

കൊച്ചി: കേരളത്തില്‍ 17 മണ്ഡലങ്ങളില്‍ പ്രവചനാതീതമായ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതായി റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് പ്രവചനം. എല്‍ഡിഎഫിന് 68 മുതല്‍ 84വരെ സീറ്റുകളില്‍ മുന്‍തൂക്കം പ്രവചിക്കുന്ന റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് നല്‍കുന്ന സൂചന പ്രകാരം കേരളം ആര് ഭരിക്കുമെന്നതില്‍ നിര്‍ണ്ണായകമാകുക ബലാബലം മത്സരം നടക്കുന്ന ഈ 17 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലമാകും. ഇതില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഇഞ്ചേടിഞ്ച് പോരാട്ടം നടക്കുന്ന 14 മണ്ഡലങ്ങളാണ് ട്രെന്‍ഡ് പ്രവചിക്കുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ നേരിട്ടുള്ള മത്സരം നടക്കുന്ന ഒരു മണ്ഡലവും യുഡിഎഫും എന്‍ഡിഎയും തമ്മില്‍ കനത്ത പോരാട്ടം നടക്കുന്ന രണ്ട് മണ്ഡലങ്ങളും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഒരു മണ്ഡലവുമാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നത്.
എല്‍ഡിഎഫ്-യുഡിഎഫ് ബലാബലം 14 മണ്ഡലങ്ങളില്‍
പേരാവൂര്‍, നാദാപുരം, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, തിരൂര്‍, തവനൂര്‍, തൃത്താല, കോങ്ങാട്, കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം, ആറന്മുള, കുന്നത്തൂര്‍, ചടയമംഗലം എന്നീ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫും യുഡിഎഫും ബലാബലം മത്സരം നടക്കുന്നത്. ഇതില്‍ പേരാവൂര്‍, തൃത്താല, തിരൂര്‍, തവനൂര്‍, ആറന്മുള മണ്ഡലങ്ങളിലെ പോരാട്ടമാണ് ശ്രദ്ധേയം.
പേരാവൂര്‍
എല്‍ഡിഎഫിലെയും യുഡിഎഫിലെയും വമ്പന്മാര്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് പേരാവൂര്‍. കെപിസിസി പ്രസിഡന്റും സിറ്റിംഗ് എംഎല്‍എയുമായ സണ്ണി ജോസഫും ഇടതുപക്ഷത്തിന്റെ മുന്‍നിര നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയുമാണ് ഇവിടെ നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. 2021ല്‍ മട്ടന്നൂരില്‍ വമ്പന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച ശേഷമാണ് ഇത്തവണ പേരാവൂരിലേക്ക് അംഗത്തിന് കെ കെ ശൈലജ എത്തുന്നത്. 2006ല്‍ പേരാവൂരിന്റെ എംഎല്‍എയായിരുന്ന കെ കെ ശൈലജ 2011ല്‍ സണ്ണി ജോസഫിനോട് പരാജയപ്പെട്ടിരുന്നു. വികസനപ്രവര്‍ത്തനങ്ങളാകും ഇരു സ്ഥാനാര്‍ത്ഥികളും ഇവിടെ ഉയര്‍ത്തിക്കാണിക്കുന്നത്. അവയെ 15 വര്‍ഷമായി എംഎല്‍എയായി തുടരുന്ന തന്റെ നേട്ടമായി സണ്ണി ജോസഫും പത്ത് വര്‍ഷം നീണ്ട എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണനേട്ടമായി കെ കെ ശൈലജയും അവതരിപ്പിക്കുന്നുണ്ട്. 2021ല്‍ യുഡിഎഫിന് 46.93 ശതമാനവും എല്‍ഡിഎഫിന് 44.7 ശതമാനവുമായിരുന്നു വോട്ട് ലഭിച്ചത്. ആറ് ശതമാനം മാത്രമായിരുന്നു എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ട്. പൈലി വാതിയാട്ടാണ് ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുന്നത്.
