

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ മികച്ച റേറ്റിംഗ് നേടിയ നേതാക്കളില്‍ ഒരാളാണ് അഴീക്കോട് എംഎല്‍എ കെ വി സുമേഷ്. മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ 86.4 റേറ്റിങ്ങോടെ നാലാം സ്ഥാനമാണ് കെ വി സുമേഷ് നേടിയിരിക്കുന്നത്.
2021-ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജിയെ 6,141 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ വി സുമേഷ് പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായി രണ്ട് തവണ കെ എം ഷാജി വിജയിച്ച മണ്ഡലമാണ് സുമേഷ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തത്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ 1 മുതല്‍ 13 വരെ ഡിവിഷനുകളും 54, 55 ഡിവിഷനുകളും അഴീക്കോട്, ചിറക്കല്‍, വളപ്പട്ടണം, പാപ്പിനിശേരി, നാറാത്ത് പഞ്ചായത്തുകളും ഉള്‍പ്പെട്ടതാണ് അഴീക്കോട് നിയമസഭാ മണ്ഡലം.
1977-ല്‍ രൂപീകൃതമായ അഴീക്കോട് മണ്ഡലത്തില്‍ സിപിഐഎമ്മിന്റെ ചടയന്‍ ഗോവിന്ദനായിരുന്നു ആദ്യത്തെ എംഎല്‍എ. പിന്നീട് പി ദേവൂട്ടി, ഇ പി ജയരാജന്‍, ടി കെ ബാലന്‍ ടി കെ ബാലന്‍, എം പ്രകാശന്‍ തുടങ്ങിയവരെയെല്ലാം വിജയിപ്പിച്ച് അഴീക്കോട് ചുവന്നുതന്നെ തുടര്‍ന്നു. എന്നാല്‍ 2011-ലെ തെരഞ്ഞെടുപ്പില്‍ എം പ്രകാശനെ പരാജയപ്പെടുത്തി മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി വിജയിച്ചു.
2016-ല്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാറിനെ മത്സരിപ്പിച്ച് മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കെ എം ഷാജിയെ തന്നെ അഴീക്കോട് വീണ്ടും തെരഞ്ഞെടുക്കുകയായിരുന്നു. 2021-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ വി സുമേഷിനെയാണ് സിപിഐഎം രംഗത്തിറക്കിയത്. ആ ശ്രമം വിജയം കണ്ടു. ആറായിരത്തിലേറെ വോട്ടുകള്‍ക്ക് സുമേഷ് മണ്ഡലത്തില്‍ വിജയിച്ചു. ഇക്കുറിയും അഴീക്കോട് നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുക കെ വി സുമേഷിനെ തന്നെയായിരിക്കും.
Content Highlights: Reporter Online Election Survey ranking of Azheekode MLA K V Sumesh