ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി

പാചകവാതക ക്ഷാമത്തിൽ ജയിലിലും പ്രതിസന്ധി

ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ പ്രതിസന്ധി, വിഭവങ്ങളിൽ ചിലത് ഒഴിവാക്കി
dot image

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി സംസ്ഥാനത്തെ ജയിലുകളെയും ബാധിച്ചുതുടങ്ങി.

പൂജപ്പുര സെൻട്രൽ ജയിൽ അടക്കം സംസ്ഥാനത്തെ വിവിധ ജയിലുകളെയാണ് പ്രതിസന്ധി

ബാധിച്ചുതുടങ്ങിയത്. ഇതോടെ തടവുകാർ ഉണ്ടാക്കി പുറത്തുവിൽക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കാനുള്ള തീരുമാനമെടുക്കാൻ ജയിൽ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്. ഇതോടെ ജയിൽ വകുപ്പിന്റെ ഫുഡ് കൗണ്ടറുകളില്‍ ലഭിക്കുന്ന ഭക്ഷണത്തിൽ കുറവ് വന്നുതുടങ്ങും.

ഏജൻസികൾ പാചകവാത സിലിണ്ടറുകൾ കുറച്ചതോടെയാണ് ഭക്ഷണം ഉണ്ടാക്കിനൽകുന്നത് കുറയ്ക്കാൻ ജയിൽ അധികൃതർ തീരുമാനിച്ചത്. ഇതോടെ പുറത്തുവിൽക്കുന്ന ഭക്ഷണം ചപ്പാത്തിയും കറികളും മാത്രമായി ജയിൽ അധികൃതർ പരിമിതപ്പെടുത്തി. ഇനിയും സിലിണ്ടറുകൾ കുറച്ചാൽ പൂർണമായും ഭക്ഷണവിതരണം നിർത്താനാണ് തീരുമാനം. എന്നാൽ ജയിലിനുള്ളിലെ ഭക്ഷണത്തിൽ കുറവ് വരുത്താൻ നീക്കമില്ലെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.

ജയിൽ വകുപ്പിന് ലാഭം നേടിക്കൊടുത്ത സംരംഭമാണ് 'ഫുഡ് ഫോർ ഫ്രീഡം'. തടവുപുള്ളികൾ വെച്ചുണ്ടാക്കുന്ന ഭക്ഷണമാണ് ഫുഡ് കൗണ്ടറുകളിലൂടെ ജയിൽ അധികൃതർ പൊതുജനങ്ങൾക്ക് നൽകുന്നത്. വലിയ വിലക്കുറവാണ് ഈ ഭക്ഷണത്തിന്. അതിനാൽ സാധാരണക്കാരായ നിരവധി പേർ ഈ സംവിധാനത്തെ ആശ്രയിച്ചിരുന്നു.

ജയിലിൽ മാത്രമല്ല, സംസ്ഥാനത്തെ ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ എല്ലാം പാചകവാതക പ്രതിസന്ധി മൂലം ആശങ്കയിലാണ്. പല ഹോട്ടലുകളും ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു.

തലസ്ഥാനത്തെ ഹോട്ടൽ മേഖലയ്ക്കും വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഗ്യാസ് ലഭിക്കാത്തതിനെ തുടർന്ന് ഇന്നലെ മുതൽ പല ഹോട്ടലുകളും കടകളും അടച്ചിടേണ്ട സാഹചര്യം ഉണ്ടായി. ഇന്നും പ്രതിസന്ധി തുടരുന്നതിനാൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടി വരുമെന്ന ആശങ്കയാണ് വ്യാപാരികൾ ഉയർത്തുന്നത്. ഗ്യാസ് തീർന്നതോടെ തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ അലായീസ് റസ്റ്റോറന്റ് അടച്ചിട്ട നിലയിലാണ്.

ഓർഡറുകൾ സ്വീകരിച്ച് പ്രവർത്തിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളും എന്ത് ചെയ്യണം എന്നറിയാതെ പ്രതിസന്ധിയിലാണ്. വിറകടുപ്പുകളിലേക്ക് മാറാൻ കൂടുതലും സമയവും സ്ഥലവും വേണ്ടതിനാൽ അക്കാര്യം അത്ര പ്രായോഗികമല്ല എന്നാണ് കാറ്ററിങ് ഉടമകളുടെ പക്ഷം.

അതേസമയം, രാജ്യത്തെ എൽപിജി പ്രതിസന്ധിയിൽ ആശങ്ക വേണ്ട എന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ആളുകൾ തിരക്ക് കൂട്ടി സിലിണ്ടർ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നുമാണ് മന്ത്രാലയം അറിയിച്ചത്. കേന്ദ്ര പെട്രോളിയം മന്ത്രാലയ ഉദ്യോഗസ്ഥരും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും നടത്തിയ പത്രസമ്മേളനത്തിലാണ് ജനങ്ങളോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടത്.

ഇന്ത്യയുടെ ആഭ്യന്തര എൽപിജി ഉത്പാദനം 25% വർധിപ്പിക്കാൻ നിർദേശം നൽകിയെന്നും വാർത്താസമ്മേളനത്തിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ഏൽപിജിയുമായുള്ള കപ്പലുകൾ ഇന്ത്യയിലേക്ക് പുറപ്പെട്ടുകഴിഞ്ഞുവെന്നും രണ്ട് ദിവസത്തിനകം അവ ഇവിടെയെത്തുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ മൊത്തം ഉപഭോഗത്തിന്റെ 60% ഏൽപിജിയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. അതിൽ 90%വും ഹോർമുസ് കടലിടുക്ക് വഴിയാണ് വരുന്നത്.

പ്രധാനപ്പെട്ട റിഫൈനറികളായ ഐഒസിഎൽ. എച്ച്പിസിഎൽ, ബിപിസിഎൽ എന്നിവരോട് ഉത്പാദനം വർധിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കമ്പനികളിലെ പ്രതിനിധികൾ ഉൾപ്പെട്ട ഒരു സമിതി സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

Content Highlights: LPG shortage in Kerala begins to impact prisons including Poojappura Central Jail, forcing authorities to drop some food items prepared by inmates due to cooking gas scarcity.

dot image
To advertise here,contact us
dot image