'ദേ ഒരു വിന്‍റേജ് സുന്ദരി'; പുതിയ ലുക്കിൽ കെഎസ്ആർടിസി, 70കളിലെ മോഡൽ ബസ് പുറത്തിറക്കി

പൈതൃകവും സംസ്കാരവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പഴയകാല ബസ് പുറത്തിറക്കിയതെന്ന് കെ ബി ഗണേഷ് കുമാർ

'ദേ ഒരു വിന്‍റേജ് സുന്ദരി'; പുതിയ ലുക്കിൽ കെഎസ്ആർടിസി, 70കളിലെ മോഡൽ ബസ് പുറത്തിറക്കി
dot image

തിരുവനന്തപുരം: പച്ച നിറത്തില്‍ പഴയ മോഡലിലുള്ള ഒരു ബസ് തിരുവനന്തപുരം നഗരത്തില്‍ കണ്ടാലും പൊതുജനങ്ങള്‍ അമ്പരപ്പെടേണ്ടതില്ല. അത് കെഎസ്ആര്‍ടിസിയുടെ പുതിയ 'വിന്‍റേജ് ലുക്ക്' ബസാണ്. ലക്ഷ്വറി ബസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'വിന്റേജ് ലുക്കി'ല്‍ പുതിയ ബസ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. എഴുപതുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ രൂപത്തിലാണ് തലസ്ഥാനത്ത് പുതിയ കെഎസ്ആര്‍ടിസികള്‍ ഓടുക. കിഴക്കേക്കോട്ട- കവടിയാര്‍- പേരൂര്‍ക്കട റൂട്ടിലാണ് നിലവില്‍ 'വിന്റേജ് ബസ്' ഇറക്കിയിരിക്കുന്നത്. ആദ്യ സര്‍വീസ് കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ നിന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

2013 മോഡല്‍ ബസാണ് ബോഡി മാറ്റി വിന്റേജ് ലുക്കില്‍ പുറത്തിറക്കിയത്. തലസ്ഥാനത്ത് താമസിക്കുന്നവര്‍ക്ക് വേറിട്ട അനുഭവം നല്‍കാന്‍ ഈ ബസിന് കഴിയുമെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. വിദേശ രാജ്യങ്ങളിലും മറ്റുമെല്ലാം ആളുകള്‍ അവരുടെ സംസ്‌കാരവും പൈതൃകവും നിലനിര്‍ത്താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്നും കേരളത്തിലും അത് അത്യാവശ്യമാണ്. പഴയ തലമുറയില്‍പ്പെട്ട ആളുകള്‍ക്ക് ഈ ബസ് കാണുമ്പോള്‍ ഏറെ സന്തോഷമാകും. കെഎസ്ആര്‍ടിസിയുടെ പ്രതാപകാലത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ബസ്. പഴയ മോഡലില്‍ തയ്യാറാക്കിയെങ്കിലും ബസിന് അത്രയും കാലപ്പഴക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി.

Content Highlight; Vintage KSRTC Bus Launched in Thiruvananthapuram; Minister K. B. Ganesh Kumar Flags Off Nostalgic Ride

dot image
To advertise here,contact us
dot image