തന്നെ തോൽപ്പിക്കാൻ BJPക്കാർ വാട്‌സ്ആപ്പ് സന്ദേശം അയച്ചു; വർക്കലയിൽ ഡീൽ ആരോപിച്ച് വി ജോയ്

ഡീലൊക്കെ കൈയിലിരിക്കട്ടെയെന്നും വികസനത്തിലൂന്നിയുള്ള പ്രചരണത്തിലൂടെ വിജയം നേടുമെന്നാണ് വി ജോയ് പറയുന്നത്

തന്നെ തോൽപ്പിക്കാൻ BJPക്കാർ വാട്‌സ്ആപ്പ് സന്ദേശം അയച്ചു; വർക്കലയിൽ ഡീൽ ആരോപിച്ച് വി ജോയ്
dot image

വർക്കല: വർക്കലയിൽ ബിജെപി - കോൺഗ്രസ് ഡീൽ ആരോപിച്ച് സിപിഐഎം സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ വി ജോയ്. തന്നെ തോൽപ്പിക്കാൻ ബിജെപിക്കാർ വാട്‌സ്ആപ്പ് സന്ദേശം അയച്ചുവെന്ന് വി ജോയ് റിപ്പോർട്ടറിനോട് പറഞ്ഞു. ബിജെപി വോട്ടുകൾ കഹാറിന് നൽകണമെന്നായിരുന്നു സന്ദേശമെന്നും വർക്കല ബിഡിജെഎസിന് നൽകിയ സീറ്റാണെന്നും അപ്പോൾ തന്നെ ഡീൽ ഉണ്ടെന്ന് മനസിലായില്ലേയെന്നും ജോയ് പറഞ്ഞു.

അതേസമയം സിപിഐഎം വിട്ട് ബിജെപിയിലേക്ക് പോയ സ്മിതാ സുന്ദരേനെ ജോയ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പിതാവിന്റെ ഒഴിവിൽ പാർട്ടിയിലേക്ക് വന്ന സ്മിതയ്ക്ക് ലഭിച്ച പദവികളെല്ലാം പാർട്ടി പ്രവർത്തകരുടെ വിയർപ്പാണെന്നും തങ്ങളെ വഞ്ചിച്ചു പോയവരാരും അങ്ങനെയങ്ങ് രക്ഷപ്പെട്ടിട്ടില്ലെന്നും ജോയ് പറഞ്ഞു. ഇവിടെയും അത് തന്നെയാണ് സംഭവിക്കാൻ പോകുന്നതെന്നും തെരഞ്ഞെടുപ്പിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ജോയ് പ്രതികരിച്ചു. കഴിഞ്ഞകാല വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. 1500കോടി വികസനം മണ്ഡലത്തിൽ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് വർക്കല. വർക്കലയിൽ രണ്ടുതവണയും മത്സരിച്ചിരുന്നത് ബിഡിജെഎസാണ്. ബിഡിജെഎസ് മത്സരിക്കുമെന്നൊരു ഘട്ടമെത്തിയപ്പോഴാണ് ഓഡിയോ ക്ലിപ്പുകൾ സിപിഐഎം പുറത്തുവിട്ടത്. പിന്നാലെ സീറ്റ് ബിജെപി ഏറ്റെടുത്തു. സിപിഐഎമ്മിലുണ്ടായിരുന്ന സ്മിത സുന്ദരേശനാണ് നിലവിൽ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി. ഇതോടെ ബിഡിജെഎസിൽ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി - ബിഡിജെഎസ് വോട്ട് വർക്കല കഹാറിലേക്ക് പോകുമെന്നും ഇത്തരത്തിൽ കോൺഗ്രസ് ബിജെപി ഡീൽ നടക്കുന്നുണ്ടെന്നുമാണ് സിപിഐഎം ആരോപിക്കുന്നതെന്നും വി ജോയ് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇത് വലിയ വിഷയമാക്കി മാറ്റാണ് സിപിഐഎം തീരുമാനം. ഡീലൊക്കെ കൈയിലിരിക്കട്ടെയെന്നും വികസനത്തിലൂന്നിയുള്ള പ്രചരണത്തിലൂടെ വിജയം നേടുമെന്നാണ് വി ജോയ് പറയുന്നത്.

Content Highlights: V Joy alleges a secret deal between BJP and Congress in Varkala constituency and sharply criticizes the BJP candidate

dot image
To advertise here,contact us
dot image