

കൊച്ചി: കൊച്ചിയില്‍ ഡോക്ടര്ക്ടര്ക്ക് എതിരായ ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡോ ജോണ്സണ് കെ വര്‍ഗീസ്. എറണാകുളം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പരാതിക്കാരിയുടെ കുടുംബ ഡോക്ടര്‍ ആണ് താനെന്നും ദീര്‍ഘകാലമായി തനിക്ക് കീഴില്‍ ചികിത്സ നടത്തുന്നുണ്ടെന്നും മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ ഡോക്ടര്‍ വ്യക്തമാക്കുന്നുണ്ട്. ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് ജോണ്സണ് കെ വര്‍ഗീസിന്റെ വാദം.
പരാതിക്കാരിയുമായി നല്ല സൗഹൃദത്തിലാണെന്ന് വാദം ഉന്നയിക്കുന്ന ഇയാള്‍ ബന്ധുവായ നടിക്ക് എതിരെയും ജാമ്യാപേക്ഷയില്‍ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പരാതിക്കാരിയുടെ ബന്ധുവായ നടി പണം തട്ടാന്‍ ശ്രമിച്ചു. കടവന്ത്രയിലെ ഫ്ലാറ്റില്‍ കെട്ടിയിട്ടും നഗ്നനാക്കിയും വീഡിയോ ചിത്രീകരിച്ചു. മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപണമുണ്ട്. നടി തന്നോട് പണം ആവശ്യപ്പെടുന്ന വാട്സ്ആപ് ചാറ്റ് ഉണ്ടെന്നും മര്‍ദ്ദനത്തിന് പരാതി നല്കിയ വിരോധമാണ് ബലാത്സംഗ കേസിന് പിന്നില്‍ എന്നുമാണ് ഡോക്ടര്‍ ഉയര്‍ത്തുന്ന വാദം.
നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. നടിയും ബിബിനും ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര് ചേര്‍ന്ന് വൈറ്റിലയിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജോണ്സണ് കെ വര്‍ഗീസ് കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. നടിയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയതെന്നായിരുന്നു പരാതിയില്‍ ഡോക്ടര്‍ ചൂണ്ടിക്കാട്ടിയത്. മുറിയില്‍ പൂട്ടിയിട്ട ശേഷം മര്‍ദ്ദിച്ചു. മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് ഫോണുകള്‍ തട്ടിയെടുത്തതായും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു. നടിയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഫ്ളാറ്റില്‍ പോയത്. രോഗിയെ ലഹരി നല്കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു മര്‍ദ്ദനമെന്നും ഡോക്ടറുടെ പരാതിയിലുണ്ടായിരുന്നു. സംഭവത്തിൽ നടി അടക്കമുള്ളവർ പിടിയിലാകുകയും ചെയ്തു.
എന്നാല്‍ ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പരാതിക്കാരനായ ഡോക്ടര്‍ക്കെതിരെ നടിയുടെ ബന്ധു പീഡന പരാതി നല്‍കുന്നത്. മദ്യം നല്കി ക്രൂരമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഡോ. ജോണ്സണ് കെ വര്‍ഗീസിന്റെ ഫോണില്‍ നിന്നും നിരവധി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ നടത്തുകയാണ്. ഡോക്ടറെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ നടി, നടന് ബിബിന്‍ പെരുമ്പള്ളി അടക്കം മൂന്ന് പേരെയാണ് നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Dr Johnson K Varghese has approached the Ernakulam Sessions Court seeking anticipatory bail in a case involving allegations of rape. In his petition, he claims to be the complainant's family doctor and says she has been receiving treatment under him for a long time. He has also argued that the allegations against him are fabricated.