റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ മുഖ്യമന്ത്രി ജനപ്രിയൻ; പ്രവര്‍ത്തനത്തിന് മികച്ച മാര്‍ക്ക് നല്‍കി ജനം

മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയൻ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്നാണ് റിപ്പോർട്ടർ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നത്

റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ മുഖ്യമന്ത്രി ജനപ്രിയൻ; പ്രവര്‍ത്തനത്തിന് മികച്ച മാര്‍ക്ക് നല്‍കി ജനം
dot image

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷൻ സര്‍വേയില്‍ മുഖ്യമന്ത്രിക്ക് മികച്ച സ്വീകാര്യത. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനത്തെ വിലയിരുത്തുന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ വളരെ മികച്ചതെന്ന ഉത്തരമാണ് നല്‍കിയത്. വളരെ മികച്ചത്, മികച്ചത്, ശരാശരി, മോശം, വളരെ മോശം എന്നിങ്ങനെയായിരുന്നു ചോദ്യങ്ങള്‍. ഇതില്‍ 31.54 ശതമാനം പേര്‍ വളരെ മികച്ചതെന്ന ഉത്തരമാണ് തെരഞ്ഞെടുത്തത്. 24.12 ശതമാനം പേര്‍ മികച്ചത്, 7.2 ശതമാനം പേര്‍ ശരാശരി, 22.53 ശതമാനം പേര്‍ മോശം, 14.61 ശതമാനം പേര്‍ വളരെ മോശം എന്ന ഉത്തരവുമാണ് തെരഞ്ഞെടുത്തത്.

രണ്ട് തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ ജനം ഇരുകയ്യും നീട്ടി സ്വീകരിച്ചുവെന്നാണ് സര്‍വേയില്‍ സൂചിപ്പിക്കുന്നത്. മൂന്നാമതും അധികാരത്തില്‍ വരുമെന്ന എല്‍ഡിഎഫിന്റെ പ്രതീക്ഷയ്ക്ക് കരുത്തേകുന്നതാണ് റിപ്പോര്‍ട്ടര്‍ സര്‍വേ. 2016 മുതല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി തുടരുന്ന പിണറായി വിജയന്‍ നിലവില്‍ ആഭ്യന്തര വകുപ്പിന്റെയും പൊതുഭരണം ഉള്‍പ്പെടെ 27 വകുപ്പുകളുടെയും അധിക ചുമതല കൂടി വഹിക്കുന്നുണ്ട്.

മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ ഒമ്പതാം റാങ്കാണ് ധര്‍മ്മടം എംഎല്‍എയായ മുഖ്യമന്ത്രിക്ക് ലഭിച്ചത്. 2021ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സി രഘുനാഥനെ 50123 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പിണറായി വിജയന്‍ നിയമസഭയിലെത്തിയത്. 2016ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മമ്പറം ദിവാകരനെ 36,905 വോട്ടിനായിരുന്നു അദ്ദേഹം തോല്‍പ്പിച്ചത്.

എസ്എഫ്‌ഐയുടെ പൂര്‍വ സംഘടനയായ കെഎസ്എഫിലൂടെയായിരുന്നു പിണറായി വിജയന്റെ രാഷ്ട്രീയപ്രവേശം. കെഎസ്എഫ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പിണറായി വിജയന്‍ നിരവധി വിദ്യാര്‍ത്ഥി സമര മുന്നേറ്റങ്ങളില്‍ നേതൃത്വം വഹിച്ചു. കെഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരുന്നു. 1964-ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായത്. പിന്നീട് തലശേരി മണ്ഡലം സെക്രട്ടറിയായി, ജില്ലാകമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പിണറായി വിജയന്‍ 1978-ലാണ് സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 1998-ല്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി സ്ഥാനത്തിരുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ പിണറായി വിജയന്‍. ഇക്കുറിയും ധര്‍മ്മടത്തില്‍ പിണറായി വിജയന്‍ തന്നെയായിരിക്കും എല്‍ഡിഎഫിനായി മത്സരിക്കുക.


അതേസമയം കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: Reporter Election Survey Result people give good mark to CM Pinarayi Vijayan

dot image
To advertise here,contact us
dot image