

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അമേരിക്ക പറയുന്നത് പോലെയാണ് ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അപമാനകരമായ അവസ്ഥയാണ് ഇതെന്നും ഗോവിന്ദൻ പറഞ്ഞു. അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുകയാണ് എന്നും ഗോവിന്ദൻ വിമർശിച്ചു.
ഇടതുപക്ഷം ഇക്കാര്യം നേരത്തെ മുന്നറിയിപ്പ് നൽകിയതാണെന്നും അവ സംഭവിക്കുന്നതാണ് കാണുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണം. സാമ്രാജ്യത്വ അനുകൂല സമീപനത്തിനെതിരായി ജനകീയ മുന്നേറ്റം രൂപപ്പെടുത്തണം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ അങ്ങോളമിങ്ങോളം പാചകവാതക ക്ഷാമം രൂക്ഷമാണ്. റസ്റ്റോറന്റുകൾ, ഹോസ്റ്റലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ഭക്ഷണം മുടങ്ങുന്നില്ല എന്നുറപ്പുവരുത്താനുള്ള സാഹചര്യം ഉണ്ടാക്കണം. സ്‌കൂളുകളിൽ ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പാർട്ടി പ്രവർത്തകർ അടക്കം ഇടപെടണം. കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നിലപാടാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് ഇപ്പോഴും സ്വീകരിക്കുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. എല്ലാം സുരക്ഷിതമാണ് എന്ന കേന്ദ്രസർക്കാരിന്റെ മറുപടി പച്ചക്കള്ളമാണെന്ന് തെളിയുകയാണ് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ദേശീയപാത ഉദ്‌ഘാടന വിവാദത്തിലും ഗോവിന്ദൻ പ്രതികരിച്ചു. ശിലാഫലകത്തിൽ റിയാസിന്റെ പേരുണ്ടായിരുന്നെങ്കിലും രാഷ്ട്രീയനിലപാടിന്റെ പേരിൽ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നൽകാത്ത തുകയാണ് ഭൂമി ഏറ്റെടുക്കാനായി കേരളം നൽകിയത്. കേന്ദ്രമന്ത്രി പോലും ഇത് അംഗീകരിച്ചതാണ്. ഇത്തരത്തിൽ സംസ്ഥാന സർക്കാരിന്റെ അവകാശങ്ങളെ ഇല്ലാതാകുന്ന നടപടി പ്രതിഷേധാർഹമാണ് എന്നും ഗോവിന്ദൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശന വിഷയത്തിൽ നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് സർക്കാർ മറുപടി നൽകണമെന്ന് പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനിച്ചതായും ഗോവിന്ദൻ വ്യക്തമാക്കി. ഇന്നത്തെ പരിസ്ഥിതിയിൽ നിന്നുകൊണ്ട് കാര്യങ്ങൾ പരിശോധിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ശബരിമല പ്രശ്നം മാത്രമല്ല കോടതി പരിശോധിക്കുന്നത്. എല്ലാ മതങ്ങളുമായും ബന്ധപ്പെട്ട കാര്യമാണത്. എല്ലാകാലത്തും വിശ്വാസികളുടെ വികാരത്തെ മാനിച്ചുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഐഎം എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ജി സുധാകരന്‍റെ കാര്യത്തിൽ ഇനി അനുനയശ്രമം ഉണ്ടാകില്ലെന്നും അദ്ദേഹത്തിന് എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. സുധാകരന്റെ വിയോജിപ്പിന് കാരണമായ ചിരി താൻ ഇപ്പോഴും ചിരിക്കുന്നുണ്ട് എന്നും ഗോവിന്ദൻ പരിഹസിച്ചു. അയാൾക്ക് ബുദ്ധിയില്ലാത്തതുകൊണ്ടല്ലേ പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് എന്നും ഗോവിന്ദൻ വിമർശിച്ചു. അമ്പലപ്പുഴ സിപിഐഎമ്മിന്റെ ഉറച്ച സീറ്റാണെന്നും പാർട്ടി വിജയിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
Content Highlights: CPIM state secretary M V Govindan strongly criticized the central government over the ongoing cooking gas crisis. He alleged that the Union government is following policies dictated by the United States, which he described as humiliating for the country