'മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണം'

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ കോൺഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കുമെന്നും കെ സി ജോസഫ്

'മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണം'
dot image

കൊച്ചി: മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പരസ്യമായ അഭിപ്രായ പ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ്സ് നേതാക്കൾ പിന്തിരിയണമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ സി ജോസഫ്. യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളെ വേദനിപ്പിക്കാനും നിരാശരാക്കാനും തയാറാകാതിരിക്കുന്നതാണ് ഉചിതമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ കെ സി ജോസഫ് മുന്നറിയിപ്പ് നൽകുന്നുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വ്യവസ്ഥാപിതമായ മാർഗ്ഗങ്ങൾ കോൺഗ്രസ്സിനുണ്ട്. അത് യഥാസമയം അതിന്റെ വഴിക്ക് നടക്കും. അതേപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ സി ജോസഫ് ചൂണ്ടിക്കാണിച്ചു.

യുഡിഎഫിനുള്ള വിജയം എല്ലാവരുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച കെ സി ജോസഫ് യുഡിഎഫിനെ നയിച്ചവർക്കും അനുകൂലിച്ചവർക്കും എല്ലാം ഈ വിജയത്തിൽ പങ്കുണ്ടെന്നും വ്യക്തമാക്കി. ഒറ്റക്കെട്ടായി, ഒരേ മനസ്സോടെ യു ഡി എഫ് മുന്നോട്ടു പോകണമെന്ന ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ദയവായി ആരും മങ്ങലേൽപ്പിക്കരുതെന്നും ഫേസ്ബുക്ക് കുറിപ്പിൽ കെ സി ജോസഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

എറണാകുളം ഡിഡിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസായിരുന്നു തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രി ചർച്ച തുടങ്ങിവെച്ചത്. മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്ന് വേണമെന്നാണ് വ്യക്തിപരമായി ആ​ഗ്രഹിക്കുന്നതെന്നായിരുന്നു മുഹമ്മദ് ഷിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ ഷിയാസിനെ തിരുത്തി കെപിസിസി വൈസ് പ്രസിഡൻ്റും കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ എം ലിജു രം​ഗത്തെത്തിയിരുന്നു. ഷിയാസിന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുഹമ്മദ് ഷിയാസ് എറണാകുളം ഡിസിസി പ്രസിഡന്റായതിനാൽ അഭിപ്രായത്തിന് പിന്നിൽ പ്രാദേശികമായ വികാരമായിരിക്കുമെന്നുമായിരുന്നു ലിജുവിൻ്റെ പ്രതികരണം. തീരുമാനം ഹൈക്കമാൻഡ് പറയും. ആരാണ് മുഖ്യമന്ത്രി എന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും എം ലിജു പ്രതികരിച്ചിരുന്നു.

മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് മുതിർന്ന നേതാവ് വി എം സുധീരനും പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ കോൺഗ്രസിന് ഒരു രീതിയുണ്ട് ആ രീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോകും ഹൈക്കമാൻഡ‍് കൃത്യമായ തീരുമാനം എടുക്കും എന്നായിരുന്നു വി എം സുധീരൻ്റെ പ്രതികരണം. മുഖ്യമന്ത്രി ആരായിരിക്കും എന്ന ചർച്ചയിലേക്ക് അനാവശ്യമായി പോയി ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്ന് കെ മുരളീധരനും പ്രതികരിച്ചിരുന്നു.

Content Highlights: Senior Congress leader KC Joseph has called on party leaders in Kerala to refrain from making public statements about the Chief Minister's post ahead of the 2026 assembly elections. He warned that such open discussions could harm party unity and distract from the main campaign focus.

dot image
To advertise here,contact us
dot image