

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി കെ ഗോവിന്ദനെ തളിപ്പറമ്പില്‍ പിന്തുണയ്ക്കാന്‍ യുഡിഎഫ്. ഇതുസംബന്ധിച്ച് ടി കെ ഗോവിന്ദനുമായി യുഡിഎഫ് നേതൃത്വം ധാരണയിലെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവരാണ് ചര്‍ച്ചകള്‍ നടത്തിയത്. തളിപ്പറമ്പിലെ യുഡിഎഫ് നിലപാട് നാളെ പ്രഖ്യാപിക്കും.
യുഡിഎഫ് പിന്തുണ നല്‍കിയാല്‍ സ്വീകരിക്കുമെന്നും വര്‍ഗീയ കക്ഷികളുടെ പിന്തുണ സ്വീകരിക്കില്ലെന്നും ടികെ ഗോവിന്ദന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചാണ് ഗോവിന്ദന്‍ പാര്‍ട്ടി തീരുമാനത്തോട് എതിര്‍പ്പുയര്‍ത്തിയത്. തളിപ്പറമ്പില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പങ്കാളികൂടിയായ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതിലെ അതൃപ്തിയാണ് ടി കെ ഗോവിന്ദന്റെ പരസ്യമായ വിമര്‍ശനത്തിലേക്ക് നയിച്ചത്.
പാര്‍ട്ടിയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രവണതകളാണ് കാണുന്നതെന്നും അതിനെ ശക്തമായി എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്തെങ്കിലും ആരും മാറ്റം വരുത്താന്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. ഒന്നുകില്‍ ഇതിനെല്ലാം വഴങ്ങി അവിടെ നില്‍ക്കണം, അല്ലെങ്കില്‍ പുറത്തുപോകണം എന്ന അവസ്ഥയായെന്നും ഈ അനീതിയെ ചെറുത്തില്ലെങ്കില്‍ തളിപ്പറമ്പിലെ പാര്‍ട്ടി ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്.
പാർട്ടി ഗ്രാമമായ മലപ്പട്ടത്ത് നിന്നുള്ള നേതാവ് കൂടിയാണ് ടി കെ ഗോവിന്ദൻ. നിലവിൽ കൈത്തറി വികസന കോർപ്പറേഷൻ ചെയർമാനാണ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി ചെയർമാനായിരുന്നു. ശ്രീകണ്ഠപുരം, മയ്യിൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
Content Highlights: UDF to support TK Govindan in Thaliparamba