

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും ഡിസംബറിന് മുൻപായി കോട്ടയത്തെ ആകാശപാത ജനങ്ങൾക്ക് സമർപ്പിക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. കോട്ടയത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു ആകാശപാത പൂർത്തിയാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകിയത്. യുഡിഎഫിന്റെ ലക്ഷ്യമാണ് ആകാശപാത പൂർത്തീകരണം. വിവിധ സർക്കാർ വിഭാഗങ്ങളുടെ പിന്തുണ അതിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോളുള്ള ടവറിന്റെ മുകളിൽ ഗാന്ധിമണ്ഡപം സ്ഥാപിക്കും. അതിന്റെ മുകളിൽ നിന്നാൽ കോട്ടയം മുഴുവൻ കാണാനാകും. 15 കൊല്ലം മുൻപത്തെ പദ്ധതി ആയതിനാൽ നിലവിൽ അത് പുതുക്കേണ്ടതുണ്ടെന്നും നഗരം മുഴുവൻ കാണത്തക്ക വിധത്തിൽ ആകാശപാത പൂർത്തീകരിക്കുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
2015ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോഴാണ് ആകാശപാത നിർമാണം തുടങ്ങിയത്. ശീമാട്ടി റൗണ്ട്എബൗട്ടിലായിരുന്നു ആകാശപാത നിർമാണം ആരംഭിച്ചത്. കിറ്റോകോയ്‌ക്കായിരുന്നു നിർമാണ ചുമതല. എന്നാൽ സർക്കാർ മാറിയതോടെ കിറ്റോകോയ്‌ക്കുള്ള ഫണ്ട് കുടിശ്ശികയാകുകയും പദ്ധതി നിലയ്ക്കുകയുമായിരുന്നു.
നിലവിൽ മേൽക്കൂരയും പൈപ്പുകളും മാത്രമാണ് 'ആകാശപാത'യിൽ ഉള്ളത്. 2024ൽ ബലപരിശോധന നടത്തിയപ്പോൾ ഇവയെല്ലാം തുരുമ്പെടുത്തതായും ഉടൻ പൊളിച്ചുനീക്കണമെന്നും വിദഗ്ധ സമിതി നിർദേശിച്ചിരുന്നു. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റെല്ലാ തൂണുകൾക്കും ബലക്ഷയം കണ്ടെത്തിയിരുന്നു. പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ച്ചറൽ എഞ്ചിനീറിങ് സെന്റർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് ബലപരിശോധന നടത്തിയത്.
കോട്ടയത്തെ ഈ ആകാശപാതയുടെ നിർമാണവുമായി മുന്നോട്ടുപോകാനാകില്ലെന്ന് 2024ൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചിരുന്നു. തിരുവഞ്ചൂരിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായിട്ടായിരുന്നു ഗണേഷ് കുമാർ ഇത്തരത്തിൽ പറഞ്ഞത്. നഗരത്തിലെ പ്രധാനഭാഗത്താണ് ആകാശപാത ഉള്ളത്. ഭാവിയിൽ നഗരവികസനം വരുമ്പോൾ പൊളിച്ചുമാറ്റേണ്ടിവരും എന്നതാണ് മന്ത്രി കാരണമായി പറഞ്ഞത്.
Content Highlights: Thiruvanchoor Radhakrishnan stated that the UDF is likely to come to power in the upcoming assembly elections. Speaking to the media in Kottayam, he assured that the Kottayam skywalk would be completed and inaugurated for public use before December