

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥി ആയേക്കും. വേങ്ങരയിൽ കുഞ്ഞാലിക്കുട്ടിക്ക് പകരം കെ എം ഷാജിയെ രംഗത്തിറക്കാനാണ് നീക്കം. കാസർകോട് മണ്ഡലത്തിൽ കെ എം ഷാജിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക എതിർപ്പുയർന്ന പശ്ചാത്തലത്തിലാണ് നീക്കം.
കെ എം ഷാജി കാസർകോട് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ജില്ലയ്ക്ക് വേണ്ടത് കാസർകോടിന്റെ സ്വന്തം സ്ഥാനാർത്ഥിയെയാണെന്നും ഇറക്കുമതി സ്ഥാനാർത്ഥി വേണ്ടെന്നും എഴുതിയ പോസ്റ്ററുകൾ 'ഞങ്ങൾ ലീഗുകാർ' എന്ന പേരിൽ നഗരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2011, 2016, 2021 കാലഘട്ടത്തിലായിരുന്നു കുഞ്ഞാലിക്കുട്ടി വേങ്ങരയിൽ നിന്ന് മത്സരിച്ച് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70,381 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സിപിഐഎമ്മിന്റെ പി ജിജിയെ ആയിരുന്നു കുഞ്ഞാലിക്കുട്ടി പരാജയപ്പെടുത്തിയത്.
അതേസമയം മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. പി എം സാദിഖലിയെ തിരൂരങ്ങാടിയിൽ പരിഗണിക്കുന്നുണ്ട്. എന്നാൽ നിലവിൽ താൻ പ്രതിനിധാനം ചെയ്യുന്ന കൊടുവള്ളി മണ്ഡലം തന്നെ ഇത്തവണയും വേണമെന്ന ആവശ്യം എം കെ മുനീർ ഉന്നയിച്ചതായാണ് വിവരം. കോഴിക്കോട് സൗത്തിലേക്ക് മുനീറിനെ പരിഗണിക്കാനിരിക്കെയാണ് ആവശ്യമുന്നയിച്ചത്. അതേസമയം മഞ്ഞളാംകുഴി അലിയെ മങ്കടയിൽനിന്ന് മാറ്റിയേക്കും. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുന്നോടിയായി ലീഗിൽ അവസാനവട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകീട്ടോടെ ചർച്ചകൾ പൂർത്തിയാക്കി നാളെ പാണക്കാടുവെച്ച് സാദിഖലി തങ്ങൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയേക്കും.
Content Highlights: P K Kunhalikutty may will be a candidate in Malappuram, and K M Shaji may contest in vengara