'സുധാകരേട്ടന്‍ വഴിയാധാരമാകില്ല'; കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍

സുധാകരനെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പത്മജ

'സുധാകരേട്ടന്‍ വഴിയാധാരമാകില്ല'; കെ സുധാകരനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍
dot image

തൃശൂര്‍: മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എംപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് പത്മജ വേണുഗോപാല്‍. സുധാകരന്‍ വഴിയാധാരം ആകില്ലെന്നും നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരനോട് അനീതി കാണിച്ചവര്‍ കെ സുധാകരനോട് അനീതി കാട്ടുന്നതില്‍ അതിശയമില്ലെന്നും പത്മജ വേണുഗോപാല്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണ് പത്മജ വേണുഗോപാലിന്‍റെ നീക്കം.

'നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടു വരാന്‍ തയ്യാറായി നില്‍ക്കുന്നു. നിലവിലെ സാഹചര്യത്തില്‍, സുധാകരേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. മരണം വരെ തൃശൂരിലെ തോല്‍വിയില്‍ കരുണാകരന് വേദനയായിരുന്നു. സുധാകരനെ പോലുള്ള ആളുകള്‍ ബിജെപിയിലേക്ക് വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം. കോണ്‍ഗ്രസ് ഉണ്ടാക്കിയ കെ കരുണാകരന്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില്‍ കെ സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില്‍ എന്താണ് അതിശയം. കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നപ്പോഴും വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് സുധാകരേട്ടന്‍', പത്മജ വേണുഗോപാല്‍ പറഞ്ഞു.

അതേസമയം കണ്ണൂരില്‍ മത്സരിക്കുമെന്ന് ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

Content Highlights: Padmaja Venugopal invite K Sudhakaran to BJP

dot image
To advertise here,contact us
dot image