നാദാപുരം
വര്‍ഷങ്ങളായി സിപിഐയുടെ മണ്ഡലമായി തുടരുന്ന നാദാപുരത്ത് ഇത്തവണ എല്‍ഡിഎഫിനായി മത്സരരംഗത്ത് ഇറങ്ങുന്നത് അഡ്വ. പി വസന്തമാണ്. മൂന്ന് തവണ എംഎല്‍എയായ ഇ കെ വിജയന്റെ പിന്‍ഗാമിയായണ് അഡ്വ. പി വസന്തം എത്തുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സിപിഐയ്ക്കുള്ളില്‍ തന്നെ അതൃപ്തി ഉടലെടുത്തതാണ് ഇത്തവണ നാദാപുരം ഇടതിന്റെ കൈവിട്ടുപോകുമോ എന്ന ചോദ്യമുയര്‍ത്തുന്നത്. യുവനേതാവായ കെ എം അഭിജിത്തിനെ രംഗത്ത് ഇറക്കുന്നത് കോണ്‍ഗ്രസിന് ഗുണമായേക്കാം. 2021ലെ തെരഞ്ഞെടുപ്പില്‍ 47.2 ശതമാനമാണ് എല്‍ഡിഎഫ് നേടിയ വോട്ട്. 45.6 ശതമാനം വോട്ട് നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അഡ്വ. കെ പ്രവീണ്‍കുമാര്‍ നേടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി പി വിപിന്‍ ചന്ദ്രനാണ് മത്സരിക്കുന്നത്.
കൊയിലാണ്ടി
46.66 ശതമാനം വോട്ട് നേടിക്കൊണ്ടാണ് 2021ല്‍ കാനത്തില്‍ ജമീല കൊയിലാണ്ടിയില്‍ വിജയിക്കുന്നത്. അര്‍ബുദം വലച്ചപ്പോഴും ജനപ്രതിനിധി എന്ന നിലയില്‍ സജീവമായിരുന്നു കാനത്തില്‍ ജമീല. അവരുടെ മരണം ഇടത് രാഷ്ട്രീയത്തില്‍ മാത്രമല്ല കൊയിലാണ്ടിയുടെ ജനങ്ങളുടെ മനസിലും വലിയ ശൂന്യതയായിരുന്നു സൃഷ്ടിച്ചത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ കാനത്തില്‍ ജമീല നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പാക്കുമെന്ന് ഉയര്‍ത്തിക്കാണിച്ചാണ് എല്‍ഡിഎഫ് മുന്‍ എംഎല്‍എ കൂടിയായ കെ ദാസനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസിന്റെ മണ്ഡലമായിരുന്ന കൊയിലാണ്ടിയെ തിരിച്ചുപിടിക്കുക എന്ന ദൗത്യവുമായാണ് അഡ്വ. കെ പ്രവീണ്‍കുമാര്‍ എത്തുന്നത്. 2021ല്‍ യുഡിഎഫിനായി രംഗത്തിറങ്ങിയ എന്‍ സുബ്രഹ്‌മണ്യന്‍ നേടിയ 41.43 എന്ന വോട്ട് ശതമാനം വര്‍ധിപ്പിച്ച് വിജയം നേടുക എന്നതാകും പ്രവീണ്‍ കുമാര്‍ ലക്ഷ്യം വെക്കുന്നത്. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ തമ്മില്‍ ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണയാണ് എന്‍ഡിഎയ്ക്കായി എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 10 ശതമാനമായിരുന്നു എന്‍ഡിഎ കൊയിലാണ്ടിയില്‍ നേടിയ വോട്ട് ശതമാനം.
കോഴിക്കോട് നോര്‍ത്ത്
എല്‍ഡിഎഫിന്റെ തോട്ടത്തില്‍ രവീന്ദ്രനും യുഡിഎഫിന്റെ കെ ജയന്തും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ നടത്തുക. മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് ഒപ്പമാണ് കോഴിക്കോട് നോര്‍ത്ത് നിന്നിട്ടുള്ളത്. പക്ഷെ ഇത്തവണ യുഡിഎഫ് അവിടെ വെന്നിക്കൊടി പാറിക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാകില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 12000ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോട്ടത്തില്‍ രവീന്ദ്രന്‍ ജയിച്ചത്. 42.98 ശതമാനം വോട്ടായിരുന്നു എല്‍ഡിഎഫ് നേടിയത്. 33.58 ശതമാനമായിരുന്നു യുഡിഎഫിന്റെ വോട്ട് ശതമാനം. സിറ്റിംഗ് എംഎല്‍എയായ തോട്ടത്തില്‍ രവീന്ദ്രന്‍ മണ്ഡലത്തില്‍ വലിയ രീതിയില്‍ സജീവമല്ലായിരുന്നു എന്ന വിമര്‍ശനങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇത് യുഡിഎഫ് ക്യാമ്പിന് ഗുണകരമായേക്കും. 2021ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ബിജെപി ഇത്തവണ നേടിയാല്‍ അത് ബാധിക്കുന്നതും തോട്ടത്തില്‍ രവീന്ദ്രനെ ആയിരിക്കും. 22.5 ശതമാനമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയത്. എന്നാല്‍ കോഴിക്കോട് നഗരത്തില്‍ മേയറായി പ്രവര്‍ത്തിച്ചതടക്കം മണ്ഡലത്തിലെ സുപരിചിതമുഖം എന്നതാണ് തോട്ടത്തില്‍ രവീന്ദ്രന് തുണയാവുക.
