

തിരുവനന്തപുരം: ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ക്ഷണിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഖ്യമന്ത്രിയെയും മന്ത്രി മുഹമ്മദ് റിയാസിനെയും ആക്ഷേപിക്കുന്ന വിധത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
മന്ത്രിയുടെ പേരില്ലാത്തത് ഒരു പ്രശ്‌നമാണെങ്കില്‍ ആയിക്കോട്ടെയെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ മുഖ്യമന്ത്രിയെ ക്ഷണിച്ചു. മുഖ്യമന്ത്രിക്കൊപ്പം മരുമകനെയും കുടുംബത്തെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.
ആര് ഒപ്പം വരണമെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതിലെ പ്രശ്‌നമെന്താണ് എന്ന് മനസിലാകുന്നില്ല. തെരഞ്ഞെടുപ്പിന് ഇനി മുപ്പത് ദിവസമാണുള്ളത്. വിവാദം തിരഞ്ഞ് നടക്കുന്നവരാണ് സിപിഐഎം. മുപ്പത് ദിവസം കഴിയുമ്പോള്‍ റിയാസ് മന്ത്രിയാകില്ലെന്നും പിണറായി വിജയന്‍ മുഖ്യമന്ത്രിയാകില്ലെന്നും അവര്‍ക്കറിയാം. എങ്ങനെയെങ്കിലും ഒരു വിവാദം ഉണ്ടാക്കണം. അതാണ് അവരുടെ ലക്ഷ്യം. അതിന് മാധ്യമ സുഹൃത്തുക്കള്‍ പങ്കാളിയാകേണ്ടതില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ന്റെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതാണ് വിവാദമായത്. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഹര്‍ദീപ് സിങ് പുരി, പ്രഹ്ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാന്‍, അജയ് തംത, ഹര്‍ഷ് മല്‍ഹോത്ര, കമലേഷ് പസ്വാന്‍, ഡോ. ചന്ദ്രശേഖര്‍ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്നീത് സിംഗ്, ജോര്‍ജ് കുര്യന്‍ എന്നിവരും സംസ്ഥാന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, എം ബി രാജേഷ് എന്നിവര്‍ക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, ഉമ തോമസ് എംഎല്‍എ എന്നിവര്‍ക്കും കൊച്ചിയില്‍ വെച്ച് നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്.മുന്‍ കേന്ദ്രസഹമന്ത്രി എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിര്‍മാണത്തിന്റെ നോഡല്‍ ഏജന്‍സി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്ന് വിമര്‍ശനമുയര്‍ന്നു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി മുഹമ്മദ് റിയാസും രംഗത്തെത്തിയിരുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ടെന്ന് മന്ത്രി പറഞ്ഞു. മുമ്പും പരിപാടിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം സ്റ്റേജിലുണ്ടായിരുന്നു. അന്ന് മന്ത്രിമാർ സദസിലാണ് ഇരുന്നത്. എല്ലാ മന്ത്രിമാരും സ്റ്റേജിൽ കയറി ഇരിക്കണമെന്ന് തങ്ങൾക്കില്ല, അന്ന് അതിനെ തങ്ങളെല്ലാം വിമർശിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണമാകാം ഈ നീക്കമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
എന്ത് കൊണ്ട് കേരളത്തിൽ ബിജെപി വളരുന്നില്ല എന്നതിനുള്ള ലളിതമായ ഉത്തരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. കേരളത്തിലെ ജനങ്ങളുടെ മനസിൽ പോസ്റ്റർ പോലെ പതിഞ്ഞതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത വികസനം. എൽഡിഎഫ് സർക്കാർ എടുത്ത നിലപാടാണ് ഈ പദ്ധതിക്ക് കാരണം. ഉദ്ഘാടന പരിപാടിയിൽ വിളിക്കാതിരുന്നത് കൊണ്ട് ഇല്ലാതാകുന്നല്ല യാഥാർത്ഥ്യം. ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല, അപമാനമാണ്. സംസ്ഥാനത്തെ അപമാനിക്കുന്നതാണ് ഈ നിലപാട്. കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരും ഒന്നിക്കേണ്ട വിഷയമാണിത്. പദ്ധതിക്കായി ആരാണ് ഇടപെട്ടതെന്ന് ജനങ്ങൾക്ക് അറിയാമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി.
Content Highlights: Rajeev Chandrasekhar raised a query regarding the official directive about the Chief Minister inviting his son-in-law and family, highlighting the issue in the public domain and media reports in Kerala