

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ശ്രദ്ധ നേടിയ മണ്ഡലമായ അമ്പലപ്പുഴയില്‍ ജയിക്കാനും തോല്‍ക്കാനുമുള്ള സാധ്യത പങ്കുവെച്ച് സിപിഐഎം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മണ്ഡലം കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് കൈമാറിയത് രണ്ടു കണക്കുകളാണ്. സിപിഐഎം സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ എച്ച് സലാം 3800ല്‍ പരം വോട്ടുകള്‍ക്ക് ജയിക്കുകയോ, 1800 വോട്ടുകള്‍ക്ക് പിന്നില്‍ പോവുകയോ ചെയ്യുമെന്നാണ് മണ്ഡലം കമ്മിറ്റിയുടെ കണക്ക്.
പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ജി സുധാകരന്‍ സിപിഐഎമ്മില്‍ നിന്ന് രാജിവെച്ച് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മണ്ഡലമാണ് അമ്പലപ്പുഴ. വലിയ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്കാണ് ഈ കൂടുമാറ്റം വഴിവെച്ചിരുന്നത്. അതുകൊണ്ട് തന്നെ പാര്‍ട്ടി വോട്ടുകള്‍ വിഭജിക്കപ്പെടുമോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍, അമ്പലപ്പുഴയില്‍ ബിജെപി വോട്ടുകള്‍ കണക്കാക്കാന്‍ കഴിയാത്തതിനാലാണ് രണ്ട് കണക്കുകള്‍ കൈമാറിയിരിക്കുന്നത്. അരുണ്‍ അനിരുദ്ധന്‍ ആണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
2006, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ ജി സുധാകരന്‍ ജയിച്ച മണ്ഡലമാണ് അമ്പലപ്പുഴ. പിന്നീട് 2021ല്‍ 11125 വോട്ടിന്റെ ഭൂരിപക്ഷം നേടിക്കൊണ്ടായിരുന്നു എച്ച് സലാം എംഎല്‍എ ആയത്. ഇത്തവണ വിജയിച്ചാലും ആ ഭൂരിപക്ഷത്തിന്റെ അടുത്ത എത്തില്ലെന്നാണ് സിപിഐഎം കണക്കുകൂട്ടുന്നത്.
ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള കണക്കുകൂട്ടലുകള്‍ ജില്ലാ കമ്മിറ്റിയ്ക്ക് മണ്ഡലം കമ്മിറ്റികള്‍ കൈമാറിയിട്ടുണ്ട്. ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ഏഴിലും ജയിക്കുമെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. കുട്ടനാടും ഹരിപ്പാടും തോല്‍ക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
അരൂര്‍, അമ്പലപ്പുഴ, ആലപ്പുഴ, കായംകുളം മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷം മാത്രമായിരിക്കും ലഭിക്കുക. അരൂര്‍ 1700, അമ്പലപ്പുഴ 3800, ആലപ്പുഴ 2700, കായംകുളം 6000 എന്നിങ്ങനെയാണ് ഭൂരിപക്ഷം കണക്കാക്കുന്നത്. മൂന്ന് മണ്ഡലങ്ങളിലാണ് വലിയ ഭൂരിപക്ഷം നേടുമെന്ന് സിപിഐഎം കണക്കുകൂട്ടുന്നത്. ചെങ്ങന്നൂര്‍ 21000, മാവേലിക്കര 18000, ചേര്‍ത്തല 18000 എന്നിങ്ങനെയാണ് ഈ വിജയപ്രതീക്ഷകള്‍. കുട്ടനാട്ടില്‍ 700 വോട്ടുകള്‍ക്ക് തോല്‍ക്കും. ബൂത്ത് അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കണക്കുകള്‍ മണ്ഡലം കമ്മിറ്റികള്‍ കൈമാറി.
2021ലെ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫായിരുന്നു ജയിച്ചത്. എന്നാല്‍ ഇത്തവണ കുട്ടനാട് കൂടി കൈവിട്ടുപോകുമെന്നാണ് സിപിഐഎം കരുതുന്നത്. സിറ്റിങ് എംഎല്‍എയായ എന്‍സിപിയുടെ തോമസ് കെ തോമസാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. റെജി ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയ്ക്കായി മത്സരിക്കുന്നത് സന്തോഷ് ശാന്തിയാണ്.
Content Highlights: Communist Party of India (Marxist) is assessing its prospects in the Ambalappuzha constituency. Internal evaluations suggest a tight contest, with both winning and losing scenarios. G Sudhakaran might become a crucial factor