'കേരളത്തിൽ CPIM-BJP ഡീൽ; എന്നെ ചോദ്യം ചെയ്ത ഇ ഡി എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരായ അഴിമതി അന്വേഷിക്കുന്നില്ല'

ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി

'കേരളത്തിൽ CPIM-BJP ഡീൽ; എന്നെ ചോദ്യം ചെയ്ത ഇ ഡി എന്തുകൊണ്ട് മുഖ്യമന്ത്രിക്കെതിരായ അഴിമതി അന്വേഷിക്കുന്നില്ല'
dot image

കോഴിക്കോട്: കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീല്‍ എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തില്‍ രണ്ട് മുന്നണികള്‍ തമ്മിലാണ് മത്സരം. സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലാതെ ആയി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന പൊതുസമ്മേളനത്തില്‍ ഓണ്‍ലെെനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കേരളത്തില്‍ രണ്ട് മുന്നണികളാണ് മത്സരരംഗത്തുള്ളത്. ഐക്യത്തിന്റെ സന്ദേശം നല്‍കുന്ന ഐക്യജനാധിപത്യ മുന്നണിയും വിഭജന രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ബിജെപിയും എല്‍ഡിഎഫും ഒന്നിക്കുന്ന മറ്റൊരു മുന്നണിയും. ബിജെപിയോ സിപിഐഎം നേതൃത്വമോ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള വ്യത്യാസം പോലും മനസ്സിലാകുന്നില്ല. കള്ളക്കേസുകള്‍ എടുത്ത് എതിര്‍പക്ഷത്തെ നിശബ്ദമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്', രാഹുല്‍ ഗാന്ധി പറഞ്ഞു.

തനിക്കെതിരെ നാല്‍പ്പതോളം കേസുകളുണ്ട്. അഞ്ചുദിവസം ഇ ഡി ചോദ്യം ചെയ്തു. സന്ധി ചെയ്യാതെ പോരാടുന്ന നേതാക്കളെ ബിജെപി വേട്ടയാടുമ്പോള്‍ കേരള മുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാത്തത് പരിശോധിച്ചാല്‍ ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ബന്ധം മനസ്സിലാക്കാനാകും എന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു.

മന്ത്രിയുടെ ബന്ധുക്കളോ സിപിഐഎം നേതാക്കളോ ആയാല്‍ പിന്‍വാതിലിലൂടെ നിയമനം കിട്ടുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. നാടിന്റെ ആരോഗ്യ മേഖലയെപ്പോലും തകര്‍ത്ത സര്‍ക്കാരാണ് ഇടതുപക്ഷത്തിന്റേത്. കേരളത്തിന് വേണ്ടി യുഡിഎഫ് ഇന്ദിര ഗ്യാരന്റി എന്ന പേരില്‍ പ്രഖ്യാപിച്ച എല്ലാ ഗ്യാരന്റിയും നടപ്പാക്കും. കേരളത്തിന്റെ ആരോഗ്യരംഗത്തെ യുഡിഎഫ് വീണ്ടും മികവിന്റെ പാതയിലേക്ക് നയിക്കും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സോണിയാ ഗാന്ധിയുടെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ഓരോ മണിക്കൂറും ഇടവിട്ട് വന്ന് പരിശോധിച്ചത് മലയാളിയായ നഴ്‌സാണ്. അത് ആശ്വാസം പകര്‍ന്നു. ലോകമെമ്പാടുമുള്ള മലയാളികള്‍ വേദന അനുഭവിക്കുന്നവരുടെ കൈകള്‍ പിടിച്ച് ആശ്വസിപ്പിക്കുന്നു. അതാണ് മലയാളിയുടെ സ്പിരിറ്റ്. മതേതര അടിത്തറയാണ് കേരളത്തിന്റേതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Content Highlights: CPIM-BJP Deal in kerala alleges Rahul Gandhi

dot image
To advertise here,contact us
dot image