

മലപ്പുറം: തവനൂരിലെ യുഡിഎഫ് മണ്ഡലം, ബൂത്ത് കമ്മിറ്റികൾക്ക് കിടിലൻ ഓഫറുമായി മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സിപി ബാവ ഹാജി. യുഡിഎഫ് സ്ഥാനാർഥിയായ വി എസ് ജോയിയെ വിജയിപ്പിച്ചാൽ വിദേശയാത്രയാണ് ഓഫർ.
തവനൂരിലെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് സി പി ബാവ ഹാജിയുടെ പ്രഖ്യാപനം. പതിനഞ്ച് ദിവസത്തെ ഗൾഫ് യാത്രയാണ് ബാവ ഹാജി ഓഫർ ചെയ്തിരിക്കുന്നത്. വിഎസ് ജോയ്ക്ക് ഏറ്റവും കൂടുതൽ ലീഡ് നൽകുന്ന കമ്മിറ്റിക്കാണ് ഗൾഫ് യാത്രയ്ക്കുള്ള ഭാഗ്യം ഉണ്ടാകുക. 15 ദിവസത്തെ താമസം, പോക്കിനും വരവിനുമുള്ള ടിക്കറ്റ് അടക്കമുള്ള സമ്പൂർണ്ണ പാക്കേജാണ് ബാവ ഹാജിയുടെ ഓഫർ.
നേരത്തെ തവനൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെട്ടിരുന്നയാളാണ് ബാവ ഹാജി. എന്നാൽ മലപ്പുറം ഡിസിസി അധ്യക്ഷൻ വി എസ് ജോയ്‌ക്കായിരുന്നു തവനൂരിൽ മത്സരിക്കാൻ നറുക്ക് വീണത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മികച്ച നേതൃപാടവമാണ് വി എസ് ജോയ് കാഴ്ചവെച്ചത്. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ ഏഴ് ഗ്രാമപഞ്ചായത്തിലും യുഡിഎഫ് ആണ് ഭരണം പിടിച്ചത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
കെ ടി ജലീൽ ആണ് തവനൂരിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി. 2011 മുതൽ കെ ടി ജലീലിനൊപ്പമാണ് തവനൂർ. രണ്ട് തവണയെന്ന വ്യവസ്ഥ 2021ല്‍ സിപിഐഎം നടപ്പിലാക്കിയപ്പോഴും ജലീലിന് ഇളവ് നല്‍കിയിരുന്നു. ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നേരത്തെ ജലീല്‍ വ്യക്തമാക്കിയിരുന്നെങ്കിലും സന്നിഗ്ധ ഘട്ടത്തില്‍ പാര്‍ട്ടി പറഞ്ഞാല്‍ അപ്പോള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Muslim League State Vice President CP Bava Haji has announced an unusual offer to UDF mandalam and booth committee members in Thavanur. He promised a foreign trip if UDF candidate VS Joy wins the election.