പോറ്റിയുടെ പരാതിക്ക് പിന്നില്‍ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്‍

പരാതിക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നും അത് ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ലെന്നും കടകംപള്ളി പ്രതികരിച്ചു

പോറ്റിയുടെ പരാതിക്ക് പിന്നില്‍ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗൂഢാലോചനയെന്ന് കടകംപള്ളി സുരേന്ദ്രന്‍
dot image

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകിയതിൽ പ്രതികരിച്ച് മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രൻ.

കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും തെരഞ്ഞെടുപ്പിൽ തനിക്കും ഇടതുപക്ഷത്തിനും മുൻകൈയുള്ളതിനാൽ തന്നെ അപമാനിക്കാൻ നടത്തുന്ന നീക്കമാണിതെന്നും അദേഹം പറഞ്ഞു. പരാതിക്ക് പിന്നിൽ ആരാണെന്ന് അറിയാമെന്നും അത് ഇപ്പോൾ പറഞ്ഞാൽ ശരിയാവില്ലെന്നും കടകംപള്ളി പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു കടകംപള്ളി സുരേന്ദ്രൻ്റെ പ്രതികരണം.

ഉണ്ണികൃഷ്ണൻ പോറ്റി പരാതി നൽകിയതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തി എല്ലാവർക്കും സുപരിചിതനായ ആളാണ്. ആരാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. പരാതിക്ക് പിന്നിലെ കാരണം എന്താണെന്ന് അറിയാൻ പോറ്റിയോട് തന്നെ ചോദിക്കേണ്ടിവരുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇന്നലെ പ്രതികരിക്കാതിരുന്നത് പ്രതിഭ എന്ന വ്യക്തി ആരാണെന്ന് വ്യക്തമാകാത്തതിനാലാണ്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സ്കൂൾ നടത്തുന്ന ആളാണ് പ്രതിഭ എന്നറിഞ്ഞത്. തന്റെ നിയോജകമണ്ഡലത്തിൽ ഉള്ള ഒരു സ്കൂൾ നടത്തിയിരുന്ന വ്യക്തിയാണ് പ്രതിഭ. ഇവർക്ക് സാമ്പത്തിക പ്രതിസന്ധി ഉള്ളതായി കേട്ടിട്ടുണ്ട്. ചില ആളുകൾ അക്കാര്യം പറഞ്ഞ് സമീപിച്ചിരുന്നു. അന്ന് പാർട്ടി നേതാക്കളെ കാണാനാണ് പറഞ്ഞത്. അങ്ങനെ ഒരു സ്ത്രീയുടെ സാമ്പത്തിക വിഷയത്തിൽ തനിക്ക് ബന്ധമില്ല. പിന്നെ എന്തിനാണ് പോറ്റി തനിക്കെതിരെ പരാതി നൽകിയതെന്നും അറിയില്ല. ആകെ അറിയാവുന്നത് യു പ്രതിഭയെ മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ പരാതിക്ക് പിന്നിൽ പ്രത്യേക ലക്ഷ്യമുണ്ട്. രണ്ടാഴ്ചയ്ക്കുശേഷം എല്ലാം വ്യക്തമാകും. തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്നിരിക്കെയാണ് ആരോപണങ്ങളെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മാധ്യമങ്ങൾക്ക് നേരെയും കടകംപള്ളി സുരേന്ദ്രൻ വിമർശനമുന്നയിച്ചു. മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നതിന് മുൻപ് അന്വേഷിക്കാമായിരുന്നുവെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. എന്തിനാണ് ഇത്തരത്തിൽ കരിവാരി തേക്കുന്നത്? പരാതിയുമായി ബന്ധപ്പെട്ട് തുമ്പ പൊലീസിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും അദേഹം പറഞ്ഞു.

അതേസമയം കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി നല്‍കിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. തുമ്പ പൊലീസ് പ്രാഥമികാന്വേഷണം നടത്തുമെന്നാണ് വിവരം. സംസ്ഥാന പൊലീസ് മേധാവിയാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തനിക്കെതിരെ കടകംപള്ളി ഗൂഢാലോചന നടത്തിയെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പരാതി.

ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും. കടകംപള്ളിയുടെയും പ്രതിഭ എന്ന കഴക്കൂട്ടം സ്വദേശിനിയുടെയും പങ്കാണ് അന്വേഷിക്കുക. പങ്ക് തെളിഞ്ഞാല്‍ കേസെടുക്കാനാണ് നിര്‍ദേശം. ഒരിക്കല്‍ പിന്‍വലിച്ച പരാതി വീണ്ടും ഉയര്‍ന്നതാണ് അന്വേഷണത്തിന് കാരണം. പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് പോറ്റി ആരോപിച്ചിരുന്നു. താന്‍ പുറത്തിറങ്ങുന്നത് തടയാന്‍ കടകംപള്ളി ശ്രമിക്കുകയാണെന്നും കടകംപള്ളിക്കെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പോറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയത്.

Content Highlights: Kadakampally Surendran responds to complaint filed by Unnikrishnan Potty alleging conspiracy against him

dot image
To advertise here,contact us
dot image