'ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്'; വിദ്വേഷ യൂട്യൂബര്‍ ഷാജൻ സ്‌കറിയയെക്കുറിച്ചുള്ള ചോദ്യത്തോട് യൂസഫലി

'മഹാനായ അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അതിനെല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്'

'ഈ നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്'; വിദ്വേഷ യൂട്യൂബര്‍ ഷാജൻ സ്‌കറിയയെക്കുറിച്ചുള്ള ചോദ്യത്തോട് യൂസഫലി
dot image

ദുബായ്: വിദ്വേഷ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ഷാജന്‍ സ്‌കറിയ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചായിരുന്നു ചോദ്യം. എന്നാല്‍ ഇത്രയും നല്ല സമയത്ത് വേറെ എന്തൊക്കെ പറയാനുണ്ട്. നല്ല കാര്യങ്ങള്‍ പറയൂ എന്നായിരുന്നു യൂസഫലിയുടെ പ്രതികരണം. യൂട്യൂബര്‍ എന്നൊക്കെയല്ലാതെ തങ്ങളുടെ കാര്യങ്ങള്‍ ഒരുപാട് പറയാനുണ്ടല്ലോയെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു. ഊദ് അല്‍ മുതിനയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടന വേളയിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം എ യൂസഫലി.

ലോകത്തിലെ ഏറ്റവും നല്ല ഭരണഘടന നമ്മുടേത് ആണ്. ഞാന്‍ ഫ്‌ളൈറ്റിലിരുന്ന് ആ ഭരണഘടന വായിക്കാറുണ്ട്. മഹാനായ അംബേദ്കര്‍ എഴുതിയ ഭരണഘടനയില്‍ ആര്‍ക്കും എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അതിനെല്ലാത്തിനും ഒരു ലിമിറ്റ് ഉണ്ട്. അവിടെ വെച്ച് നിര്‍ത്തണം എന്നും യൂസഫലി പറഞ്ഞു.

അതേസമയം അപകീര്‍ത്തി കേസില്‍ ഷാജന്‍ സ്‌കറിയക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് ലുലു ഗ്രൂപ്പിന്റെ തീരുമാനം. യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ലുലു കമ്മ്യൂണിക്കേഷന്‍ മേധാവി വി നന്ദകുമാര്‍ പറഞ്ഞിരുന്നു. യൂട്യൂബര്‍ ക്ലിക്ക് ബൈറ്റുകള്‍ക്കും കാഴ്ചക്കാരെ കൂട്ടാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാകും മാന്യമായി നടന്ന് പോകുന്ന ഒരു സ്ഥാപനത്തിന് എതിരെ പ്രചരണം നടത്തുന്നത്. മാപ്പ് പറയുന്നതൊക്കെ അവരുടെ സ്വകാര്യ കാര്യമാണെന്നും എന്ന് കരുതി യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും ലുലു ഗ്രൂപ്പ് വിശദീകരിച്ചിരുന്നു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വീഡിയോയിലെ പരാമര്‍ശത്തില്‍ യൂസഫലി നിയമനടപടി സ്വീകരിച്ചതോടെയാണ് ക്ഷമാപണവുമായി ഷാജന്‍ സ്‌കറിയ രംഗത്തെത്തിയിരുന്നത്. 10 കോടി നഷ്ടപരിഹാര ആവശ്യപ്പെട്ടാണ് ലുലു ഗ്രൂപ്പ് മാനനഷ്ട ക്കേസ് കേസ് നല്‍കിയത്. മാപ്പ് പറയണം എന്നും ആവശ്യമുണ്ടായിരുന്നു. യൂസഫ് അലിയെ വ്യക്തിപരമായി അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉദ്ധേശിച്ചിട്ടില്ലെന്നാണ് പുറത്തുവന്ന വീഡിയോയില്‍ ഷാജന്‍ സ്‌കറിയ പറഞ്ഞത്.

2020 നവംബറിലാണ് കേസിനാസ്പതമായ വീഡിയോ മറുനാടന്‍ മലയാളി എന്ന യൂട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ചത്. ഇതില്‍ യൂസഫലിയ്‌ക്കെതിരെ സ്വര്‍ണ്ണക്കടത്തടക്കമുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. യൂസഫലിയ്ക്ക് പുറമെ ഫഹാസ് അഷ്‌റഫിനെതിരെയും ഈ വിഡിയോയില്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് വ്യാജ പ്രചരണങ്ങളില്‍ ലുലു ഗ്രൂപ്പ് നിയമനടപടി സ്വീകരിച്ചത്.

Content Highlights: Businessman M A Yusuffali responded to a question about controversial YouTuber Shajan Scaria, saying there was little more to discuss during the positive occasion

dot image
To advertise here,contact us
dot image