വിമത ഭീഷണിക്ക് പിന്നാലെ കെ സുധാകരനെ കണ്ട് T K ഗോവിന്ദൻ; സമുന്നതനായ നേതാവെന്ന് പ്രതികരണം

കെ സുധാകരന്റെ വീട്ടിലെത്തിയാണ് ടി കെ ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയത്

വിമത ഭീഷണിക്ക് പിന്നാലെ കെ സുധാകരനെ കണ്ട് T K ഗോവിന്ദൻ; സമുന്നതനായ നേതാവെന്ന് പ്രതികരണം
dot image

കണ്ണൂർ: തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ടി കെ ഗോവിന്ദൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരനെ സന്ദർശിച്ചു. സുധാകരന്റെ നടാലിലെ വീട്ടിൽവെച്ചായിരുന്നു കൂടിക്കാഴ്ച. തളിപ്പറമ്പിൽ ടി കെ ഗോവിന്ദനെതിരെ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് സന്ദർശനം.

അതേസമയം കെ സുധാകരനുമായി വ്യക്തിപരമായ വിരോധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം യുഡിഎഫിന്റെ സമുന്നതനായ നേതാവാണെന്നും ടി കെ ഗോവിന്ദൻ പ്രതികരിച്ചു. തന്റെ സ്ഥാനാർത്ഥിത്വത്തിന് യുഡിഎഫ് പിന്തുണ നൽകുമ്പോൾ സ്വാഭാവികമായും പാർട്ടിയിലെ സമുന്നതരായ നേതാക്കളെ കാണും. വിമതർ തന്റെ വിഷയമല്ല, അതെല്ലാം അവരുടെ പാർട്ടി നോക്കിക്കോളുമെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു. വരും ദിവസങ്ങളിൽ യുഡിഎഫിന്റെ മുതിർന്ന നേതാക്കളെ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മുമായി ഇടഞ്ഞ് പുറത്തുവന്ന നേതാക്കളെ യുഡിഎഫ് സ്ഥാനാർത്ഥികളാക്കുന്നതോടെ കോൺഗ്രസ് നേതാക്കൾക്ക് അവസരം നിഷേധിക്കപ്പെടുന്നു എന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് വിമത ഭീഷണി ഉയർത്തുന്നത്. ടി കെ ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ നാമനിർദേശ പത്രിക നൽകുമെന്നാണ് പുറത്തുവരുന്ന വിവരം. തളിപ്പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ അഭിമാനം സംരക്ഷിക്കാൻ അവൻ വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകളാണ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടത്.

സിപിഐഎമ്മിൽ നിന്നും വരുന്നവരെ സ്ഥാനാർത്ഥിയാക്കുന്ന തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ പ്രതിഷേധം നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. പിന്നാലെ പാർട്ടിക്കുള്ളിലെ പ്രതിഷേധം പരസ്യമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

തളിപ്പറമ്പിൽ ആന്തൂർ നഗരസഭ മുൻ അധ്യക്ഷയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പങ്കാളിയുമായ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ അതൃപ്തി പരസ്യമാക്കിയാണ് മുതിർന്ന സിപിഐഎം നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന ടി കെ ഗോവിന്ദൻ പാർട്ടിവിട്ടത്.

പാർട്ടിയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താൻ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞിരുന്നു. പിന്നാലെയാണ് തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതും യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചതും.

Content Highlights: Independent candidate from Taliparamba, T K Govindan, met senior Congress leader K Sudhakaran

dot image
To advertise here,contact us
dot image