

കൊച്ചി: കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി മുൻ സിപിഐഎം മുൻ മന്ത്രിയും അമ്പലപ്പുഴയിലെ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയുമായ ജി സുധാകരൻ. സജി ചെറിയാനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് സുധാകരൻ നടത്തിയത്. സംഭവത്തിൽ സജി ചെറിയാൻ സംശയമുനയിലാണെന്നും അന്വേഷണം വേണ്ട എന്നുപറഞ്ഞത് പിണറായി വിജയനാണെന്നും ജി സുധാകരൻ പറഞ്ഞു. റിപ്പോട്ടർ ടിവിയുടെ 'നേരോ നേതാവേ' അഭിമുഖ പരിപാടിയിലായിരുന്നു സുധാകരന്റെ വെളിപ്പെടുത്തൽ.
സജി ചെറിയാനെ സംശയമുനയിൽ നിർത്തുന്നതാണ് ജി സുധാകരന്റെ വെളിപ്പെടുത്തൽ. സ്മാരകം തകർത്ത രാത്രി സജി ചെറിയാൻ എങ്ങനെ പെട്ടെന്ന് സ്ഥലത്തെത്തി എന്നാണ് ജി സുധാകരൻ ചോദിച്ചത്. രാത്രി രണ്ടരയ്ക്കാണ് സജി സ്ഥലത്തെത്തിയത്. എങ്ങനെ ഇത്ര പെട്ടെന്ന് സജിക്ക് എത്താൻ സാധിച്ചു എന്നും എന്തിനാണ് എത്തിയത് എന്നും സുധാകരൻ ചോദിച്ചു.
പൊലീസ് കേസെടുത്തവരല്ല യഥാർത്ഥ പ്രതികളെന്നും സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിലുണ്ട് എന്നും സുധാകരൻ പറഞ്ഞു. സംഭവത്തിൽ ജില്ലാ സെക്രട്ടേറിയറ്റ് അന്വേഷണം ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തീരുമാനം അന്വേഷണം വേണ്ട എന്നായിരുന്നു.
2013 ഒക്ടോബർ 31ന് പുലർച്ചെ 1.30നാണ് കൃഷ്ണപിള്ള സ്മാരകത്തിന് നേരെ അക്രമണമുണ്ടാകുന്നത്. കേസിലെ അഞ്ച് പ്രതികളും സിപിഐഎം പ്രവർത്തകരായിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ സെക്രട്ടറി ലതീഷ് ബി ചന്ദ്രൻ ആയിരുന്നു ഒന്നാം പ്രതി. മുൻ ലോക്കൽ സെക്രട്ടറി പി സാബുവായിരുന്നു രണ്ടാം പ്രതി. ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
പാർട്ടിയിൽ വിഭാഗീയത കൊടികുത്തി വാണിരുന്ന കാലത്താണ് കൃഷ്‍ണപിള്ള സ്മാരകം തകർക്കപ്പെട്ടത്. പിന്നിൽ വിഭാഗീയത തന്നെയാണ് എന്നായിരുന്നു അന്വേഷണത്തിൽ തെളിഞ്ഞത്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ 59 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്.2020 ജൂലൈ 30ന് എല്ലാ
പ്രതികളെയും വെറുതെ വിട്ടു. എന്നാൽ കേസിൽ സിപിഐഎം അപ്പീലിന് പോയിരുന്നില്ല. ഒന്നും രണ്ടും പ്രതികളെ പാർട്ടിയിൽ തിരിച്ചെടുക്കുകയും ചെയ്തു.
Content Highlights: Former CPI(M) leader and ex-minister G Sudhakaran, now a UDF-supported independent candidate in Ambalappuzha, made crucial revelations regarding the Krishnapillai memorial vandalism case. His statements reportedly place senior leaders Saji Cherian and Chief Minister Pinarayi Vijayan under scrutiny.