വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷം വിറ്റത് 2.96 കോടി വാഹനങ്ങള്‍

2.14 കോടി ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നിരത്തിലെത്തിയത്

വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പ്; 2025-26 സാമ്പത്തിക വര്‍ഷം വിറ്റത് 2.96 കോടി വാഹനങ്ങള്‍
dot image

മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് വിറ്റഴിച്ചത് മൂന്നുകോടിക്കടുത്ത് വാഹനങ്ങള്‍. ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് അസോസിയേഷന്റെ (ഫാഡ) കണക്കുകള്‍ പ്രകാരം 2025-26 സാമ്പത്തികവര്‍ഷം 2,96,71,064 വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിതെന്നും ഫാഡ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തെ 2,61,87,255 എണ്ണത്തില്‍നിന്ന് 13.30 ശതമാനം അധികമാണിത്.

car showroom

ഇത്തവണത്തെ വില്‍പ്പന വെറും കണക്കു മാത്രമല്ലെന്നും രാജ്യത്തെ വാര്‍ഷിക വാഹനവില്‍പ്പന മൂന്നു കോടിയിലേക്കെത്തുന്നതാണ് പ്രത്യേകതയെന്നും ഫാഡ പ്രസിഡന്റ് സി.എസ്. വിഗ്‌നേശ്വര്‍ അഭിപ്രായപ്പെട്ടു. ഗതാഗത ആവശ്യങ്ങള്‍ ഉയരുന്നതും ജിഎസ്ടി കുറഞ്ഞതുവഴി വില താഴ്ന്നതും വില്‍പ്പന ഉയരാന്‍ കാരണമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ വര്‍ഷത്തെയുംപോലെ ഇത്തവണയും വില്‍പ്പനയില്‍ മുന്നില്‍ ഇരുചക്രവാഹന വിഭാഗമാണ്. 2.14 കോടി ഇരുചക്രവാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം നിരത്തിലെത്തിയത്.

യാത്രാവാഹന വിഭാഗത്തില്‍ 47 ലക്ഷം കാറുകള്‍ നിരത്തിലെത്തി. ഇരു വിഭാഗത്തിലും 13 ശതമാനത്തിലധികം വാര്‍ഷിക വില്‍പ്പനവളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 10.61 ലക്ഷം വാണിജ്യ വാഹനങ്ങള്‍, 10.50 ലക്ഷം ട്രാക്ടറുകള്‍, 13.63 ലക്ഷം മുച്ചക്ര വാഹനങ്ങള്‍ എന്നിങ്ങനെയും പുറത്തിറങ്ങി. 2025 ഏപ്രില്‍-ഓഗസ്റ്റ് കാലയളവുവരെ സാധാരണ നിലയിലായിരുന്ന വാഹന വില്‍പ്പന സെപ്റ്റംബറില്‍ ജിഎസ്ടി കുറച്ചതിനു പിന്നാലെ കുതിച്ചുയരുകയായിരുന്നു. ട്രാക്ടറുകളുടെയും വാണിജ്യ വാഹനങ്ങളുടെയും വില്‍പ്പന ആദ്യമായാണ് പത്തുലക്ഷം കടക്കുന്നതെന്നും ഫാഡയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ചില്‍ മാത്രം 26.92 ലക്ഷം വാഹനങ്ങള്‍ വിറ്റഴിഞ്ഞതായും ഫാഡ വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ സംഘര്‍ഷം തിരിച്ചടിയാകുമോ?

വാഹന വിപണി മുന്നേറ്റം കാഴ്ചവെക്കുമ്പോഴും, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ വിപണിയുടെ ആവേശം കെടുത്തുമോ എന്ന ആശങ്കയുമുണ്ട്. വിതരണ ശൃംഖലയിലുണ്ടാകാന്‍ സാധ്യതയുള്ള തടസ്സങ്ങളെക്കുറിച്ച് ഡീലര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബുക്ക് ചെയ്ത വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൃത്യസമയത്ത് എത്തിച്ചു നല്‍കുന്നതില്‍ കാലതാമസം നേരിടാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ ആവശ്യമായ പ്രീമിയം കാറുകളെ ഇത് കൂടുതല്‍ ബാധിച്ചേക്കാം.

യുദ്ധം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യയില്‍ ഇന്ധനവില കൂടുന്നതിനും അതുവഴി വാഹനങ്ങളുടെ പരിപാലന ചെലവ് വര്‍ധിക്കുന്നതിനും കാരണമാകും. ഇത് പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ജനങ്ങളുടെ താല്‍പര്യത്തെ ബാധിച്ചേക്കാം. ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ മേഖലയിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനെയും സംഘര്‍ഷം നേരിട്ട് ബാധിക്കും.

Content Highlights: India auto retail sales hit record 2.96 crore in FY26, up 13.3%: FADA

dot image
To advertise here,contact us
dot image