

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്ത മുന്‍ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനോട് വിശദീകരണം തേടി പാര്‍ട്ടി. പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് എ പത്മകുമാറിന് തപാലില്‍ നോട്ടീസ് അയച്ചു. വിശദീകരണം ലഭിച്ചശേഷം നടപടി എടുത്തേക്കും. നോട്ടീസ് അയച്ചത് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും കഴിഞ്ഞ ദിവസം പത്മകുമാറിനെ നീക്കിയിരുന്നു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കഴിഞ്ഞെങ്കിലും എ പത്മകുമാറിനെ ഇതുവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് നീക്കം ചെയ്തിട്ടില്ല. സിപിഐഎമ്മിന്റെ ആഭ്യന്തര വിഷയങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകറ്റിനിര്‍ത്താനാണ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിക്കൊണ്ടുള്ള നീക്കമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മാര്‍ച്ച് നാലാം തീയതിയായിരുന്നു പത്മകുമാര്‍ ജയില്‍ മോചിതനായത്. അഭിഭാഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമായിരുന്നു പത്മകുമാര്‍ പുറത്തേയ്ക്ക് പോയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.
കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനുട്സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തത്.
Content Highlights: cpim seeks explanation from a padmakumar on sabarimala gold theft case