

സ്ത്രീശാക്തീകരണത്തിന് ഏറെ ഊന്നൽ നൽകുന്ന സംസ്ഥാനമാണ് കേരളം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരുടെ പട്ടികയെടുത്താൽ അതിൽ വനിതകളും നിരവധിയുണ്ടാകും എന്ന് ഉറപ്പാണ്. കേരളം ഇക്കാലമത്രയും കൊണ്ട് ആർജിച്ച മൂല്യങ്ങളുടെ ആകെത്തുകയാണ് ആ മുന്നേറ്റം എന്നും പറയാം.
ടൂറിസത്തിലും ഇതേ കാഴ്ചപ്പാടാണ് ടൂറിസം വകുപ്പ് മുന്നോട്ടുവെക്കുന്നത്. സ്ത്രീകളെ ശാക്തീകരിക്കുക, അതിനുള്ള നടപടികൾ സ്വീകരിക്കുക എന്നതാണ് വകുപ്പിന്റെയും ലക്ഷ്യം.
2025–26 സാമ്പത്തിക വർഷത്തിൽ, കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിക്കായി സംസ്ഥാന ബജറ്റിൽ അനുവദിച്ച ഫണ്ടിന്റെ 50 ശതമാനം സ്ത്രീ ശാക്തീകരണ സംരംഭങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ 70 ശതമാനവും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ളതോ അവർ നേരിട്ട് നടത്തുന്നതോ ആയ യൂണിറ്റുകളാണ്.
ഉത്തരവാദിത്ത ടൂറിസം മിഷൻ വഴി നടത്തുന്ന സ്ത്രീസൗഹൃദ പദ്ധതികൾ കൂടുതൽ വനിതകളെ ടൂറിസം രംഗത്തേയ്ക്ക് ആകർഷിക്കാനാണ് ശ്രമിക്കുന്നത്. വനിതകൾക്ക് വേണ്ടി വനിതകൾ നടത്തുന്ന സംരംഭങ്ങൾ ഉണ്ടാക്കിയെടുക്കൽ ഒരു ലക്ഷ്യമാണ്. അതുവഴി പ്രാദേശിക സ്ത്രീ സമൂഹങ്ങളെ ശാക്തീകരിക്കുകയും ടൂറിസം കേന്ദ്രങ്ങളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതും ഒരു ലക്ഷ്യമാണ്.
സ്ത്രീകളുടെ ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി, കേരള വനിതാ വികസന കോർപ്പറേഷനുമായി സഹകരിച്ച് ഒരു പലിശ സബ്‌വെൻഷൻ പദ്ധതി നടപ്പിലാക്കാൻ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി ഉദ്ദേശിക്കുന്നുണ്ട്.
കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
പദ്ധതി പ്രകാരം, ഉത്തരവാദിത്ത ടൂറിസം പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്ത വനിതകൾക്ക് സംരംഭം തുടങ്ങാനായി കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ ലഭിക്കും. ലഭ്യമായ മൊത്തം വായ്പ തുക പരിഗണിക്കാതെ, പരമാവധി 15 ലക്ഷം രൂപ വരെ വായ്പാ തുകയ്ക്ക് പലിശ സബ്‌വെൻഷൻ ബാധകമാകും. ഈ സംരംഭത്തിലൂടെ, പട്ടികജാതി, പട്ടികവർഗ, ന്യൂനപക്ഷ സമുദായങ്ങൾ, പൊതുവിഭാഗം എന്നിവയിൽപ്പെട്ട വനിതാ സംരംഭകർക്ക് താങ്ങാനാവുന്ന വായ്പ ലഭ്യമാക്കാൻ കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സൗകര്യമൊരുക്കും. അതുവഴി ടൂറിസം അധിഷ്ഠിത സംരംഭങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കും.
കേരളത്തിലെ ഉത്തരവാദിത്ത ടൂറിസത്തിന്റെ നേട്ടങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു പ്രധാന പരിപാടിയാണ് ആർടി ഫെസ്റ്റ് 2025–26 സംഘടിപ്പിച്ചത്.
2026 ഫെബ്രുവരി 11 മുതൽ 15 വരെ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ഈ ഫെസ്റ്റ്, ടൂറിസം വകുപ്പിന്റെ പിന്തുണയോടെ കേരള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയാണ് സംഘടിപ്പിച്ചത്. രജിസ്റ്റർ ചെയ്ത ഉത്തരവാദിത്ത ടൂറിസം (ആർടി) യൂണിറ്റുകളുടെ ഒത്തുചേരലിനുള്ള ഒരു വലിയ വേദിയായി ഈ ഫെസ്റ്റ് മാറി. കൂടാതെ അവരുടെ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, ടൂറിസം സംഭാവനകൾ എന്നിവ ഉയർത്തിക്കാട്ടുന്ന ഒരു പ്രമോഷൻ, മാർക്കറ്റിംഗ് ഇവന്റായും ഇത് മാറിയിരുന്നു.
Content Highlights: responsible tourism kerala women friendly and more women entrepreuners