സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; കലയും കലാകാരന്മാരും എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായത്: രമേഷ് പിഷാരടി

തോമസ് ഐസക്കിനോട് ബഹുമാനവും സ്‌നേഹവും മാത്രമാണെന്നും രമേഷ് പിഷാരടി

സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല; കലയും കലാകാരന്മാരും എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായത്: രമേഷ് പിഷാരടി
dot image

പാലക്കാട്: തോമസ് ഐസക്കിന്റെ 'കോമാളി സ്ഥാനാര്‍ത്ഥി' പരാമര്‍ശത്തില്‍ മറുപടിയുമായി പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടി. അദ്ദേഹത്തിന് ഒപ്പത്തിനൊപ്പം നിന്ന് പരാമര്‍ശങ്ങള്‍ നടത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും കലയും കലാകാരന്മാരും ഇവര്‍ക്ക് എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു. നേരിട്ടൊരു മറുപടി കൊടുക്കുന്നില്ല. ബഹുമാനവും സ്‌നേഹവും മാത്രം. അദ്ദേഹത്തിന് അങ്ങനെ പറയാന്‍ അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണ് നമ്മുടേതെന്നും രമേഷ് പിഷാരടി പറഞ്ഞു.

ആ സ്വാതന്ത്ര്യം താങ്കള്‍ക്കുമുണ്ടല്ലോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് 'എനിക്ക് അതിനൊപ്പം സംസ്‌കാരവുമുണ്ട്' എന്നായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി. 'സംസ്‌കാരം സമരം ചെയ്താല്‍ കിട്ടില്ല. എന്നുമുതലാണ് കലയും കലാകാരന്മാരും ഇവര്‍ക്ക് എന്നുമുതലാണ് കാണാന്‍ വയ്യാത്തവരായത്. അവനവനൊപ്പം നില്‍ക്കാത്തവര്‍ വെറുക്കപ്പെടേണ്ടവരാണെന്ന പ്രത്യയശാസ്ത്രം എങ്ങനെയാണ് പ്രചരിപ്പിക്കുന്നതെന്ന് അറിയില്ല. ഇത്രയും കാലം കുടുംബസദസിന് മുന്നില്‍ മാന്യമായാണ് നിന്നിട്ടുള്ളത്. അതേ മാന്യത രാഷ്ട്രീയത്തിലും തുടരണമെന്നും വരുന്ന തലമുറ നമ്മളെ കാണുമ്പോള്‍ ഇതൊരു മോശം ഇടമാണെന്ന് തോന്നാത്തവിധം സരസമായിരിക്കണമെന്ന് ആഗ്രഹിച്ചാണ് രാഷ്ട്രീയത്തിലേക്ക് വന്നത്' എന്നും രമേഷ് പിഷാരടി പറഞ്ഞു.

കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്നായിരുന്നു തോമസ് ഐസക് കഴിഞ്ഞ ദിവസം ചോദിച്ചത്. പാലക്കാട് സിപിഐഎം-ബിജെപി രഹസ്യ ധാരണയെന്ന കെ സി വേണുഗോപാലിന്റെ ആരോപണത്തിന് മറുപടിയായിട്ടായിരുന്നു തോമസ് ഐസകിന്റെ പരാമര്‍ശം. പാലക്കാട് ഡീല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്. കോ-ലീ-ബി സഖ്യം എത്രയോ കാലമായുള്ള ചരിത്രമാണ്. കള്ളന്മാര്‍ മുന്‍പേ ഓടി കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചുപറയുകയാണെന്നും തോമസ് ഐസക് പറഞ്ഞു.

പാലക്കാട് യുഡിഎഫിനെ പിന്‍താങ്ങണമെന്നാണോ പറയുന്നതെന്നും അതിന് വേറെ പണി തോക്കണമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. തുടര്‍ന്നാണ് കോമാളി വേഷം കെട്ടുന്ന നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോയെന്ന തോമസ് ഐസകിന്റെ വിമര്‍ശനം. അഖിൽ മാരാരുടെ വിമർശനത്തിനും രമേഷ് പിഷാരടി മറുപടി നൽകി.

'അഖില്‍ തോമസ് ഐസക്കിനെപ്പോലെ മുതിര്‍ന്ന ആളല്ല. ചിലപ്പോള്‍ എന്നേക്കാളും ഇളയ ആളായിരിക്കും. അഖില്‍ എന്നെ ശ്രദ്ധിക്കുന്നതുപോലെ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. സമയമില്ല. കുറ്റമായിരിക്കുമല്ലോ അഖില്‍ പറഞ്ഞത്. ഒരാഴ്ച കഴിഞ്ഞാല്‍ ഞാന്‍ മഹാനാണെന്നും നല്ല മനുഷ്യനാണെന്നും അഖില്‍ തന്നെ തിരുത്തി പറയും. അദ്ദേഹം ഇന്ന് പറയുന്നതിനൊന്നും നമ്മള്‍ ഇപ്പോള്‍ മറുപടി പറയരുത്. ഒരാഴ്ച കഴിയുമ്പോള്‍ തിരുത്തിപ്പറയും. രണ്ടുവര്‍ഷം കാത്തിരിക്കണം, എന്നിട്ടും അഖില്‍ അത് തന്നെയാണോ പറയുന്നതെന്ന് ഉറപ്പിച്ചിട്ടേ നമ്മള്‍ മറുപടി പറയാവൂ…' എന്നും രമേഷ് പിഷാരടി പറഞ്ഞു. ഇന്നലെ വരെ ലാഭം നോക്കി ജീവിച്ച പിഷാരടി വീണ്ടും ലാഭം കൊയ്യാനാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതെന്നായിരുന്നു അഖില്‍ മാരാര്‍ പറഞ്ഞത്.

Content Highlights: Ramesh Pisharody Reply To Thomas Isaac at palakkad

dot image
To advertise here,contact us
dot image