

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്ന് എസ്ഐടി ഹൈക്കോടതിയിൽ. ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്‌ഐടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ അന്വേഷണം പൂർത്തിയാക്കാൻ എസ്ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനൽകി. കേസിൽ എസ്ഐടിയുടെ അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
ഫെബ്രുവരിയിലാണ് സ്വർണ സാമ്പിളുകളിൽ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഉത്തരവിട്ടത്. 36 സാമ്പിളുകളാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്.
കൊടിമര പുനഃപ്രതിഷ്ഠയിൽ വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതി ദേവസ്വം ബെഞ്ച് അംഗീകരിച്ചു. കൊടിമര പുനപ്രതിഷ്ഠയ്ക്കായി ലഭിച്ചത് ആകെ 412.01 ഗ്രാം സ്വര്‍ണമാണ്. സംഭാവന നല്‍കിയവരോട് ചോദിച്ചപ്പോള്‍ ലഭിച്ചെന്ന് വ്യക്തമായത് 300 ഗ്രാം സ്വര്‍ണമാണ്. കൊടിമരം സ്ഥാപിച്ചതില്‍ ക്രമക്കേടോ വിശ്വാസ വഞ്ചനയോ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ പുനഃപ്രതിഷ്ഠയിലെ അന്വേഷണ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.
2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വര്‍ണം സംഭാവനയായി ലഭിച്ചതായാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. സംഭാവന നല്‍കിയ മോഹന്‍ലാല്‍ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.
ഇവര്‍ ഉള്‍പ്പെടെയുള്ള 27 പേരാണ് കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കായിരുന്നു അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: The SIT informed the Kerala High Court that the scientific examination results of the gold slabs in the Sabarimala gold theft case are expected by the end of April.