തിരൂര്‍
താനൂരില്‍ നിന്നും തിരൂരിലേക്ക് വി അബ്ദുറഹിമാന്‍ ചുവടുമാറ്റം നടത്തിയതാണ് ഇത്തവണ തിരൂര്‍ മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 2016, 2021 തെരഞ്ഞെടുപ്പുകളില്‍ താനൂരില്‍ വിജയിച്ച വി അബ്ദുറഹിമാന്‍ മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ജന്മനാടായ തിരൂരിലും സമാനമായ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് ചൂണ്ടിക്കാണിച്ചാണ് ആ മണ്ഡലത്തില്‍ സീറ്റ് നല്‍കണമെന്ന് അബ്ദുറഹിമാന്‍ എല്‍ഡിഎഫിന് മുന്നില്‍ നിര്‍ബന്ധം പിടിച്ചത്. തിരൂരിലേക്ക് വന്നാല്‍, 2006ല്‍ സിപിഐഎം അട്ടിമറി വിജയം ഒരിക്കല്‍ നേടിയതൊഴിച്ചാല്‍ പരമ്പരാഗതമായി മുസ്‌ലിം ലീഗ് ജയിച്ചുവരുന്ന മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ 7000ത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ മുസ്‌ലിം ലീഗ് നേടിയിട്ടുള്ളത്. ഈ ഭൂരിപക്ഷം അബ്ദുറഹിമാന് മറികടക്കാന്‍ കഴിയുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പ് വിശ്വസിക്കുന്നത്. എന്നാല്‍ മുസ്‌ലിം ലീഗിന്റെ സ്വാധീനത്തെ കുറച്ച് കാണാനും കഴിയില്ല. സിറ്റിംഗ് എംഎല്‍എയായ കുറുക്കോളി മൊയ്തീന്‍ തന്നെയാണ് ഇത്തവണ യുഡിഎഫിനായി ജനവിധി തേടുന്നത്. കെ നാരായണന്‍ മാസ്റ്ററാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
തവനൂര്‍
2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം മൂന്ന് തവണ എംഎല്‍എയായ കെ ടി ജലീലാണ് ഇത്തവണയും എല്‍ഡിഎഫിനായി തവനൂരില്‍ രംഗത്തിറങ്ങുന്നത്. ഇനി തവനൂര്‍ മത്സരത്തിനുണ്ടാകില്ല എന്നാണ് ആദ്യ ഘട്ടങ്ങളില്‍ പറഞ്ഞിരുന്നതെങ്കിലും എല്‍ഡിഎഫിന്റെ നിര്‍ദേശ പ്രകാരം നാലാം തവണയും ഇടത് സ്വതന്ത്രനായി കെ ടി ജലീല്‍ എത്തുകയാണ്. ഡിസിസി പ്രസിഡന്റും മണ്ഡലത്തില്‍ സുപരിചിതനുമായ വി എസ് ജോയ്‌യാണ് യുഡിഎഫിനായി ഇത്തവണ അങ്കത്തിനിറങ്ങുന്നത്. മുസ് ലിം ലീഗിനും കോണ്‍ഗ്രസിനും വലിയ സ്വാധീനമുള്ള മണ്ഡലമാണ് തവനൂര്‍. ഇവിടെ ശക്തമായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ വിജയിക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. നാലാം തവണയും ഒരേ ആള്‍ എംഎല്‍എയായി വരുന്നതിനോട് മണ്ഡലത്തിലുള്ള ജനങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന വിരുദ്ധവികാരം കൂടി തങ്ങള്‍ക്ക് സഹായകമാകുമെന്ന് യുഡിഎഫ് കരുതുന്നുണ്ട്. എന്നാല്‍ തവനൂര്‍ കെ ടി ജലീലിനൊപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. 2021ല്‍ എല്‍ഡിഎഫ് 46.46 ശതമാനവും യുഡിഎഫ് 44.7 ശതമാനവും എന്‍ഡിഎ 6.55 ശതമാനവുമാണ് വോട്ട് നേടിയിരുന്നത്.
