മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്ക്: എം സ്വരാജ്

വയനാട് ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പര തന്നെ നടത്താനും കൊള്ളയടിക്കാനുമാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം; കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്ക്: എം സ്വരാജ്
dot image

കൊച്ചി: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള പിരിവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അവതരിപ്പിച്ചത് കള്ളക്കണക്കാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. വയനാട് ദുരന്തത്തെ മറയാക്കി പണപ്പിരിവ് പരമ്പര തന്നെ നടത്താനും കൊള്ളയടിക്കാനുമാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

പ്രത്യേക ആപ്പും മറ്റ് തയാറെടുപ്പുകളും നടത്തി പിരിച്ചത് വെറും അഞ്ചുകോടി എന്നാണ് പറയുന്നത്. ഇനിയും പിരിക്കുമെന്നും പറയുന്നുണ്ട്. പത്തുദിവസത്തിനുള്ളില്‍ തുടങ്ങുമെന്ന് പറഞ്ഞ വീടുപണിക്ക് ഏതു പണമാണ് ചെലവഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു. വലിയ രാഷ്ട്രീയ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന് ഡിവൈഎഫ്‌ഐ എന്ന യുവജന സംഘടനയുടെ സംഘടനാശേഷി പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി പിരിച്ച തുകയുടെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ആകെ 5,38,21,632 രൂപയാണ് ലഭിച്ചത്. തൻ്റെയും വി ഡി സതീശന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലാണ് ഈ തുക ലഭിച്ചത് എന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം, മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസിന്റെ വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് പൊലീസില്‍ പരാതി നല്‍കി. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കോണ്‍ഗ്രസിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തെ സ്വാധീനിക്കാനുളള ശ്രമമാണിതെന്നും പരാതിയില്‍ പറയുന്നു.

രണ്ടാം ഘട്ട ഭൂമി ഏറ്റെടുക്കാനായി 2,50,30,272 രൂപ ചിലവായി എന്നും സണ്ണി ജോസഫ് പറഞ്ഞു. ഏറ്റെടുത്തത് രണ്ട് ഏക്കർ 18 സെന്റ് ഭൂമിയാണ്. കെപിസിസിയുടെ തനത് ഫണ്ടിൽ നിന്നും ഭവന നിർമാണത്തിനായി ചിലവാക്കിയത് 97,51,212 രൂപ. 9,30,000 രൂപ ആപ്പ് നിർമാണത്തിന് ചിലവായി. രജിസ്ട്രേഷനായി ഇനിയും 73,90,985 രൂപ ആവശ്യമുണ്ട്. അത് പാർട്ടി ഫണ്ടിൽ നിന്ന് തന്നെ കണ്ടെത്തുമെന്നും വീട് നിർമാണത്തിന് ഇനി പണം പിരിക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. വീട് നിര്‍മ്മാണത്തിനുള്ള തുക പാര്‍ട്ടി കണ്ടെത്തുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു.

Content Highlights: m swaraj against congress fund on landslide

dot image
To advertise here,contact us
dot image