

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന് മറുപടിയുമായി തളിപ്പറമ്പിലെ യുഡിഎഫ് പിന്തുണയുളള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്‍. തളിപ്പറമ്പിൽ സിപിഐഎം നിയന്ത്രണത്തിലുള്ള ടാപ്‌കോ സൊസൈറ്റിയിലെ പൊലീസ് റെയ്ഡ് ചോര്‍ത്തി നല്‍കിയത് സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയാണെന്നും ജില്ലാ സെക്രട്ടറിയുടെ ആരോപണങ്ങള്‍ ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'ടാപ്‌കോ' സൊസൈറ്റിയുമായി ബന്ധപ്പെട്ട് താന്‍ ഒരു പരാതിയും ഇലക്ഷന്‍ കമ്മീഷന് നല്‍കിയിട്ടില്ല. വിവരങ്ങള്‍ ഒറ്റുകൊടുക്കുന്നവര്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെയുണ്ട്. താന്‍ അങ്ങനെയൊന്നും ഇതുവരെ ചെയ്തിട്ടില്ല. തന്നെക്കൊണ്ട് പലതും പറയിക്കരുതെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.
ആരോപണങ്ങള്‍ ഉന്നയിച്ച് ഭീഷണിപ്പെടുത്തേണ്ട. തളിപ്പറമ്പില്‍ ക്രമക്കേടിന് ശ്രമമുണ്ടന്നും ടി കെ ഗോവിന്ദന്‍ ആരോപിച്ചു. നാട്ടില്‍ ഇല്ലാത്തവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ശേഖരിക്കുകയാണ്. നാട്ടിലില്ലാത്തവരുടെ വോട്ട് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. നേരായ രീതിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കില്ല. അതുകൊണ്ടാണ് ക്രമക്കേട് നടത്താനുള്ള ശ്രമം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.
റെയ്ഡിന് പിന്നിൽ ടി കെ ഗോവിന്ദനാണെന്നായിരുന്നു കെ കെ രാഗേഷിന്റെ ആരോപണം. പാര്‍ട്ടിക്ക് പ്രകോപനം സൃഷ്ടിക്കുന്ന പണി ടി കെ ഗോവിന്ദന്‍ എടുക്കേണ്ടെന്നായിരുന്നു രാഗേഷിന്റെ പ്രതികരണം. തീക്കൊളി കൊണ്ട് തല ചൊറിയാന്‍ നില്‍ക്കേണ്ടതില്ല. ടി കെ ഗോവിന്ദന്‍ നല്‍കിയ പരാതിയിലാണ് തളിപ്പറമ്പില്‍ റെയ്ഡ് നടന്നത്. പൊലീസിന് ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാര്‍ട്ടിക്ക് എതിരെ പൊതുബോധം സൃഷ്ടിക്കാന്‍ ആണ് ശ്രമമെന്നും കെ കെ രാഗേഷ് ആരോപിച്ചിരുന്നു. വല്ലാതെ പ്രകോപിപ്പിക്കരുതെന്നും രാഗേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് പ്രതികരണവുമായി ഗോവിന്ദൻ രംഗത്തെത്തിയത്.
Content Highlights:T K Govindan responded to CPM Kannur District Secretary K K Ragesh