തൃത്താല
തുടര്‍ച്ചയായി രണ്ട് തവണ എംഎല്‍എയായ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫിനായി വി ടി ബല്‍റാം, മണ്ഡലം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫിനായി എം ബി രാജേഷും കളത്തിലിറങ്ങിയതോടെ ആവേശം നിറഞ്ഞ പോരാട്ടത്തിനാണ് തൃത്താല സാക്ഷ്യം വഹിക്കുന്നത്. കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും എംഎല്‍എമാര്‍ മാറിമാറി പ്രതിനീധികരിച്ച മണ്ഡലമായതിനാല്‍ ഇരു പാര്‍ട്ടികള്‍ക്കും തൃത്താലയില്‍ സ്വാധീനമുണ്ട്. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് എം ബി രാജേഷ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. ഭരണവിരുദ്ധ വികാരവും നേരത്തെ എംഎല്‍എയായിരുന്ന സമയത്തെ പ്രവര്‍ത്തനങ്ങളുമാണ് വി ടി ബല്‍റാമിന്റെ മുദ്രാവാക്യങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ കൂടി ശ്രദ്ധേയരായ രണ്ട് രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള പോരാട്ടം കൂടിയാണ് തൃത്താലയിലേത്. കഴിഞ്ഞ തവണ 3000ത്തിലേറെ വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് എം ബി രാജേഷ് ജയിച്ചത്. അത്
മറികടക്കാനാകുമെന്നാണ് വി ടി ബല്‍റാം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. 2021ല്‍ എല്‍ഡിഎഫ് 45.84 ശതമാനവും യുഡിഎഫ് 43.86 ശതമാനവും എന്‍ഡിഎ 8.44 ശതമാവും വോട്ടാണ് നേടിയത്.
കോങ്ങാട്
മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ ഏറ്റുമുട്ടുന്ന മണ്ഡലമാണ് കോങ്ങാട്. സിറ്റിംഗ് എംഎല്‍എയായ കെ ശാന്തകുമാരിയാണ് എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്നത്. കെ എ തുളസിയാണ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. എന്‍ഡിഎയ്ക്കായി രേണു സുരേഷും കളത്തിലുണ്ട്. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് പിന്നാലെ രൂപീകൃതമായ കോങ്ങാടില്‍ കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളിലും സിപിഐഎമ്മാണ് വിജയിച്ചത്. ഇത്തവണയും ആ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 2021ല്‍ 49.01 ശതമാനം വോട്ട് നേടിയ ഇടത് മുന്നണി 27219 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷവും സ്വന്തമാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ അത്ര എളുപ്പമാകില്ല എങ്കിലും, സിപിഐഎമ്മുമായി തെറ്റിപ്പിരിഞ്ഞ പി കെ ശശിയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനത്തില്‍ കോണ്‍ഗ്രസ് പ്രതീക്ഷ വെക്കുന്നുണ്ട്. മുസ്‌ലിം ലീഗ് മണ്ഡലത്തില്‍ ശക്തമാണ് എന്നതും കെ എ തുളസിയുടെ വ്യക്തിപ്രഭാവവും യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. 2021ല്‍ 29.36 ശതമാനമായിരുന്നു യുഡിഎഫിന് ലഭിച്ച വോട്ട് വിഹിതം.
