

ടൂറിസം എന്നാൽ യാത്രയും ആഘോഷവും മാത്രമല്ല, അറിവ് നേടലും അവയ്ക്കായുള്ള അന്വേഷണവും കൂടിയാണ്. സാംസ്കാരികമായി ഏറെ വൈവിധ്യങ്ങളുള്ള കേരളത്തിൽ വിവിധങ്ങളായ സംസ്കാരങ്ങളെപ്പറ്റിയും മറ്റും പഠിക്കാനും അറിയാനുമുള്ള സാധ്യതകൾ വളരെ കൂടുതലാണ്.
ദേശീയ, അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തരായ എഴുത്തുകാരും ചിന്തകരും ഉളള നാടാണ് കേരളം. മൺമറഞ്ഞുപോയ നിരവധി പ്രതിഭകൾ കേരളത്തിന്റെ യശസ്സിനെ വാനോളം ഉയർത്തിയവരാണ്. എം ടി വാസുദേവൻ നായർ, ബഷീർ, ഒ വി വിജയൻ തുടങ്ങിയ കലാ-സാംസ്‌കാരിക നായകന്മാർ തന്നെ ഉദാഹരണം. ഇത്തരത്തിൽ കലാ-സാംസ്‌കാരിക നായകരെ കൂടുതൽ അറിയാനും അവരുമായി ബന്ധപ്പെട്ട സാധ്യതകളെ പ്രയോജനപ്പെടുത്താനും മറ്റുമുള്ള നിരവധി പദ്ധതികളും ടൂറിസം വകുപ്പിനുണ്ട്. അതിൽ ഒന്നാണ് മലബാർ ലിറ്റററി സർക്യൂട്ട് ഒന്നാം ഘട്ടം.
തുഞ്ചത്ത് എഴുത്തച്ഛൻ, വൈക്കം മുഹമ്മദ് ബഷീർ, ഒ വി വിജയൻ, എം ടി വാസുദേവൻ നായർ തുടങ്ങി മലബാർ മേഖലയിലെ മറ്റ് പ്രമുഖ സാഹിത്യകാരന്മാർ ഉൾപ്പെടെയുള്ളവരുടെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ സാംസ്കാരിക, സാഹിത്യ സംഭാവനകളുമായി അടുത്ത ബന്ധമുള്ള സ്ഥലങ്ങൾ ഉൾക്കൊള്ളുന്നതിനാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
ഈ പദ്ധതിയുടെ ഭാഗമായി, കോഴിക്കോട് വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ടമാണ് നിലവിൽ പുരോഗമിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും ഇക്കോ ടൂറിസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ജൈവവൈവിധ്യ സർക്യൂട്ടും ടൂറിസം വകുപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൊല്ലം ജില്ലയിലെ അഷ്ടമുടിയിൽ നടപ്പിലാക്കുന്ന ഈ പദ്ധതി നിലവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഫെസ്റ്റാണ് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്. കേരളത്തെ സാഹസിക ജല കായിക മത്സരങ്ങളുടെ ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തിയ ഫെസ്റ്റാണ് ഇത്. അന്താരാഷ്ട്ര ടൂറിസം രംഗത്ത് ബേപ്പൂർ ഫെസ്റ്റ് ഇതിനകം തന്നെ വലിയ പ്രശസ്തി നേടിയിട്ടുണ്ട്. ഇതിന്റെ ഫലമായി വരും വർഷങ്ങളിൽ വിദേശ വിനോദസഞ്ചാരികളുടെ വരവിൽ വൻ വർധനവാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: kerala has its own programmes for cultural tourism; beypore water fest is also a hit