ഇവിഎം കംപാര്‍ട്ട്‌മെന്റില്‍ അനുയായി എത്തി; കെ സുധാകരന്‍ വോട്ട് ചെയ്തതില്‍ ചട്ടലംഘനമെന്ന് പരാതി

ജയന്ത് ദിനേശും കൂടെപ്പോവുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നാണ് യുവമോര്‍ച്ച പരാതിയില്‍ പറയുന്നത്

ഇവിഎം കംപാര്‍ട്ട്‌മെന്റില്‍ അനുയായി എത്തി; കെ സുധാകരന്‍ വോട്ട് ചെയ്തതില്‍ ചട്ടലംഘനമെന്ന് പരാതി
dot image

കണ്ണൂര്‍: കെ സുധാകരന്‍ വോട്ട് ചെയ്തതില്‍ ഗുരുതര ചട്ടലംഘനം നടന്നതായി പരാതി. ഇവിഎം കംപാര്‍ട്ട്‌മെന്റിലേക്ക് കെ സുധാകരന്റെ അനുയായി ജയന്ത് ദിനേശ് എത്തി. അനധികൃതമായി ഇവിഎം കംപാര്‍ട്ട്‌മെന്റില്‍ പ്രവേശിച്ച് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചെന്ന് കാട്ടി യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. രഹസ്യവോട്ടെടുപ്പെന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്നാണ് കെ ഷിജില്‍ നല്‍കിയ പരാതിയിലെ ആരോപണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതമാണ് ഷിജില്‍ പരാതി നല്‍കിയത്.

കണ്ണൂര്‍ കീഴുന്ന സൗത്ത് യുപി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് കെ സുധാകരന്‍ വോട്ട് ചെയ്തത്. വോട്ട് ചെയ്യാനെത്തിയപ്പോള്‍ അദ്ദേഹത്തിനൊപ്പം അനുയായി ജയന്ത് ദിനേശ് ഉണ്ടായിരുന്നു. രേഖകള്‍ പോളിംഗ് ഉദ്യോഗസ്ഥരെ കാണിച്ച് ഇവിഎം കംപാര്‍ട്ട്‌മെന്റിന് സമീപത്തേക്ക് പോകുമ്പോള്‍ ജയന്ത് ദിനേശും കൂടെപ്പോവുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു എന്നാണ് യുവമോര്‍ച്ച പരാതിയില്‍ പറയുന്നത്. ഇവിഎം കംപാര്‍ട്ട്‌മെന്റിനടുത്തേക്ക് ആര്‍ക്കും പോകാന്‍ അനുവാദമില്ല. ഓപ്പണ്‍ വോട്ട് ചെയ്യുകയാണെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് പോകാന്‍ അനുമതിയുളളു. സുധാകരന്‍ സഹായി വോട്ടല്ല ചെയ്തത്. അതിനാല്‍ ഗുരുതര ചട്ടലംഘനമാണ് നടന്നതെന്നാണ് ആരോപണം.

Content Highlights: Complaint against k sudhakaran voting; his supported jayanth dinesh near evm compartment

dot image
To advertise here,contact us
dot image