

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന വനം മന്ത്രി എ കെ ശശീന്ദ്രനെതിരെ കര്‍ഷക സ്ഥാനാര്‍ത്ഥി. കേരള കര്‍ഷക മഹാപഞ്ചായത്തിന്റെയും വി ഫാം ഫാര്‍മേഴ്‌സ് ഫൗണ്ടേഷന്റെയും പ്രതിനിധിയായി അഡ്വ. സുമിന്‍ എസ് നെടുങ്ങാടനാണ് വനംമന്ത്രിക്കെതിരെ മത്സരിക്കുന്നത്. എ കെ ശശീന്ദ്രന്‍ വനംവകുപ്പ് മന്ത്രിയായിരുന്ന കാലത്തെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ചാണ് വി ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.
എ കെ ശശീന്ദ്രന്‍ വനം വകുപ്പ് മന്ത്രിയായിരുന്ന കഴിഞ്ഞ 5 വര്‍ഷത്തില്‍ 600ലധികം മനുഷ്യരാണ് വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ആദിവാസികളടങ്ങുന്ന ഭൂരിഭാഗം കുടുംബങ്ങള്‍ക്കും നഷ്ടപരിഹാര തുക പോലും കൈമാറാന്‍ വനം വകുപ്പിനായിട്ടില്ല. വന്യമൃഗ ആക്രമണങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം ഉണ്ടായിട്ടും മാന്യമായ നഷ്ടപരിഹാരം നല്‍കുവാനോ, മലയോരങ്ങളിലെ മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാനോ വനം വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും വീഴ്ച്ച വരുത്തിയെന്ന് കര്‍ഷക മഹാ പഞ്ചായത്ത് വിലയിരുത്തി.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ മലയോര ഹൈവെ പൂര്‍ത്തീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നത് വനം വകുപ്പാണെന്നും അവര്‍ ആരോപിക്കുന്നു. ദേശീയ- സംസ്ഥാന പാതകളുടെ വികസനത്തിനും തടസ്സം നില്‍ക്കുന്നത് വനംവകുപ്പാണ്. മലയോര മേഖലയില്‍ കര്‍ഷകര്‍ എല്ലാ റവന്യൂ രേഖകളോടും കൂടി വര്‍ഷങ്ങളായി കൈവശം വെക്കുന്ന ഭൂമിക്ക് അവകാശം ഉന്നയിച്ച് വനം വകുപ്പ് കര്‍ഷകരെ ദ്രോഹിക്കുകയാണെന്നും വനം വകുപ്പ് മന്ത്രിയുടെ അറിവോടെ നടത്തുന്ന കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിനെതിരെ കര്‍ഷക മഹാപഞ്ചായത്തിന്റെ പിന്തുണയോടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതെന്നും വി ഫാം കോഴിക്കോട് ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തില്‍ വി ടി തോമസ് വെളിയം കുളം അദ്ധ്യക്ഷത വഹിച്ചു. ജോയി കണ്ണന്‍ച്ചിറ, രാജു പൈകയില്‍, മാര്‍ഗരറ്റ് ടീച്ചര്‍, സെമിലി സുനില്‍, സണ്ണി കൊമ്മറ്റം, ടോമി മുതുകാട്, ലീലാമ്മ, ബാബു വിലങ്ങാട് എന്നിവര്‍ സംസാരിച്ചു.
Content Highlights: Adv sumin s nedungadan to contest against Forest Minister ak aseendran in Elathur