കൊച്ചി
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അവസാന ഘട്ടം വരെ നീണ്ട മണ്ഡലങ്ങളിലൊന്നായിരുന്നു കൊച്ചി. ഒടുവില്‍ നറുക്ക് വീണത് മുഹമ്മദ് ഷിയാസിനാണ്. യുഡിഎഫിന്റെ മികച്ച സ്ഥാനാര്‍ത്ഥികളില്‍ ഒരാളാണ് വി ഡി സതീശന്റെ ശക്തമായ പിന്തുണയുള്ള മുഹമ്മദ് ഷിയാസ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വലിയ സ്വാധീനമുണ്ട് എന്നതും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനായകും യുഡിഎഫ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നുണ്ട്. സിറ്റിംഗ് എംഎല്‍യായ കെ ജെ മാക്‌സിയാണ് ഇത്തവണയും എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്നത്. രണ്ട് തവണ എംഎല്‍എയായി മണ്ഡലത്തിലെ ഓരോരുത്തര്‍ക്കും സുപരിചിതനാണ് എന്നതാണ് മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോള്‍ കെ ജെ മാക്‌സിക്ക് തുണയാകുന്നത്. എംഎല്‍എ നിലയിലുള്ള ജനപ്രീതിയും കെ ജെ മാക്‌സിക്ക് ഗുണകരമായേക്കും. 2021ലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 42.25 ശതമാനവും യുഡിഎഫിന് 31.51 ശതമാനവും എന്‍ഡിഎയ്ക്ക് 8.54 ശതമാനവുമായിരുന്നു ലഭിച്ച വോട്ട് വിഹിതം.
തൃപ്പൂണിത്തുറ
എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. സിറ്റിംഗ് എംഎല്‍എയായ കെ ബാബു വര്‍ഷങ്ങള്‍ നീണ്ട സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി എത്തിയിരിക്കുന്നത് കൊച്ചി ഡെപ്യൂട്ടി മേയറായ ദീപക് ജോയ് ആണ്. വെപ്പിന്‍ സിറ്റിംഗ് എംഎല്‍എ കൂടിയായ കെ എന്‍ ഉണ്ണികൃഷ്ണനെയാണ് മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായി എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. 2021ല്‍ വൈപ്പിനില്‍ ഉണ്ണികൃഷ്ണന്റെ എതിരാളിയായിരുന്നു ദീപക് ജോയ്. ഇരുവരും വീണ്ടും ഒരിക്കല്‍ കൂടി ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടി ഇത്തവണ തൃപ്പൂണിത്തുറയക്കുണ്ട്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ ബാബു മണ്ഡലത്തില്‍ വേണ്ടത്ര സജീവമല്ലായിരുന്നു എന്ന വിമര്‍ശനം വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഇത് തങ്ങള്‍ക്ക് ഗുണകരമാകും എന്നാണ് എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍. വെറും 992 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ ബാബു ജയിച്ചത് എന്നതും എല്‍ഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്വാധീനത്തിലാണ് യുഡിഎഫ് ക്യാമ്പ് പ്രതീക്ഷയര്‍പ്പിക്കുന്നത്. മണ്ഡലത്തെ കൈവെള്ളയിലെ രേഖ പോലെ വ്യക്തമായി അറിയാവുന്ന കെ ബാബു ദീപക് ജോയ്‌യെ ജയിപ്പിക്കാനായി സജീവമായി രംഗത്തുമുണ്ട്.
കോതമംഗലം
എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ അക്ഷരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലമാണ് കോതമംഗലം. കോണ്‍ഗ്രസ് കോട്ടയായിരുന്ന കോതമംഗലത്തെ 2016ലാണ് എല്‍ഡിഎഫ് വാശിയേറിയ പോരാട്ടത്തിലൂടെ പിടിച്ചെടുക്കുന്നത്. ഈ വിജയം സാധ്യമാക്കിയ ആന്റണി ജോണ്‍ തന്നെയാണ് മൂന്നാം തവണയും എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്നത്. കഴിഞ്ഞ തവണ നേടിയ 46.99 ശതമാനത്തേക്കാള്‍ കൂടുതല്‍ നേടാനാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ പഞ്ചായത്തുകളും തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. 2021ല്‍ യുഡിഎഫിനായി 42.16 ശതമാനം വോട്ട് സ്വന്തമാക്കിയ ഷിബു തെക്കുംപുറത്തെ തന്നെയാണ് ഒരിക്കല്‍ കൂടി കേരള കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. അതുകൊണ്ട് വാശിയേറിയ പോരിന് തന്നെയാണ് കോതമംഗലം കാത്തിരിക്കുന്നത്.
