'ഇത് ബിജെപിയുടെ രീതി, വേരുറപ്പിച്ചാൽ എത്രമാത്രം ആപത്ത് എന്നതിന്റെ സൂചന'; പിഷാരടിയെ തടഞ്ഞതിൽ മുഖ്യമന്ത്രി

ബിജെപി ജനാധിപത്യ മര്യാദ പുലർത്തണമെന്നും മുഖ്യമന്ത്രി

'ഇത് ബിജെപിയുടെ രീതി, വേരുറപ്പിച്ചാൽ എത്രമാത്രം ആപത്ത് എന്നതിന്റെ സൂചന'; പിഷാരടിയെ തടഞ്ഞതിൽ മുഖ്യമന്ത്രി
dot image

കോഴിക്കോട്: പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ പ്രചാരണത്തിൽ നിന്നും തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി. സംഭവത്തെ അപലപിച്ചും ബിജെപിയെ വിമർശിച്ചുമാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. ഈ ആക്രമണം ബിജെപിയുടെ രീതിയാണെന്നും ബിജെപി വേരുറപ്പിച്ചാൽ എത്ര മാത്രം ആപത്ത് എന്നതിന്റെ സൂചനയാണ് ഇതെന്നുമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. പ്രചാരണം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. ബിജെപി ജനാധിപത്യ മര്യാദ പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞതിൽ പ്രതികരണവുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍എംആര്‍ റസാഖും രംഗത്തുവന്നിരുന്നു. പാലക്കാട് ഇത്തരം കാര്യങ്ങളൊന്നും സംഭവിക്കാറില്ലെന്നും വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നുമാണ് എന്‍എംആര്‍ റസാഖ് അഭിപ്രായപ്പെട്ടത്. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ലെന്നും റസാഖ് വ്യക്തമാക്കിയിരുന്നു.

'പാലക്കാട് നഗരത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒരു സ്ഥലത്ത് പര്യടനത്തിന് പോയ സമയത്ത് വേറൊരു പാര്‍ട്ടിയില്‍പ്പെട്ടവര്‍ തടയുകയും അദ്ദേഹത്തെ തിരിച്ചയക്കുകയും ചെയ്തിരുന്നു.

ജനാധിപത്യരാജ്യത്തിലാണ് എല്ലാവരും ജീവിക്കുന്നത്. പാലക്കാടിന്റെ മണ്ണില്‍ ഇമ്മാതിരിയൊന്നും നടക്കാറില്ല. പാലക്കാട്ടുകാരുടെ മനസ്സ് അങ്ങനെയുള്ളതല്ല. വിവിധ പാര്‍ട്ടികളില്‍പ്പെട്ട എല്ലാവരും ഇമ്മാതിരിയുള്ള കാര്യങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഒരാള്‍ നമ്മുടെ പ്രദേശത്ത് വന്ന് വോട്ടുചോദിച്ച് പോകുമ്പോള്‍ കൂടെയിരിക്കുന്ന ആളുകളുടെ ആദര്‍ശം മാറിപ്പോകില്ല. വോട്ട് ചോദിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എല്ലാ സ്ഥലത്തും വന്ന് വോട്ട് ചോദിക്കട്ടെ. വിദ്വേഷവും വെറുപ്പും മറ്റുള്ള അണികളില്‍ പ്രയാസം ഉണ്ടാക്കുന്നതുമായ കാര്യങ്ങള്‍ ചെയ്താല്‍ നാടിനെ നമുക്ക് പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ ഒഴിവാക്കണം. പാലക്കാടുകാര്‍ എല്ലാവരും ഒന്നാണ്. പ്രിയപ്പെട്ടവര്‍ മാറിനില്‍ക്കണം', എന്നാണ് എന്‍എംആര്‍ റസാഖ് പറഞ്ഞത്.

കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു രമേശ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞത്. ബിജെപി കൗണ്‍സിലര്‍ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബിജെപി പ്രവര്‍ത്തകരായിരുന്നു രമേഷ് പിഷാരടിയേയും സംഘത്തെയും തടഞ്ഞത്. വടക്കന്തറയില്‍ എത്തിയ പിഷാരടിയെ സിന്ധു രാജന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയായിരുന്നു. ഇതോടെ യുഡിഎഫ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ട് ചോദിക്കരുതെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞതെന്ന് യുഡിഎഫ് ക്യാമ്പ് ആരോപിച്ചിരുന്നു.

Content Highlights: The Chief Minister has reacted strongly to the incident where UDF candidate Ramesh Pisharody was allegedly prevented from campaigning in Palakkad. Condemning the act, the CM criticized the BJP and termed the development as unacceptable in a democratic process.

dot image
To advertise here,contact us
dot image