പിന്നണി സംഗീത ലോകത്ത് സജീവമാണ്. നിരവധി സിനിമകളിലായി ആയിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Content Highlights: Singer Asha Bhosle admitted to hospital after suffering a heart attack