ആറന്മുള
സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്തുവന്ന സമയം മുതല്‍ ഏവരും ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മണ്ഡലമാണ് ആറന്മുള. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തീപ്പൊരി സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ് ആറന്മുളയെ ഇത്തവണ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജും കോണ്‍ഗ്രസ് മുന്‍നിര യുവനേതാവുമായ അബിന്‍ വര്‍ക്കിയുമാണ് ഇവിടെ പോരിനിറങ്ങുന്നത്. ആരോഗ്യവകുപ്പിനെതിരെ വിമര്‍ശനങ്ങളുയര്‍ത്തിയ സംഭവങ്ങളാണ് വീണ ജോര്‍ജിനെതിരെ അബിന്‍ വര്‍ക്കി ആയുധമാക്കുന്നത്. പരമ്പരാഗതമായി കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലമാണെന്നതും യുഡിഎഫിന് ആത്മവിശ്വാസം ഉണ്ടാകുന്നുണ്ട്. എന്നാല്‍ രണ്ട് തവണ എംഎല്‍എയായതിലൂടെ മണ്ഡലത്തില്‍ ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധവും വികസന പ്രവര്‍ത്തനങ്ങളുമാണ് വീണ ജോര്‍ജിന് ഗുണകരമാവുക. നേരത്തെ പ്രചാരണം തുടങ്ങാനായതും എല്‍ഡിഎഫിന് സഹായകമായേക്കും. അബിന്‍ വര്‍ക്കി മണ്ഡലത്തിന് പുറത്തുള്ളതായതിനാല്‍ കോണ്‍ഗ്രസ് ക്യാമ്പിനുള്ളില്‍ ആദ്യ ഘട്ടത്തില്‍ ചില എതിര്‍പ്പുകളും ഉണ്ടായിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ മണ്ഡലത്തില്‍ വലിയ ചലനമുണ്ടാക്കില്ല എന്നാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡില്‍ വ്യക്തമാകുന്നത്.
കുന്നത്തൂര്‍
ഇടതുപക്ഷത്തിന്റെ കോട്ടയായിരുന്ന കുന്നത്തൂരില്‍ ഇത്തവണ പക്ഷെ പ്രവചനാതീതമായ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. എല്‍ഡിഎഫിനായി കോവൂര്‍ കുഞ്ഞുമോനും യുഡിഎഫിനായി ഉല്ലാസ് കോവൂരുമാണ് രംഗത്തിറങ്ങുന്നത്. ബന്ധുക്കള്‍ കൂടിയായ ഇരുവരും ആര്‍എസ്പിയുടെ രണ്ട് ചേരികളിലായി മത്സരിക്കുമ്പോള്‍ കുന്നത്തൂരില്‍ കടുത്ത പോരിനാണ് വഴിയൊരുങ്ങുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ 43.13 ശതമാനം വോട്ട് നേടിയാണ് ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ത്ഥിയായ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിനായി വിജയം സ്വന്തമാക്കിയത്. 2001 മുതല്‍ മണ്ഡലത്തില്‍ തുടര്‍ച്ചയായി എംഎല്‍എയായതാണ് കോവൂര്‍ കുഞ്ഞുമോനില്‍ എല്‍ഡിഎഫ് പ്രതീക്ഷ വെക്കാന്‍ കാരണം. യുഡിഎഫിനായി ആര്‍എസ്പിയുടെ സ്ഥാനാര്‍ത്ഥിയായി ഉല്ലാസ് കോവൂര്‍ എത്തുമ്പോള്‍ കുന്നത്തൂരിലെ ആര്‍എസ്പിയുടെ സ്വാധീനത്തില്‍ തന്നെയാണ് യുഡിഎഫ് കണ്ണുവെക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളില്‍ വിജയം പിടിച്ചെടുക്കാനും യുഡിഎഫിന് കഴിഞ്ഞിരുന്നു. കാല്‍ നൂറ്റാണ്ടായി ഒരാള്‍ തന്നെ എംഎല്‍എയായി തുടരുന്നത് ജനങ്ങളില്‍ ഉണ്ടാക്കിയേക്കാവുന്ന ഭരണവിരുദ്ധ വികാരത്തിലും യുഡിഎഫ് പ്രതീക്ഷ വെക്കുന്നുണ്ട്. 2016ലെ 20529ല്‍ നിന്നും കോവൂര്‍ കുഞ്ഞുമോന്റെ ഭൂരിപക്ഷം 2790ലേക്ക് ചുരുക്കാനായതും ഉല്ലാസ് കോവൂരിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
