'എനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു'

സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആര്‍ക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്ന് അരിത ബാബു

'എനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു'
dot image

ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വെച്ച് എംഎല്‍എയ്‌ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. എന്നാൽ തനിക്കെതിരെ വർഷങ്ങൾക്ക് മുമ്പ് നടന്ന സൈബറാക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും അതിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനായതിലെ കാപട്യം ജനം തിരിച്ചറിയണമെന്നും അരിത ബാബു പറഞ്ഞു.

സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആര്‍ക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്. ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത പ്രസ്താവന തന്നെയാണിതെന്ന് അടിവരയിട്ട് പറയുന്നു. ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കാതെ, പറഞ്ഞുപോയ വാക്കുകളിലെ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാര്‍ഹമാണെന്നും അരിത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇന്ന് ഈ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോള്‍ അഞ്ച് വര്‍ഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാന്‍ കഴിയില്ലയെന്നും അവര്‍ കുറിച്ചു. അന്ന് തനിക്ക് എതിരെ നടന്നത് എന്തായിരുന്നുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തിയ തന്നെ ചായക്കടകള്‍ മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇരുണ്ട മൂലകളില്‍ വരെ ആക്ഷേപിച്ചവര്‍ ആരായിരുന്നുവെന്നും അരിത ബാബു പറഞ്ഞു.

Also Read:

പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റും ഉപജീവനം നടത്തുന്ന തന്റെ തൊഴിലിനെ പരിഹസിക്കാനാണ് അന്ന് സൈബര്‍ വെട്ടുകിളികള്‍ മത്സരിച്ചത്. അന്ന് അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ തന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോള്‍ ഇന്ന് നിലവിളിക്കുന്നവര്‍ എവിടെയായിരുന്നുവെന്നും അരിത ബാബു ഫേസ്ബുക്കിലൂടെ ചോദിച്ചു. അന്ന് താന്‍ നല്‍കിയ പരാതിയില്‍ മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇന്ന് ഫേസ്ബുക്കില്‍ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നത്. അന്ന് തന്നെ വേട്ടയാടിയവര്‍ ഇന്ന് എംഎല്‍എയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ അതിലെ കാപട്യം ജനം തിരിച്ചറിയണമെന്നും അവര്‍ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പ്
സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്!

കായംകുളത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് എം.എൽ.എയ്ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. ഇത് എന്റെ വ്യക്തിപരമായ നിലപാടും എന്റെ പ്രസ്ഥാനത്തിന്റെ നിലപാടുമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന തന്നെയാണിതെന്ന് ഞാൻ അടിവരയിട്ടു പറയുന്നു.

ബോധപൂർവ്വം അപകർത്തിപ്പെടുത്തുവാൻ ആഗ്രഹിക്കാതെ പറഞ്ഞുപോയ വാക്കുകളിലെ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാർഹമാണ്. പ്രസ്താവന നടത്തിയ വ്യക്തിയെ തള്ളിക്കൊണ്ടും, തെറ്റ് തിരുത്തി അദ്ദേഹത്തെ ചേർത്തുപിടിച്ചുകൊണ്ടും, ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച അഡ്വ. എം. ലിജുവിന്റെ നടപടി ഏറെ അഭിനന്ദനം അർഹിക്കുന്നു.

അന്ന് എന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന സ്ത്രീയിൽ നിന്ന് പോലും എനിക്ക് ലഭിക്കാത്ത രാഷ്ട്രീയ മര്യാദയാണിത്.

എങ്കിലും, ഇന്ന് ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോൾ അഞ്ച് വർഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാൻ കഴിയില്ല. അന്ന് എനിക്ക് എതിരെ നടന്നത് എന്തായിരുന്നു? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ എന്നെ, ചായക്കടകൾ മുതൽ സോഷ്യൽ മീഡിയയുടെ ഇരുണ്ട മൂലകളിൽ വരെ ആക്ഷേപിച്ചവർ ആരായിരുന്നു? പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റും ഉപജീവനം നടത്തുന്ന എന്റെ തൊഴിലിനെ പരിഹസിക്കാനാണ് അന്ന് സൈബർ വെട്ടുകിളികൾ മത്സരിച്ചത്.

അന്ന് അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ എന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോൾ ഇന്ന് നിലവിളിക്കുന്നവർ എവിടെയായിരുന്നു?

ആ കമന്റുകൾ ഇവിടെ സൂചിപ്പിക്കാൻ തന്നെ അറപ്പ് തോന്നുന്നവ ആയിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യമുള്ളതാണല്ലോ.

അന്ന് എനിക്ക് എതിരെ നടന്ന ഈ ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയ വ്യക്തിയാണ് ഞാൻ. എന്നാൽ അന്ന് ആ പരാതിക്ക് മേൽ മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇന്ന് ഫേസ്ബുക്കിൽ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നത്. അന്ന് എന്നെ വേട്ടയാടിയവർ ഇന്ന് എം.എൽ.എയ്ക്ക് വേണ്ടി വാദിക്കുമ്പോൾ അതിലെ കാപട്യം ജനം തിരിച്ചറിയണം.

എന്റെ നിലപാട് വ്യക്തമാണ്, കൃത്യവുമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നത് എനിക്ക് എതിരെ ആയാലും എം.എൽ.എയ്ക്ക് എതിരെ ആയാലും അത് തെറ്റാണ്. അന്ന് എനിക്ക് എതിരെ നടന്ന ആക്രമണങ്ങളെ ന്യായീകരിച്ചവരും മൗനം പാലിച്ചവരും ഇന്ന് കാണിക്കുന്ന ഈ "സ്ത്രീപക്ഷ സംരക്ഷണം" ആത്മാർത്ഥമാണോ എന്ന് ജനം ചിന്തിക്കട്ടെ.

രാഷ്ട്രീയ പോരാട്ടങ്ങൾ ആശയങ്ങൾ കൊണ്ടും വികസനങ്ങൾ കൊണ്ടും ആകട്ടെ. മറിച്ച് വ്യക്തിഹത്യയിലൂടെയും സ്ത്രീവിരുദ്ധതയിലൂടെയും ആകരുത്. ഇരയാക്കപ്പെടുന്നവരുടെ രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന ഈ രീതി മാറണം. നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കുന്ന, അന്തസ്സുള്ള രാഷ്ട്രീയ സംസ്കാരമാണ്.

Content Highlights: Aritha Babu says remarks against u prathibha at the UDF election convention is bad

dot image
To advertise here,contact us
dot image