

നമ്മൾ പുതിയൊരു വണ്ടിയെടുക്കാൻ ഷോറൂമിൽ പോകുമ്പോൾ അവർ തരുന്ന ബില്ലിൽ വലിയൊരു തുക ഇൻഷുറൻസിനായി ചേർത്തിട്ടുണ്ടാകും. അവിടെ നിന്ന് തന്നെ ഇൻഷുറൻസ് എടുക്കണമെന്ന് അവർ നിർബന്ധിക്കുകയും ചെയ്യും. എന്നാൽ ഇതിന് പിന്നിൽ ചില കാര്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ട്.

ഇത് നിയമപരമായി നിർബന്ധമല്ല
പുതിയ വണ്ടി വാങ്ങുമ്പോൾ ഡീലറുടെ പക്കൽ നിന്ന് തന്നെ ഇൻഷുറൻസ് എടുക്കണമെന്ന് ഇന്ത്യയിൽ ഒരു നിയമവുമില്ല. നിങ്ങൾക്ക് പുറത്തുള്ള ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ പോളിസി എടുക്കാൻ പൂർണ്ണ അവകാശമുണ്ട്.പിന്നെ ഡീലർമാർ നിങ്ങളെ നിർബന്ധിക്കുന്നത് എന്തുകൊണ്ടാണ് ? ഓരോ ഇൻഷുറൻസ് പോളിസി വിൽക്കുമ്പോഴും ഡീലർമാർക്ക് വലിയൊരു തുക കമ്മീഷൻ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് പുറത്തുനിന്ന് ഇൻഷുറൻസ് എടുത്താൽ വണ്ടിക്ക് ഡിസ്കൗണ്ട് തരില്ലെന്നോ, വണ്ടി ഡെലിവറി ചെയ്യാൻ വൈകുമെന്നോ ഒക്കെ പറഞ്ഞ് അവർ നിങ്ങളെ നിർബന്ധിക്കുന്നത്. ഇത് തെറ്റായ പ്രവണതയാണ്.
പുറത്തുനിന്ന് എടുത്താൽ ലാഭമുണ്ടോ?
ഷോറൂമിൽ പറയുന്ന തുകയെക്കാൾ 20% മുതൽ 40% വരെ കുറഞ്ഞ നിരക്കിൽ ഓൺലൈനായോ മറ്റ് ഏജന്റുമാർ വഴിയോ നിങ്ങൾക്ക് ഇൻഷുറൻസ് ലഭിച്ചേക്കാം. ഉദാഹരണത്തിന്, ഷോറൂമിൽ 50,000 രൂപ ചോദിക്കുന്ന ഇൻഷുറൻസ് പുറത്ത് ചിലപ്പോൾ 35,000 രൂപയ്ക്ക് ലഭിക്കും.പുറത്തുനിന്ന് ഇൻഷുറൻസ് എടുത്താൽ പിന്നീട് ക്ലെയിം കിട്ടാൻ ബുദ്ധിമുട്ടാകും എന്ന് പല ഡീലർമാരും പറയാറുണ്ട്. എന്നാൽ ഇത് വെറും പേടിപ്പിക്കൽ മാത്രമാണ്. ഏത് ഇൻഷുറൻസ് കമ്പനിയാണോ നിങ്ങൾ തിരഞ്ഞെടുത്തത്, അവരുമായി കരാറുള്ള ഏത് ഗാരേജിലും നിങ്ങൾക്ക് ക്യാഷ്‌ലെസ്സ് സൗകര്യം ലഭിക്കും.

ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ടത്
വണ്ടി ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ ഇൻഷുറൻസ് ഞാൻ പുറത്തുനിന്ന് എടുത്തോളാം എന്ന് വ്യക്തമായി പറയുക.പുറത്തുള്ള വിവിധ കമ്പനികളുടെ ഇൻഷുറൻസ് നിരക്കുകൾ താരതമ്യം ചെയ്യുക.ഉദാഹരണത്തിന് പോളിസി ബസാർ പോലുള്ള സൈറ്റുകൾ ഇതിനായി ഉപയോഗിക്കാം. ഡീലർ തരുന്ന ഇൻഷുറൻസിലെ അതേ ആനുകൂല്യങ്ങൾ പുറത്തുനിന്ന് എടുക്കുന്ന പോളിസിയിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക.വണ്ടി ഷോറൂമിൽ നിന്ന് വാങ്ങാം, പക്ഷേ ഇൻഷുറൻസ് എവിടെ നിന്ന് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. ആയിരക്കണക്കിന് രൂപ ലാഭിക്കാൻ ഇത് നിങ്ങളെ സഹായിക്കും.
Content highlights: Is it mandatory to buy insurance from the dealer itself when buying a car or a bike?