

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വായ്പ അടച്ച് തീർത്ത് മുസ്‌ലിം ലീഗ്. 48 ലക്ഷം രൂപയുടെ വായ്പയാണ് പാർട്ടി അടച്ചുതീർത്തത്. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലാണ് പണം അടച്ചത്. ലീഗിൻ്റെ അക്കൗണ്ടിൽ നിന്നാണ് പണം നൽകിയത്. ഇന്ന് രാവിലെ 10.30 ഓടെയാണ് കടം അടച്ച് തീർപ്പാക്കിത്. പാണക്കാട് സാദിഖലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും സംസാരിച്ചതായും ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞതായും മുനീർ നേരത്തെ വ്യക്തമാക്കിയിരുന്നു.
മുസ്‌ലിം ലീഗ് നേതാവ് എം കെ മുനീറിന്റെ വീട് ജപ്തി ചെയ്യില്ലെന്ന് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് സഹകരണ ബാങ്ക് നേരത്തെ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം ബാങ്ക് വായ്പ കുടിശ്ശിക മുഴുവന്‍ അടച്ചുതീര്‍ക്കുമെന്ന് മുനീറിന്റെ കുടുംബം ഉറപ്പുനല്‍കിയതായും ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. മാര്‍ച്ച് 31-നകം കുടിശ്ശിക അടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് സഹകരണ ബാങ്ക് നോട്ടീസയച്ചിരുന്നു. കോഴിക്കോട് നടക്കാവിലുളള ക്രസന്റ് ഹൗസിനാണ് ജപ്തി സംബന്ധിച്ച നോട്ടീസ് ലഭിച്ചത്.
വീട് നവീകരണത്തിനായി ടൗണ്‍ സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് മുനീര്‍ 35 ലക്ഷം രൂപയുടെ വായ്പ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെ അത് പലിശയടക്കം 58 ലക്ഷം രൂപയായി. ഒരുതവണ ബാങ്ക് വായ്പ പുതുക്കി നല്‍കിയിരുന്നു. അതിനുശേഷം ഒരിക്കല്‍പ്പോലും തിരിച്ചടവുണ്ടായില്ല. നിരവധി തവണ ബാങ്ക് അധികൃതര്‍ നോട്ടീസയച്ചിരുന്നു. വായ്പ അടയ്ക്കാന്‍ മുനീറിന്റെ കുടുംബം സന്നദ്ധത അറിയിച്ചുകൊണ്ട് പരമാവധി ഇളവ് വേണമെന്ന് ബാങ്ക് അധികൃതരോട് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് വായ്പ കുടിശ്ശിക 48 ലക്ഷമായി കുറച്ചത്.
ഈ തുകയാണ് ഇപ്പോൾ പാർട്ടി അടച്ചത്.
നിരവധി പേര്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു എന്നും എന്നാല്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കാന്‍ തയ്യാറല്ലെന്നായിരുന്നു തന്‍റെ നിലപാടെന്നും എം കെ മുനീര്‍ പറഞ്ഞിരുന്നു.
Content Highlights: Muslim League pays off M K Muneer's loan