'ടി കെ ഗോവിന്ദൻ എക്സ് കമ്മ്യൂണിസ്റ്റ്'; സിപിഐഎം പുറത്താക്കി

പാർട്ടിക്കെതിരെ പച്ചനുണയാണ് ടി കെ ഗോവിന്ദൻ പറഞ്ഞത് എന്നും അദ്ദേഹത്തിന്റേത് പാർലമെൻ്ററി അവസരവാദമാണെന്നും രാഗേഷ്

'ടി കെ ഗോവിന്ദൻ എക്സ് കമ്മ്യൂണിസ്റ്റ്'; സിപിഐഎം പുറത്താക്കി
dot image

കണ്ണൂർ: പാർട്ടിക്കെതിരെ രംഗത്തുവന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനെ സിപിഐഎം പുറത്താക്കി. ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ് ഗോവിന്ദനെ പുറത്താക്കിയതായി പ്രഖ്യാപിച്ചത്. പാർട്ടിക്കെതിരെ പച്ച നുണയാണ് ടി കെ ഗോവിന്ദൻ പറഞ്ഞത് എന്നും അദ്ദേഹത്തിന്റേത് പാർലമെൻ്ററി അവസരവാദമാണെന്നും രാഗേഷ് പറഞ്ഞു. ടി കെ ഗോവിന്ദൻ എക്സ് കമ്മ്യൂണിസ്റ്റ് ആണെന്നും രാഗേഷ് കുറ്റപ്പെടുത്തി.

പി കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഗോവിന്ദൻ ഉന്നയിച്ച വിമർശനങ്ങളും രാഗേഷ് തള്ളി. ടി കെ ഗോവിന്ദൻ ആരോപിച്ചത് നീചമായ കാര്യങ്ങളാണെന്നും ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് എന്നും രാഗേഷ് പറഞ്ഞു. കണ്ണൂരിൽ രണ്ട് വനിതാ സ്ഥാനാർഥികൾ വേണമെന്നാണ് പാർട്ടി നിശ്ചയിച്ചത്. പാര്‍ട്ടിയ്ക്ക് നല്‍കിയ സംഭാവന, ചുമതലകള്‍ എന്നിവ പരിഗണിച്ചാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. പികെ ശ്യാമള 40 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് പാരമ്പര്യമുളള നേതാവാണ്. പഠന കാലം മുതലേ പാര്‍ട്ടി പ്രവര്‍ത്തകയാണ് അവർ എന്നും രാഗേഷ് പറഞ്ഞു.

ഗോവിന്ദൻ സണ്ണി ജോസഫിനും യുഡിഎഫ് നേതൃത്വത്തിനും വേണ്ടി വിടുപണി ചെയ്യുകയാണെന്നും രാഗേഷ് വിമർശിച്ചു. ശൈലജയെ നാടുകടത്തിയത് എന്തിന് എന്ന് ഗോവിന്ദൻ ഇന്നലെ ചോദിച്ചിരുന്നു. അതിന് മറുപടി നൽകുകയായിരുന്നു രാഗേഷ്. ശൈലജയെ മത്സരിപ്പിച്ചാൽ പേരാവൂർ പിടിച്ചെടുക്കാമെന്ന് സംസ്ഥാന കമ്മിറ്റിയോട് ജില്ലാ കമ്മിറ്റി പറഞ്ഞു. ശൈലജ ടീച്ചറും സംസ്ഥാന കമ്മിറ്റിയും അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് പേരാവൂരിൽ ടീച്ചർ സ്ഥാനാർഥിയായത് എന്നും രാഗേഷ് വിശദ്ദീകരിച്ചു.

ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിൽ ഗോവിന്ദൻ ശ്യാമളയ്ക്കെതിരെ ഉയർത്തിയ ആരോപണങ്ങളിലും രാഗേഷ് മറുപടി നൽകി. വളരെ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടു എന്നായിരുന്നു ഗോവിന്ദൻ പറഞ്ഞത്. എന്നാൽ ഗോവിന്ദൻ്റേത് പെരുംനുണയാണെന്നും സാജൻ്റെ മരണത്തിന് കാരണമായ കെട്ടിടത്തിന് ഇപ്പോഴും പെർമിറ്റ് കിട്ടിയിട്ടില്ല എന്നും രാഗേഷ് പറഞ്ഞു.

Content Highlights: t k govindan expelled from cpim, said district secretary k k ragesh

dot image
To advertise here,contact us
dot image