

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഏറ്റവുമധികം നേട്ടംകൊയ്ത മധ്യകേരളത്തില്‍ ഇത്തവണ മത്സരം കടുക്കുമെന്ന സൂചന നല്‍കി റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ്. എറണാകുളം ജില്ലയിൽ യുഡിഎഫ് ശക്തമായ മുന്നേറ്റമുണ്ടാക്കും എന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് സൂചിപ്പിക്കുന്നത്. 2021-ലെ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ 26 മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. 15 മണ്ഡലങ്ങളില്‍ യുഡിഎഫും വിജയിച്ചു. ഇത്തവണ മധ്യകേരളത്തില്‍ യുഡിഎഫ് 22 സീറ്റുകളില്‍ വരെ വിജയിച്ചേക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് എല്‍ഡിഎഫും 22 സീറ്റ് വരെ നേടുമെന്നും പ്രവചനം. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് പോലും ലഭിക്കാനുളള സാധ്യതയില്ലെന്നും പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നു.
തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളില്‍ ഒന്‍പതിടത്തും എല്‍ഡിഎഫ് വിജയിക്കുമെന്നാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നത്. ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, വടക്കാഞ്ചേരി, ഒല്ലൂര്‍, നാട്ടിക, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങലില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. മണലൂരിലും തൃശൂരിലും ചാലക്കുടിയിലും കൊടുങ്ങല്ലൂരും യുഡിഎഫ് വിജയിക്കുമെന്നാണ് പ്രീ പോള്‍ സര്‍വേ പ്രവചിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പതിമൂന്നില്‍ പന്ത്രണ്ട് മണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വിജയിച്ചത്. ഒരു മണ്ഡലത്തില്‍ മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാനായത്. ഇക്കുറി പക്ഷെ നാലുമണ്ഡലങ്ങളില്‍ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്നാണ് പ്രീ പോള്‍ സര്‍വേ പ്രവചനം.
എറണാകുളം ജില്ലയില്‍ രണ്ട് മുതല്‍ അഞ്ച് വരെ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചേക്കാമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചനം. ഒന്‍പത് മുതല്‍ 12 വരെ മണ്ഡലങ്ങളില്‍ യുഡിഎഫിന് വിജയമുണ്ടാകുമെന്നും പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നു. എറണാകുളം കൊച്ചി, തൃപ്പൂണിത്തുറ, കോതമംഗലം എന്നീ മണ്ഡലങ്ങളിലാണ് യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ ശക്തമായ പോരാട്ടം നടക്കുക. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പറവൂര്‍, എറണാകുളം, തൃക്കാക്കര, കുന്നത്തുനാട്, പിറവം, മുവാറ്റുപുഴ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നും കളമശേരി, വൈപ്പിന്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നുമാണ് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചനം. 2021-ലെ തെരഞ്ഞെടുപ്പില്‍ 5 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫ് അന്ന് ഒന്‍പത് മണ്ഡലങ്ങളില്‍ വിജയിച്ചിരുന്നു.
ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ നാലിലും എല്‍ഡിഎഫായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. എന്നാല്‍ ഇക്കുറി യുഡിഎഫിന്റെ മുന്നേറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നത്. ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നാണ് പ്രീ പോള്‍ പ്രവചനം. എന്നാല്‍ തൊടുപുഴയിലും പീരുമേടും യുഡിഎഫ് നേട്ടമുണ്ടാക്കിയേക്കും. എന്‍ഡിഎയ്ക്ക് കാര്യമായ ചലനം ഏത് മണ്ഡലത്തിലും ഉണ്ടാക്കാന്‍ സാധിക്കില്ലെന്നും പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നു.
ആകെയുളള ഒന്‍പത് മണ്ഡലങ്ങളില്‍ അഞ്ചില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫും വിജയിച്ച ജില്ലയാണ് കോട്ടയം. ജില്ലയില്‍ ഇത്തവണയും ഇരു മുന്നണികളും തമ്മില്‍ ശക്തമായ പോരാട്ടം തന്നെ നടക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് വിലയിരുത്തുന്നത്. അഞ്ച് സീറ്റുകളില്‍ എല്‍ഡിഎഫും നാല് സീറ്റുകളില്‍ യുഡിഎഫും വിജയിക്കുമെന്ന് പ്രീ പോള്‍ ട്രെന്‍ഡ് പ്രവചിക്കുന്നു. പാല, വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി, കാഞ്ഞിരപ്പളളി മണ്ഡലങ്ങളിലാണ് എല്‍ഡിഎഫിന് മേല്‍ക്കൈ. കോട്ടയം, പുതുപ്പളളി, കടുത്തുരുത്തി, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ് വ്യക്തമാക്കുന്നത്.
Content Highlights: reporter pre poll trend LDF and UDF are in a tight race in central Kerala