

ആലപ്പുഴ: അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ എംഎസ്എഫ് പരിപാടിയില്‍ പങ്കെടുത്ത് ജി സുധാകരന്‍. മുഹമ്മദ് അസ്ലം അനുസ്മരണത്തിലും സൗഹൃദ ഇഫ്താര്‍ സംഗമത്തിലുമാണ് ജി സുധാകരന്‍ പങ്കെടുത്തത്. എംഎസ്എഫ് വടക്ക് കമ്പിവളപ്പ് വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസം സിപിഐഎം നടത്തിയ പ്രകടനത്തെ പരിഹസിച്ച് ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. ഒരു സ്വതന്ത്രനായ തന്നെ നേരിടാന്‍ ഇത്ര വലിയ കോലാഹലം ആവശ്യമുണ്ടോയെന്നായിരുന്നു പരിഹാസം. 5000 പേര്‍ പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പറഞ്ഞതെന്നും എന്നാല്‍ പാര്‍ട്ടി മെമ്പര്‍മാര്‍ പകുതി പോലും പരിപാടിയില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം കുറിച്ചു.
സിപിഐഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും യോഗവും സംഘടിപ്പിച്ചിരുന്നു. വി എസ് അച്യുതാനന്ദന്റെ വീടിന് സമീപത്തുനിന്ന് ആരംഭിച്ച പ്രകടനം സുധാകരന്റെ വീടിന് സമീപത്തെ ജംങ്ഷനിലാണ് സമാപിച്ചത്.
സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,' സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Content Highlights: G Sudhakaran participating in MSF program