

തിരുവനന്തപുരം: തനിക്കെതിരെയുള്ളത് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മെനഞ്ഞെടുത്ത കള്ളക്കേസ് എന്ന് മുന്‍ മന്ത്രി ആന്റണി രാജു. രാഷ്ട്രീയമായി ഇല്ലാതാക്കാനായിരുന്നു ശ്രമം. നിയമപോരാട്ടം തുടരുമെന്നും തെളിമയോട് കൂടി വോട്ടര്‍മാര്‍ക്കിടയിലേക്ക് രംഗത്തിറങ്ങാന്‍ കഴിയുമെന്നും ആന്റണി രാജു പറഞ്ഞു. തിരിച്ചടിയായ ഹൈക്കോടതി വിധിക്ക് ശേഷമുള്ള ആന്റണി രാജുവിന്റെ ആദ്യപ്രതികരണമാണിത്.
'നിയമപരമായ തടസങ്ങള്‍ മൂലം എനിക്ക് മത്സരിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന കാലത്തെ മെനഞ്ഞെടുത്ത കള്ളക്കേസാണിത്. രാഷ്ട്രീയമായി എന്നെ തകര്‍ക്കാനാണ് ലക്ഷ്യം. നിയമപരമായ പോരാട്ടം തുടരും. സത്യം ജയിക്കും' എന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.
തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ആന്റണി രാജു വിട്ടുനിന്നത് മുന്നണിയെ പ്രതിസന്ധിയിലാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇടതുമുന്നണി തിരുവനന്തപുരത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും ആന്റണി രാജു പങ്കെടുത്തിരുന്നില്ല. എന്നാല്‍ സുധീര്‍ കരമനയെ പിന്തുണച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ ആന്‍റണി രാജു വോട്ടഭ്യര്‍ത്ഥിച്ച് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തൊണ്ടി മുതല്‍ കേസുമായി ബന്ധപ്പെട്ടുണ്ടായ നിയമതടസ്സങ്ങള്‍ മൂലമാണ് ആന്റണി രാജുവിന് മത്സരിക്കാന്‍ കഴിയാതെ വന്നത്.
Content Highlights: Evidence Tampering Case is fake and fabricated during the UDF government said antony raju