'2021 മുതല്‍ ബിജെപി-സിപിഐഎം ധാരണ, തുടര്‍ഭരണം സാധ്യമായത് അങ്ങനെ'; ഡീല്‍ ആരോപണം ശക്തമാക്കി രമേശ് ചെന്നിത്തല

'യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയസഖ്യത്തിന് നേതൃത്വം കൊടുക്കുന്നത് പിണറായി വിജയനും നരേന്ദ്ര മോദിയുമാണ്'

'2021 മുതല്‍ ബിജെപി-സിപിഐഎം ധാരണ, തുടര്‍ഭരണം സാധ്യമായത് അങ്ങനെ'; ഡീല്‍ ആരോപണം ശക്തമാക്കി രമേശ് ചെന്നിത്തല
dot image

കോഴിക്കോട്: സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണം കടുപ്പിച്ച് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാക്കിയത് ഇത്തരത്തിലുള്ള ഡീലിലൂടെ ആണെന്നും സമാനമായ ധാരണയാണ് ബിജെപിയും സിപിഐഎമ്മും ഇത്തവണയും നടപ്പിലാക്കുന്നത് എന്നാണ് രമേശ് ചെന്നിത്തലയുടെ ആരോപണം.

യുഡിഎഫ് കേരളത്തില്‍ അധികാരത്തിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന രാഷ്ട്രീയസഖ്യത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. '2021ല്‍ ആരംഭിച്ച ധാരണയാണ് ഇത്. കോണ്‍ഗ്രസ് മുക്ത ഭാരതം ലക്ഷ്യമിട്ടാണ് സഖ്യം. അങ്ങനെയാണ് എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിക്കുന്നത്. 69 മണ്ഡലങ്ങളില്‍ ബിജെപി വോട്ട് സിപിഐഎമ്മിന് നല്‍കി. കേരളത്തില്‍ തുടര്‍ഭരണം ഉണ്ടായത് ബിജെപി-സിപിഐഎം സഖ്യം കാരണമാണ്,' രമേശ് ചെന്നിത്തല പറഞ്ഞു.

പ്രധാന സിപിഐഎം നേതാക്കള്‍ സ്ഥാനാര്‍ത്ഥിയാകുന്ന ഇടങ്ങളിലെല്ലാം ബിജെപി ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് നിര്‍ത്തിയിരിക്കുന്നതാണ് ഡീലിന്റെ തെളിവായി രമേശ് ചെന്നിത്തലയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. 'കേരളത്തില്‍ കുന്നത്തുന്നാട് മാത്രമാണ് ട്വന്റി20 ഉള്ളത്. അവരാണ് പ്രധാന സിപിഎം നേതാക്കള്‍ക്ക് എതിരെ മത്സരിക്കുന്നത്. അല്ലാത്ത സ്ഥലങ്ങളില്‍ ബിജെഡിഎസും,' രമേശ് ചെന്നിത്തല പറഞ്ഞു.
റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട് മണ്ഡലങ്ങളില്‍ ബിജെപി-സിപിഐഎം ഡീല്‍ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന രീതിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിനെ കുറിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു. 'ആരാണ് മുഖ്യമന്ത്രി എന്ന വിഷയം ചര്‍ച്ച ചെയ്യാന്‍ താല്‍പര്യമില്ല. അധികാരത്തിലെത്തുകയാണ് ലക്ഷ്യം. ആരെങ്കിലും ബോര്‍ഡ് വച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. മറ്റ് നേതാക്കളുടെയും സ്ഥാനാര്‍ഥിയുടെയും ബോര്‍ഡ് ഉണ്ട്,' എന്നാണ് രമേശ് ചെന്നിത്തല വാക്കുകള്‍. കോഴിക്കോട് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ആശംസാ ബോര്‍ഡുകളില്‍ രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയും വരുന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണമെന്നാണ് ആഗ്രഹമെന്ന് കെ സുധാകരന്‍ പറഞ്ഞിരുന്നു.

Content Highlights: Ramesh Chennithala alleges CPIM-BJP deal in Kerala elections 2026

dot image
To advertise here,contact us
dot image