ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി; ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എത്തിക്കുന്നു

ചെങ്കുത്തായ മലനിരകളിലെ വളരെ ദുഷ്‌കരമായ വഴികളിലൂടെയാണ് ദൗത്യസംഘം മൃതദേഹം നിരത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്.

ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി; ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എത്തിക്കുന്നു
dot image

ബെംഗളൂരു:ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം പുറത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മലയുടെ താഴ്‌വാരത്തില്‍ നിന്ന് മൃതദേഹം പുറത്ത് എത്തിക്കുന്നത്. ശ്രീനന്ദയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലാണ്. മരങ്ങളില്‍ കൊണ്ട് കീറിയതാകാം എന്നാണ് പ്രാഥമിക നിഗമനം.

ചെങ്കുത്തായ മലനിരകളിലെ വളരെ ദുഷ്‌കരമായ വഴികളിലൂടെയാണ് ദൗത്യസംഘം മൃതദേഹം നിരത്തിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. മൃതദേഹം പുറത്ത് എത്തിച്ച ശേഷം ആംബുലന്‍സില്‍ ചിക്കമഗളൂരു സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കും. ഇവിടെ വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തും. ശേഷമേ യഥാര്‍ത്ഥ മരണകാരണം കണ്ടെത്താനാകു.

ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. അവധിക്കാലത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ശ്രീനന്ദ. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പമായിരുന്നു ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്.

മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും ശ്രീനന്ദയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

പിന്നാലെ തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. പിന്നീട് പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ശ്രീനന്ദയ്ക്കായി തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്.

ഒടുവില്‍ നാലം ദിവസം മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

Content Highlights: Malayali girl Sreenandha who gone missing in Chikkamagaluru found dead and task force is trying to bring out her dead body

dot image
To advertise here,contact us
dot image