

തിരുവനന്തപുരം: എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാതെ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഏതെങ്കിലും ഒരാളുടെ വോട്ട് വേണ്ട എന്നോ വേണമെന്നോ പറയില്ലല്ലോ എന്നാണ് എ വിജയരാഘവന്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പലരും വോട്ട് ചെയ്യുമെന്നും പലരും ഓരോ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് വോട്ട് ചെയ്യാനുളള അവകാശമുണ്ടെന്നും അത് ജനാധിപത്യ സമ്പ്രദായമാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഡീല്‍ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് അവരുടെ സഹജ സ്വഭാവം കാണിക്കുകയാണെന്നും യുഡിഎഫിന്റെ രീതിയാണ് ഡീല്‍ വഴിയുളള സൂത്രപ്പണിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.
വര്‍ഗീയതയുടെ മൊത്തക്കച്ചവടക്കാരാണ് യുഡിഎഫെന്നും വര്‍ഗീയത കേരളത്തില്‍ വളരാത്തത് ഇടതുപക്ഷം ഉളളതുകൊണ്ടാണെന്നും എ വിജയരാഘവന്‍ പറഞ്ഞു. 'ഭയങ്കര വിസ്മയം വരുന്നുണ്ടെന്നാണ് വി ഡി സതീശന്‍ പറഞ്ഞത്. ബാക്കി വിസ്മയം അധികാരത്തില്‍ വന്നശേഷം കാണാം എന്നായിരുന്നു. അധികാരത്തില്‍ വരില്ല എന്ന് സതീശന് തന്നെ അറിയാം. വര്‍ഗീയ സ്വാധീനത്തിന്റെ അടിമയായി സതീശന്‍ മാറി. വര്‍ഗീയതയ്ക്ക് എതിരാണെന്ന് സതീശന്‍ പറയുന്നു. തോളില്‍ കയ്യിട്ട് വോട്ട് കച്ചവടം നടത്തിയിട്ടാണോ ഇത് പറയുന്നത്? മരണം വരെ എംഎല്‍എ ആവണം എന്നാണ് ചിലര്‍ക്ക് ആഗ്രഹം. അത് നടത്തിക്കൊടുക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം': എ വിജയരാഘവന്‍ പറഞ്ഞു.
നല്ല കാലത്തും കുറച്ച് കഷ്ടകാലം ഉണ്ടാകുമെന്നും കുത്തരിയിലും ഒരു ചെറിയ കറുത്തത് കാണുമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോവളത്ത് ഒരു കറുത്ത കുത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാണെന്നും പരിഷ്‌കൃത കേരളത്തിന്റെ സ്ഥാനാര്‍ത്ഥിയായി നാളെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളാണ് ഭഗത് റൂഫസെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
എസ്ഡിപിഐ ബന്ധം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറായിരുന്നില്ല. എസ്ഡിപിഐയുടെ തെരഞ്ഞെടുപ്പ് നിലപാട് തന്നോടല്ല, അവരോട് ചോദിക്കണം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'വോട്ടിന് വേണ്ടി എല്‍ഡിഎഫിന് അവസരവാദ നിലപാടില്ല. തത്വാധിഷ്ഠിത നിലപാടാണ്. നാടിന് ആപത്തായതിനാലാണ് വര്‍ഗീയതയെ എല്‍ഡിഎഫ് എതിര്‍ക്കുന്നത്. എല്ലാ കാലത്തും വര്‍ഗീയതയുമായി വിട്ടുവീഴ്ച്ചയില്ലാത്ത സമീപനമാണ് എല്‍ഡിഎഫ് സ്വീകരിച്ചത്. എല്ലാ വര്‍ഗീയതയെയും എല്‍ഡിഎഫും എതിര്‍ക്കും' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
യുഡിഎഫിനെപ്പോലെ വർഗീയ പ്രസ്ഥാനങ്ങളോട് കൂട്ടുകൂടാൻ സിപിഐഎമ്മിനെ കിട്ടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോൺഗ്രസിനെ പവിത്രമാക്കുകയാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നാട്ടുകാർ ഇത് വിശ്വസിക്കില്ല. മാധ്യമങ്ങൾ പ്രത്യേക അജണ്ടയുമായാണ് വന്നിരിക്കുന്നത്. അത് മാറ്റിവെക്കണമെന്നും എസ്ഡിപിഐയെക്കുറിച്ച് അവരോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: wouldn't say no to anyone's votes; a vijayaraghavan on sdpi votes