

ഉത്തരവാദിത്ത ടൂറിസം ഫെസ്റ്റ് 2026 വലിയ വിജയമായിരുന്നു. കേരള ടൂറിസത്തിന്റെ വിജയം ഒരു കൂട്ടായ്മയുടെ വിജയമാണെന്ന് തെളിയിക്കുന്നതായിരുന്നു ഫെസ്റ്റ്. കാർഷിക/കൃഷി ടൂറിസം യൂണിറ്റുകൾ, എക്സ്പീരിയൻസ് എത്‌നിക് ക്യുസിൻ യൂണിറ്റുകൾ, സുവനീർ യൂണിറ്റുകൾ, കരകൗശല യൂണിറ്റുകൾ, ആർട്ടിസ്റ്റ് യൂണിറ്റുകൾ എന്നിവർക്കൊപ്പം സ്ട്രീറ്റ് പ്രോജക്റ്റ്, പെപ്പർ പ്രോജക്റ്റ്, മോഡൽ ആർടി വില്ലേജ്, വില്ലേജ് ലൈഫ് പാക്കേജുകൾ തുടങ്ങിയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
ഹോംസ്റ്റേ, സർവീസ്ഡ് വില്ലകൾ, ഹോംസ്റ്റഡ് യൂണിറ്റുകൾ, സ്ത്രീ സൗഹൃദ ടൂറിസം പ്രോജക്ടിന് കീഴിൽ പ്രവർത്തിക്കുന്ന ടൂർ ഓപ്പറേറ്റർമാർ, വനിതാ ടൂർ കമ്പനികൾ, വനിതാ ആർടി ക്ലബ്ബുകൾ, കമ്മ്യൂണിറ്റി ടൂർ നേതാക്കൾ, ടൂർ ഗൈഡുകൾ, വ്ലോഗർമാർ, ബ്ലോഗർമാർ, വനിതാ സംരംഭകർ എന്നിവരും സജീവമായി പങ്കെടുത്തത് പരിപാടിയെ ശ്രദ്ധേയമാക്കി. സ്ട്രീറ്റ് പ്രോജക്റ്റ്, പെപ്പർ പ്രോജക്റ്റ്, മോഡൽ ആർടി വില്ലേജ് എന്നീ പദ്ധതികൾ നിലവിൽ പൂർത്തിയായിക്കഴിഞ്ഞു.
പദ്ധതികൾ പൂർത്തീകരിക്കപ്പെട്ട ഇടങ്ങൾ ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനുകൾ ആയി മാറിക്കഴിഞ്ഞു.സ്ട്രീറ്റ്, പെപ്പർ, മോഡൽ ആർടി വില്ലേജ് പദ്ധതികൾ നടപ്പിലാക്കിയതും നിലവിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതുമായ പ്രദേശങ്ങളെയും മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളായി ഉയർന്നുവന്നു വന്നുകഴിഞ്ഞ പ്രദേശങ്ങളെയും ഒരുമിച്ച് കൊണ്ടുവന്ന്, 2025 സെപ്റ്റംബർ 4 മുതൽ 10 വരെ ഓണത്തോടനുബന്ധിച്ച് ഒരു സാംസ്കാരിക വിനിമയ പരിപാടിയും ടൂറിസം വകുപ്പ് സംഘടിപ്പിച്ചു.
ഇതിനുപുറമെ, സ്റ്റാർട്ടപ്പ് ഹബ്, നെറ്റ് സീറോ ഡെസ്റ്റിനേഷൻ (വയനാട്), ഗ്രീൻ എനർജി ഡെസ്റ്റിനേഷനുകൾ പ്രോത്സാഹിപ്പിക്കൽ, മിയാവാക്കി വനവൽക്കരണം, സിൽവർ ഇക്കണോമി ടൂറിസം, കൾട്ട് ടൂറിസം, അഡ്വഞ്ചർ അക്കാദമി എന്നിവയുൾപ്പെടെ നിരവധി പുതിയ പദ്ധതികൾ സംസ്ഥാനത്തുടനീളം ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തിലെ വിവിധ ടൂറിസം കേന്ദ്രങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരാനും ടൂറിസം വകുപ്പിന് സാധിച്ചിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ വിനോദസഞ്ചാരികൾക്ക് നൽകുന്നതിനായി ടൂറിസം വകുപ്പ് നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ, സംസ്ഥാനത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യൽ മീഡിയയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ടൂറിസം വകുപ്പ് തീരുമാനിച്ചിരുന്നു. നിരവധി നൂതന സംരംഭങ്ങൾ ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.
പാരാഗ്ലൈഡിംഗ്, സർഫിംഗ്, മൗണ്ടൻ ബൈക്കിംഗ്, വൈറ്റ്-വാട്ടർ കയാക്കിംഗ് തുടങ്ങിയ സാഹസിക കായിക ഇനങ്ങളിൽ വിവിധ മത്സരങ്ങളും ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. കൂടുതൽ സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഒന്നിലധികം പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. ഓണാഘോഷങ്ങൾ, നിശാഗന്ധി നൃത്തോത്സവം, ചാമ്പ്യൻസ് ബോട്ട് ലീഗ്, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ലൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയ പ്രധാന സാംസ്കാരിക പരിപാടികളും കേരളത്തിന്റെ ഹൈലൈറ്റ് ആണ്. മലയാളിയുടെ സാംസ്‌കാരിക ഒരുമ വിളിച്ചോതുന്നതാണ് ഇത്തരം പരിപാടികൾ.
Content Highlights: fests in kerala shows states harmony and tourism destinations are just one click ahead