ചടയമംഗലം
അപൂര്‍വ്വമായി മാത്രം മറ്റ് പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയിട്ടുള്ള ഇടത് കോട്ടയാണ് ചടയമംഗലം. മന്ത്രിയും സിറ്റിംഗ് എംഎല്‍എയുമായ ജെ ചിഞ്ചുറാണിയാണ് ഇത്തവണ എല്‍ഡിഎഫിനായി ജനവിധി തേടുന്നത്. 2021ല്‍ എതിരാളിയായിരുന്ന യുഡിഎഫിന്റെ എം എം നസീര്‍ തന്നെയാണ് ഇത്തവണയും ചിഞ്ചുറാണിക്ക് എതിരാളി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 45.69 ശതമാനം വോട്ട് എല്‍ഡിഎഫ് നേടിയപ്പോള്‍ 36.4 ശതമാനം മാത്രമായിരുന്നു യുഡിഎഫിന് നേടാനായത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എല്‍ഡിഎഫിന് അത്ര സുഗമമായിരിക്കില്ല. സിപിഐക്കുള്ളിലെ പ്രശ്‌നങ്ങളാണ് എല്‍ഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തുകള്‍ പിടിച്ചെടുക്കാനായത് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ ചടയമംഗലത്തെ ഇടത് കോട്ടകള്‍ ചിഞ്ചുറാണിക്കൊപ്പം നില്‍ക്കുമെന്ന് തന്നെയാണ് എല്‍ഡിഎഫ് ക്യാമ്പുകള്‍ പറയുന്നത്.
എല്‍ഡിഎഫും എന്‍ഡിഎയും നേര്‍ക്കുനേര്‍ - കഴക്കൂട്ടം
സംസ്ഥാനത്ത് ഇത്തവണ എല്‍ഡിഎഫും എന്‍ഡിഎയും തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടക്കുക ഒരു മണ്ഡലത്തിലാകും എന്നാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡില്‍ നിന്നും വ്യക്തമാകുന്നത്. കഴക്കൂട്ടത്താണ് വാശിയേറിയ ഈ പോരാട്ടം നടക്കുന്നത്. 2021ല്‍ എല്‍ഡിഎഫ് 46.04 ശതമാനം വോട്ട് നേടിയപ്പോള്‍ 29.06 ശതമാനവുമായി രണ്ടാം സ്ഥാനത്ത് എത്തിയത് എന്‍ഡിഎ ആയിരുന്നു. 23.85 ശതമാനമായിരുന്നു യുഡിഎഫിന് ലഭിച്ച വോട്ട് വിഹിതം. യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്‍ഡിഎ നിര്‍ണായകശക്തിയായി മാറുന്നുണ്ട്. ഇത്തവണ അത് കൂടുതല്‍ ശക്തമാകാനുള്ള ചില സാധ്യതകളുണ്ട്. 2016ലും 2021ലും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ട കടകംപള്ളി സുരേന്ദ്രനാണ് ഇത്തവണയും എല്‍ഡിഎഫിനായി രംഗത്തിറങ്ങുന്നത്. 2016ല്‍ രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിയുടെ പ്രമുഖ നേതാവ് വി മുരളീധരനാണ് ഇത്തവണയും എന്‍ഡിഎയ്ക്കായി കളത്തിലിറങ്ങുന്നത്. യുഡിഎഫിനായി മുന്‍ എംഎല്‍എ കൂടിയായ എം എ വാഹിദാണ് മത്സരിക്കുന്നത്.
യുഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം - മഞ്ചേശ്വരം
മുന്‍ വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പ് പോലെ ഇത്തവണയും മഞ്ചേശ്വരം യുഡിഎഫിനും എന്‍ഡിഎയ്ക്കും ഹോട്ട് സീറ്റാണ്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെടുന്ന മഞ്ചേശ്വരത്തെ സ്വന്തമാക്കനാണ് കെ സുരേന്ദ്രനും ബിജെപിയും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. മുസ്‌ലിം ലീഗിന് വലിയ സ്വാധീനമുള്ള മഞ്ചേശ്വരത്ത് സിറ്റിംഗ് എംഎല്‍എയായ എ കെ എം അഷ്‌റഫിനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ 38.14 ശതമാനമായിരുന്നു യുഡിഎഫിന് ലഭിച്ച വോട്ട് വിഹിതം. എന്‍ഡിഎയ്ക്ക് 37.7 ശതമാനം വോട്ട് ലഭിച്ചിരുന്നു. 23.57 മാത്രമായിരുന്നു നേരത്തെ വലിയ സ്വാധീനമുണ്ടായിരുന്ന മണ്ഡലത്തില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ട് വിഹിതം. 2021ല്‍ 745 വോട്ടിനും, 2016ല്‍ 89 വോട്ടിനുമായിരുന്നു കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. അതുകൊണ്ട് തന്നെ ആഞ്ഞു പരിശ്രമിച്ചാല്‍ ഇത്തവണ മണ്ഡലത്തില്‍ വിജയിക്കാനാകുമെന്ന് തന്നെയാണ് കെ സുരേന്ദ്രന്റെ ആത്മവിശ്വാസം. എന്നാല്‍ മുസ് ലിം ലീഗിന്റെ യുവ മുഖമായ എംഎല്‍എ എ കെ എം അഷ്‌റഫ് മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്തിയുണ്ട് എന്നാണ് പൊതു അഭിപ്രായം. ഇത് യുഡിഎഫ് ക്യാമ്പിന് ആവേശം പകരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ട് പഞ്ചായത്തുകളിലും സമ്പൂര്‍ണ വിജയം നേടാനായതും യുഡിഎഫിന് കരുത്ത് പകരുന്നു.
ത്രികോണമത്സരം - നേമം
നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയസാധ്യത പ്രവചനാതീതമായ മണ്ഡലമാണ് നേമം. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും ഒരുപോലെ ശക്തമായ പോരാട്ടം നടത്തുന്ന മണ്ഡലമാണിത്. എല്‍ഡിഎഫിനായി സിറ്റിംഗ് എംഎല്‍എയും വിദ്യാഭ്യാസ മന്ത്രിയുമായ വി ശിവന്‍കുട്ടിയും യുഡിഎഫിനായി കെ എസ് ശബരീനാഥനും എന്‍ഡിഎയ്ക്കായി രാജീവ് ചന്ദ്രശേഖറുമാണ് കളത്തിലിറങ്ങുന്നത്. എല്‍ഡിഎഫും എന്‍ഡിഎയും പ്രചാരണം നേരത്തെ തുടങ്ങിയതിന്റെ ആത്മവിശ്വാസത്തിലാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനിലെ കവടിയാര്‍ വാര്‍ഡില്‍ വിജയം നേടാനായതാണ് ശബരീനാഥനും യുഡിഎഫ് ക്യാമ്പിനും പ്രതീക്ഷ നല്‍കുന്നത്. 2021ലെ തെരഞ്ഞെടുപ്പില്‍ 38.24 ശതമാനമായിരുന്നു എല്‍ഡിഎഫ് നേടിയ വോട്ട് വിഹിതം. എന്‍ഡിഎ 35.54 ശതമാനം വോട്ട് നേടിയപ്പോള്‍ യുഡിഎഫ് 25.01 ശതമാനവും വോട്ട് സ്വന്തമാക്കിയിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ തന്റെ നേതൃത്വത്തില്‍ പിടിച്ചെടുക്കാനായെന്ന് ഉയര്‍ത്തിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. എംഎല്‍എ എന്ന നിലയിലും മന്ത്രിയെന്ന നിലയിലും നടത്തിയ പ്രവര്‍ത്തനങ്ങളാണ് വി ശിവന്‍കുട്ടിയ്ക്കും എല്‍ഡിഎഫിനും ആവേശം പകരുന്നത്. കെ എസ് ശബരീനാഥനിലൂടെ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാനാകുമെന്നാണ് യുഡിഎഫ് ഉറച്ചുവിശ്വസിക്കുന്നത്.
Content Highlights: Reporter Prepoll Trend hints that 17 constituencies are facing a tight fight in kerala election 2026.UDF-LDF in 14 constituencies. NDA becomes a major player in 3 constituencies